Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസുഖംമൂടിവെച്ച് ചിരിച്ച മുഖത്തോടെ ജീവിച്ച അബി: കോട്ടയം നസീർ

abi-nazeer

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ അബിയെ അനുസ്മരിച്ച് കോട്ടയം നസീർ. മിമിക്രിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു അബിയെന്ന് കോട്ടയം നസീർ പറഞ്ഞു.

കോട്ടയം നസീറിന്റെ വാക്കുകളിലേക്ക്–

ഞാനെന്ന കലാകാരനെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുകയും എന്റെ കഴിവുകൾ കണ്ടെത്തി പിന്തുണക്കുകയും ചെയ്തിരുന്ന ആളാണ് അബി. ഗുരുവിനേക്കാൾ ഉപരി ജ്യേഷ്ഠസഹോദരൻ. അസുഖമുണ്ടായിരുന്ന സമയത്ത് പോലും വിളിക്കുകയും ആശുപത്രി കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത വലിയ ഷോക്ക് ആയിപ്പോയി.

ഞങ്ങൾക്ക് വളരെ കുറച്ച് പേർക്ക് മാത്രമേ അസുഖത്തിന്റെ കാര്യം അറിയാമായിരുന്നൊള്ളൂ. അദ്ദേഹത്തെ നേരി‍ൽ കാണുന്നവർക്ക് അത് തോന്നുകയില്ല. ഒരിക്കലും അസുഖമുണ്ടെന്ന് അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല, അത് പ്രകടിപ്പിച്ചിരുന്നുമില്ല. ഇതിനിടയിലൊക്കെ അദ്ദേഹം ടിവി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും സമയം കണ്ടെത്തി പങ്കെടുത്തിരുന്നു. അതുകൊണ്ടായിരിക്കാം ഈ വാർത്ത പെട്ടന്ന് കേൾക്കുമ്പോൾ ആളുകൾക്ക് വിശ്വസിക്കാൻ സാധിക്കാത്തത്. അസുഖംമൂടിവെച്ച് ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നത്.

മിമിക്രിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു അബി. അദ്ദേഹം പ്രൊഫഷനൽ കലാകാരനായിരുന്നു. വേദിയിലെ കർട്ടൻ ചുളുങ്ങി ഇടാൻ പോലും അദ്ദേഹം അനുവദിക്കില്ലായിരുന്നു.  ഞാനൊക്കെ മിമിക്രി തുടങ്ങുമ്പോൾ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. കൊച്ചിൻ ഓസ്കർ എന്ന ട്രൂപ്പിൽ എനിക്ക് അവസരം കിട്ടുകയും, സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതും അബി ഇക്ക വഴിയാണ്.