Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അനിയത്തി പ്രാവ് കണ്ടത് ഏഴാം ക്ലാസിൽവെച്ച്’

chakochan-nivin

ഇന്നത്തെ തലമുറയെ ഒരുപാട് സ്വാധീനിച്ച സിനിമയാണ് പ്രേമം. അതുപോലെ നിവിൻ പോളിയുടെ ചെറുപ്പത്തിലും താരത്തെ സ്വാധീനിച്ച പ്രണയസിനിമയുണ്ട്. ഫാസിൽ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ–ശാലിനി ജോഡികൾ അഭിനയിച്ച എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം അനിയത്തി പ്രാവ്.

‘ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അനിയത്തിപ്രാവ് റിലീസ് ആകുന്നത്. തിയറ്ററിൽ ഞാൻ പോയി കാണുന്ന ഏറ്റവും വലിയ പ്രണയചിത്രവും അനിയത്തിപ്രാവ് തന്നെ. അതിന് ശേഷം വീണ്ടും ചാക്കോച്ചന്റെ മറ്റൊരു ചിത്രമെത്തി നിറം. അതും വലിയ ഹിറ്റ് ആയിരുന്നു.–നിവിൻ പോളി പറഞ്ഞു.

‘ആലുവയിലാണ് ഞാൻ വളർന്നത്. അവിടെ രണ്ട് തിയറ്ററുകളുണ്ടായിരുന്നു. മാതാ മാധുര്യം, സീനത്ത്. എന്റെ ബന്ധുക്കൾ ചാലക്കുടിയിൽ ഉണ്ടായിരുന്നതിനാൽ അവിടെയും തിയറ്ററുകളില്‍ പോയി സിനിമ കാണുമായിരുന്നു. എന്റെ ആദ്യ സിനിമയ്ക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചവരെല്ലാം അതേ സിനിമയുടെ പോസ്റ്ററിന് മുന്നിൽ പോയി ഫോട്ടോ എടുത്തിരുന്നു. എന്നാൽ ഒരു സിനിമയുടെ റിലീസ് സമയത്ത് തിയറ്ററിന് മുന്നിൽ എന്റെയൊരു വലിയ കട്ടൗട്ട് കാണുകയെന്നതായിരുന്നു അന്നത്തെ വലിയ സ്വപ്നം. നേരം സിനിമയുടെ സമയത്ത് അത് സംഭവിച്ചു.’–നിവിൻ പറഞ്ഞു.

പുതിയ ചിത്രം റിച്ചിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു നിവിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 

‘തമിഴിൽ നിരവധി തിരക്കഥകൾ വായിക്കുകയുണ്ടായി. എന്നാൽ ഒന്നും തന്നെ എന്നെ ആവേശംകൊള്ളിച്ചില്ല.  എന്നാൽ ഉളിദവരു കണ്ടാന്റെ എന്ന സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. രക്ഷിത് ഷെട്ടി ചെയ്തത് അനുകരിക്കാനല്ല ശ്രമിച്ചത്. ഞാൻ എന്റേതായ രീതിയിൽ അഭിനയിച്ചു. മാത്രമല്ല കന്നഡ ചിത്രത്തേക്കാൾ ഇതിന് വ്യത്യാസമുണ്ട്.

വ്യത്യസ്തങ്ങളായ സിനിമകളിൽ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. തമിഴ് ഇൻഡസ്ട്രി വലുതാണ്. വളരെ കളർഫുളും പുറത്തുനിന്നുവരുന്നവരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരുമാണ് ഇവിടെ. സിനിമയാണ് ഇവരുടെ ജീവവായു. ചെന്നൈയിൽ വന്നിറങ്ങുമ്പോൾ എനിക്ക് തന്നെ ഒരു പോസിറ്റീവ് എനർജി അനുഭവപ്പെടും.

റിച്ചിയുടെ ഡബ്ബിങ് ആയിരുന്നു കഠിനം. കൃത്യമായ ഉച്ചാരണം ആവശ്യമാണ്. സിനിമ ഷൂട്ട് ചെയ്യാൻ 28 ദിവസമേ എടുത്തൊള്ളു. എന്നാൽ ഡബ്ബിങിന് 55 ദിവസം വേണ്ടി വന്നു.’–നിവിൻ പറഞ്ഞു.