Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൊക്കേഷനിൽ ആക്രമണം; പ്രതി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

kuttandan

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘കുട്ടനാടൻ മാർപ്പാപ്പ’ എന്ന സിനിമയുടെ ലൊക്കേഷനിൽ ആക്രമണം നടത്തിയ പ്രതി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഭിലാഷ് എന്ന യുവാവ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജയിലിനുള്ളിൽവച്ച് ഭിത്തിയിൽ തല ഇടിച്ചായിരുന്നു ആത്മഹത്യാശ്രമം.

തുടർന്ന് അഭിലാഷിനെ ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്ക് സാരമായ പരുക്കുകൾ ഉണ്ട്. സെറ്റില്‍ ആക്രമണം  നടത്തിയ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. 

ആലപ്പുഴ കൈനകരിയിൽ രാത്രി വൈകിയും ചിത്രീകരണം നടക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണം നടക്കുമ്പോൾ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉൾപ്പടെ നാനൂറിലേറെപ്പേർ സെറ്റിൽ ഉണ്ടായിരുന്നു. ആക്രമണത്തിൽ നിർമാണ സാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതുമൂലം ചിത്രീകരണം നിർത്തിവെച്ചിരുന്നു.

ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സലിംകുമാർ സംവിധാനം ചെയ്ത കറുത്ത ജൂതന്റെ ഛായാഗ്രാഹകനായിരുന്നു ശ്രീജിത്ത്. അലമാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് കുഞ്ചാക്കോ ബോബന്റെ നായികയാകുന്നത്. മലയാളം മൂവീസ് മേക്കേഴ്‌സിന്റെ ബാനറിൽ ഹസീബ് ഹനീഫ് ആണ് നിർമാണം.