Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഈ.മ.യൗ’ പ്രീമിയർ ഷോ; വിഡിയോ

ee-ma-yau-video

ഡബിള്‍ ബാരൽ, ആമേൻ, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ പ്രീമിയർ ഷോ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. മലയാളസിനിമയിലെ പ്രമുഖതാരങ്ങൾ ഉൾപ്പടെയുള്ളവർ പ്രിവ്യു ഷോയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കമൽ, സിബി മലയിൽ, ലാൽ ജോസ്, മഞ്ജു വാരിയർ, ഗീതു മോഹൻദാസ്, രാഹുൽ സുബ്രഹ്മണ്യൻ, അനു മോൾ, വിജയ് ബാബു, ജോജു തുടങ്ങി മലയാളസിനിമയിലെ നിരവധി താരങ്ങൾ ചടങ്ങിനെത്തി.

Ee Ma Yau Premiere Show Response | Lijo Jose Pellissery

മലയാളസിനിമയിൽ ഇത്രയധികം താരസാനിധ്യം നിറഞ്ഞ പ്രീമിയർ ഷോ ഇതാദ്യമായിരുന്നു.  ബോളിവുഡിൽ നടക്കുന്നതിന് സമാനമായ റെഡ് കാർപ്പറ്റും ലൈവ് കവറേജും ഉൾപ്പെടുത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷം സിനിമയെക്കുറിച്ച് എല്ലാവരും മികച്ച അഭിപ്രായം പറയുകയുണ്ടായി.

മഞ്ജു വാരിയർ- ലിജോ ജോസ് ചിത്രങ്ങൾ എന്നും അത്ഭുതപ്പെടുത്തിയിട്ടേയൊള്ളൂ. പ്രമേയങ്ങളുടെ പ്രത്യേകതകൊണ്ടാണെങ്കിലും ചിത്രീകരണരീതി കൊണ്ടാണെങ്കിലും പുതുമുഖങ്ങളെക്കൊണ്ട് പോലും അത്ഭുതങ്ങൾ കാഴ്ചവച്ച സംവിധായകൻ. ഈ.മ.യൗ അതുപോലെ തന്നെയൊരു അനുഭവമാണ് എനിക്ക് തന്നത്. 

സിനിമ കണ്ട് കുറച്ച് കഴിയുമ്പോൾ അവർ കഥാപാത്രങ്ങളാണെന്ന് മറന്നുപോകും അവരോടൊപ്പം നമ്മളെയും കൊണ്ടുപോകുന്ന പ്രതീതിയാണ് എനിക്ക് ഉണ്ടായത്. എല്ലാ മലയാളികളും ഈ അനുഭവം കണ്ടറിയണം. ചെമ്പൻ, പോത്തൻ, മോളി ചേച്ചി എല്ലാവരും മികച്ച രീതിയിൽ അഭിനയിച്ചു. 

ഗീതു മോഹൻദാസ്- ബഡ്ജറ്റു കൂടുതൽ മെച്ചപ്പെടുമ്പോൾ സിനിമ വ്യത്യസ്തമാകുന്നുവെന്ന അഭിപ്രായത്തെ തിരുത്തി കുറിക്കുന്ന സിനിമ. ഈ ചിത്രം നിങ്ങളുടെ ഹൃദയത്തോട് ചേർന്ന് നില്‍ക്കും. പ്രാദേശിക, ഭാഷ, സാംസ്കാരിക അതിർത്തികളെ മറികടക്കുന്ന സിനിമ.  കഥകളെ പിന്തുണയ്ക്കുന്ന കഥാപാത്രങ്ങളും സിനിമാട്ടോഗ്രാഫിയും കാണുന്നത് സന്തോഷം തന്നെയാണ്. 

സിബി മലയിൽ–സിനിമയെ നമ്മൾ എങ്ങനെ മനസ്സിലാക്കണമെന്ന് കാണിച്ചു തരുന്ന ചിത്രമാണ് ഈ.മ.യൗ. ഇതുപോലൊരു അനുഭവം മലയാളസിനിമയിൽ ആദ്യമാകും.

കമൽ– വളരെ സ്വാഭാവികത നിറഞ്ഞ സംവിധായകന്റെ കയ്യൊപ്പുള്ള സിനിമ. കഥാപാത്രങ്ങളെല്ലാം അതിഗംഭീരമായി അഭിനയിച്ചിരിക്കുന്നു. വ്യത്യസ്തമാണെന്ന് മാത്രമല്ല ഇന്നത്തെ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമായ സിനിമ. രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള മേക്കിങ് ആണ് സിനിമയുടേത്. സാങ്കേതികമായും ഏറെ മുന്നിട്ട് നിൽക്കുന്നു.

ദിലീഷ് പോത്തൻ– ലിജോ എന്ത് പറയുന്നോ അത് ചെയ്യുക എന്നത് മാത്രമാണ് ഈ സിനിമയിൽ ഞാൻ െചയ്തിട്ടുള്ളത്. മാത്യൂസ് സാറിന്റെ തിരക്കഥയും ലിജോയുടെ സംവിധാനശൈലിയും ഈ മ യൗവിനെ അതിമനോഹരമാക്കുന്നു. കൂടുതലും ദൈർഘ്യമേറിയ ഷോട്ടുകളാണ്. അതുകൊണ്ട് തന്നെ നല്ല പോലെ അഭിനയിക്കാനും സാധിച്ചു.

സുജിത്ത് വാസുദേവ്– എല്ലാ അർത്ഥത്തിലും മികച്ച സിനിമ. ശക്തമായ രാഷ്ട്രീയസിനിമ കൂടിയായ ഈ മ യൗ ലിജോ ജോസ് ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച വർക്ക് ആണ്.

നിമിഷ സജയൻ– ഈ സിനിമയിൽ ഒരാളെപ്പോലെയാണ് എനിക്ക് തോന്നിയത്. ലിജോ ചേട്ടനെക്കുറിച്ച് പറയാൻ ഞാൻ ആളല്ല. എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് ഈ മ യൗ.

വിജയ് യേശുദാസ്–എപ്പോഴും പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. അദ്ദേഹത്തിന്റെ മുൻസിനിമകൾ പോലെ ഈ സിനിമയിലെ കഥാപാത്രങ്ങളും നമ്മളെ പിന്തുടരും. ചിന്തിക്കാൻപോലും സാധിക്കാത്ത ഷോട്ടുകൾ സിനിമയിലുണ്ട്.