Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേഷം തരാമെന്ന് പറഞ്ഞ് പലരും അബിയെ പറ്റിച്ചിരുന്നു: ഒമർ

abi-omar

ഞെട്ടലോടെയാണ് അബിയുടെ മരണം സിനിമാലോകം കേട്ടത്. പ്രിയതാരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖരെത്തി. വളരെ ചുരുക്കം സിനിമകളില്‍ അഭിനയിച്ച അബിയുടെ പുതിയ സിനിമകളിലൊന്നായിരുന്നു ഹാപ്പി വെഡ്ഡിങ്. ഹാപ്പി വെഡ്ഡിംഗില്‍ അബിയ്ക്ക് ഒരു വേഷമുണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി കളിയാക്കാന്‍ വിളിച്ചതാണോ എന്നായിരുന്നുവെന്ന് സംവിധായകൻ ഒമർ ലുലു. കാര്യം തിരക്കിയപ്പോള്‍ ലഭിച്ച മറുപടി പലപും വേഷമുണ്ടെന്ന് പറഞ്ഞ് വിളിച്ച് പറ്റിക്കാറുണ്ടെന്നും പിന്നീട് അവരുടെയൊന്നും വിവരമൊന്നുമില്ലെന്നുമായിരുന്നുവെന്ന് ഒമര്‍ ഓര്‍ത്തെടുത്തു.

ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ–

ഇന്ന് രാവിലെ അബീക്കയുടെ മരണവാര്‍ത്ത കണ്ടപ്പോള്‍ ഒരുപാട് വിഷമമായി സ്‌കൂള്‍ പഠനകാലത്ത് ഒരുപാട് കണ്ടാസ്വദിച്ച പ്രകടനമാണ് കലാഭവന്റെ മിമിക്രി കാസറ്റുകളില്‍ വരാറുണ്ടായിരുന്ന അബീക്കയുടെ സ്‌കിറ്റുകള്‍.. പഠിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ആമിനത്താത്തയെ പല അവസരങ്ങളിലും ഞാന്‍ അനുകരിക്കാറുണ്ടായിരുന്നു..

ചുരുക്കി പറഞ്ഞാല്‍ അബീക്കാടെ ഒരു കട്ട ഫാനായിരുന്നു അതുകൊണ്ടൊക്കെ തന്നെ ‘ഹാപ്പി വെഡ്ഡിങ്ങ് ‘ എന്ന എന്റെ ആദ്യ ചിത്രത്തില്‍ അബിക്കയ്ക്ക് ഒരു വേഷം കൊടുക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു, അങ്ങനെ അതിലെ ഹാപ്പി എന്ന പോലീസ് ക്യാരക്റ്റര്‍ ചെയ്യാനായി ഞാന്‍ അഭിക്കയെ വിളിച്ചു, ഈ കാര്യം പറഞ്ഞ ഉടനെ ഇക്ക ചോദിച്ചത് ‘എന്നെ കളിയാക്കാന്‍ വേണ്ടി വിളിച്ചതാണൊ?’ എന്നാണ്.. എന്താണിക്ക ഇങ്ങനെ ചോദിക്കുന്നത് എന്ന് ചോദിച്ചപ്പൊ ‘ പലരും റോളുണ്ടെന്ന് പറഞ്ഞ് വിളിക്കും, പിന്നെ അവരുടെ യാതൊരു അഡ്രസ്സും ഉണ്ടാവാറില്ല ‘ എന്ന് അബീക്ക പറഞ്ഞു.

പലരും ആ കലാകാരനോട് കാണിച്ച നീതികേട് മുഴുവന്‍ ആ വാക്കുകളിലുണ്ടായിരുന്നു. ഹാപ്പി വെഡ്ഡിങ്ങ് കഴിഞ്ഞ് അദ്ദേഹത്തിന് പല പടങ്ങളിലും അവസരം കിട്ടിയിരുന്നു, എന്നാല്‍ ചില ആരോഗ്യ പ്രശ്‌നം ഉള്ളത് കൊണ്ട് പോവാന്‍ പറ്റിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും ആരോഗ്യത്തോടെ നില്‍ക്കുന്ന ഈ മനുഷ്യന് എന്ത് പ്രശ്‌നമാണെന്ന് അന്ന് ചിന്തിച്ചിരുന്നു.

പിന്നീട് പലപ്പോഴും അബീക്ക വിളിച്ചത് അദ്ദേഹത്തിന്റെ മനസ്സിലുള്ള ഒരു കഥ പറയുവാന്‍ വേണ്ടിയാണ്, ആ കഥ എന്ത് കൊണ്ട് ഇക്കയ്ക്ക് തന്നെ ചെയ്തു കൂടാ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ,ഒമറ് ചെയ്താല്‍ കുറച്ചൂടെ നന്നാവുമെന്നും ശ്രദ്ധിക്കപ്പെടുമെന്നും അബീക്ക പറഞ്ഞത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായ് ഞാന്‍ കാണുന്നു. വിദേശത്ത് ജോലി ചെയ്യുന്ന മകന്‍ ,നാട്ടില്‍ രോഗാവസ്ഥയില്‍ കഴിയുന്ന അച്ഛന്റെ കൂടെ സമയം ചിലവഴിക്കാന്‍ വരുന്നതും, മകനോടൊത്ത് ചിലവഴിക്കുന്ന നിമിഷങ്ങള്‍ ആ അച്ഛന്റെ രോഗാവസ്ഥയില്‍ മാറ്റമുണ്ടാക്കുന്നതും, മകന്‍ തിരികെ മടങ്ങുന്നതുമാണ് കഥാതന്തു.

കഥയുടെ ക്ലൈമാക്‌സ് ഒന്ന് മാറ്റിപ്പിടിച്ചാല്‍ നന്നായിരിക്കും എന്ന് ഞാന്‍ ഇക്കയോട് ഒരഭിപ്രായം പറഞ്ഞു. മാറ്റിയിട്ട് ഒമറിനെ വിളിക്കാമെന്ന് അബീക്ക പറഞ്ഞു. അതിന് ശേഷം കമ്മിറ്റ് ചെയ്ത മറ്റ് പ്രൊജക്റ്റുകളില്‍ ഞാനും അബീക്കയും തിരക്കിലായി……… ആ കഥ ,അതിന്റെ മാറ്റിയെഴുതപ്പെട്ട ക്ലൈമാക്‌സ്…. ഒരു വലിയ വേദനയായ് അബീക്ക മാറുന്നു….ഷെയ്‌നിലൂടെ തനിക്ക് നേടാന്‍ കഴിയാതെ പോയ അംഗീകാരം ലഭിക്കട്ടെ. എന്നും എന്റെ മനസ്സില്‍ അബീക്ക ഉണ്ടാവും Love you Abikka??