Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയില്‍ ഷൂട്ടിങ്ങിനെത്തിയ പ്രമുഖ നടന് ആരാധകരിൽ നിന്നേറ്റതു കടി

location-attack

ആലപ്പുഴ ∙ മക്മൽബഫ്, മണിരത്നം, സന്തോഷ് ശിവൻ തുടങ്ങി ഹോളിവുഡും ബോളിവുഡും മുതൽ മലയാളത്തിലെ പ്രമുഖ സംവിധായകർ വരെ പലവട്ടം തേടിയെത്തിയിട്ടുണ്ടു കുട്ടനാടിന്റെ സൗന്ദര്യത്തെ. പക്ഷേ, കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായതുപോലെ ആക്രമണം ഇതുവരെ ഇവിടെ കേട്ടുകേൾവിപോലുമുണ്ടായിരുന്നില്ല.

ഭയാശങ്കകൾ കൂടാതെ സ്വസ്ഥമായി ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിയിൽ സിനിമയെടുക്കാമെന്ന ഉറപ്പിനു സാമൂഹികവിരുദ്ധരുടെ അക്രമം പോറലേൽപ്പിക്കരുതെന്നു സിനിമാ പ്രവർത്തകർ പറയുന്നു. ആലപ്പുഴയിൽ ഗുണ്ടാ ആക്രമണങ്ങൾ പതിവല്ലെങ്കിലും ആലപ്പുഴയിലെത്തുന്ന സിനിമക്കാർ ഭയക്കുന്ന ചിലതു കുറച്ചുനാളായി ഇവിടെയുണ്ട്.

സംവിധായകൻ മുതൽ ജൂനിയർ ആർട്ടിസ്റ്റ് വരെ

‘ഇതൊരു ടിവി പരിപാടിയാണ്, ഇതിൽ നിങ്ങളുടെ ജൂനിയർ ആർടിസ്റ്റുകൾക്കു നൽകാൻ പറ്റിയ റോളുകളില്ല–’ കൊടിയും പിടിച്ച് ഒരുകൂട്ടം ആളുകളുമായി മുഹമ്മയ്ക്കു സമീപമുള്ള ഷൂട്ടിങ് ലൊക്കേഷനിലെത്തിയ പ്രാദേശ‍ിക തൊഴിലാളി സംഘടനാ നേതാവിനോടു പ്രമുഖ ഹിന്ദി ചാനലിനു വേണ്ടി സെലിബ്രിറ്റികളുടെ റിയാലിറ്റി ഷോ ഒരുക്കാനെത്തിയ സംവിധായകൻ പറഞ്ഞു.

‘അതിനു ഞങ്ങൾക്കു ജൂനിയർ ആർട്ടിസ്റ്റു മാത്രമല്ല, നിങ്ങൾക്കുവേണമെങ്കിൽ സംവിധായകൻ മുതൽ ജൂനിയർ ആർട്ടിസ്റ്റ് വരെ ഏതു വിഭാഗത്തിലേക്കും ആളെത്തരാം. പക്ഷേ, ഞങ്ങളുടെ ആളെ ജോലിക്കെടുത്തേ ഇവിടെ ഷൂട്ടിങ് നടത്താൻ സമ്മതിക്കൂ– തൊഴിലാളി നേതാവ് കട്ടായം പറഞ്ഞു.

സംവിധായകന്റെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ മലയാളിയായ പ്രൊഡക്‌ഷൻ കൺട്രോളർ ഒരു ഉപാധി വച്ചു– ‘മറ്റാർക്കും ജോലി കൊടുക്കാനില്ല. ജോലി വേണമെന്നുണ്ടെങ്കിൽ തൊഴിലാളി നേതാവ് എന്നോടൊപ്പം പ്രൊഡക്‌ഷൻ സഹായിയായി നിന്നോളൂ.’ ആവശ്യം നടന്നില്ലെങ്കിലും സമരം നടത്തിയതിന്റെ ഒത്തുതീർപ്പായതിനാൽ നേതാവ് പണി ഏറ്റെടുത്തു. രണ്ടേരണ്ടു ദിവസം. മൂന്നാം നാൾ തൊഴിലാളി നേതാവ് ജോലിക്കെത്തിയില്ല.

അന്വേഷിച്ചപ്പോഴറിഞ്ഞു, ജോലി ചെയ്തതിന്റെ ക്ഷീണം കാരണം വിശ്രമമാണത്രേ.ആലപ്പുഴയിലെ മിക്കവാറും എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും ഇത്തരത്തിൽ പ്രാദേശികതാ വാദം പറഞ്ഞെത്തുന്നവരുണ്ടെന്നു സംവിധായകരും നിർമാതാക്കളും പറയുന്നു. പ്രാദേശിക തൊഴിലാളികൾക്കു കൊടുക്കാവുന്ന ജോലികൾ പല ലൊക്കേഷനിലും കാണില്ലെന്നതിനാൽ അവസാനം നാട്ടുകാരുമായി വഴക്കുണ്ടാക്കേണ്ടി വരും.അടുത്തകാലത്തു പുളിങ്കുന്നിൽ നടന്ന ഒരു പരസ്യചിത്രീകരണത്തിനിടയിലെ സംഭവംകൂടി: ഒരു വള്ളത്തിലാണു ഷൂട്ടിങ്. വള്ളത്തിൽ ഇരുന്നു പോകുന്നവരായി അഞ്ചു പേരെ വേണം. നാട്ടുകാരായ അഞ്ചുപേരോടു വള്ളത്തിൽ കയറാൻ പറഞ്ഞു. 

ഒരു ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞു പോകുന്നതിനു മുൻപ് അഞ്ചു പേർക്കും നിർമാതാവ് കൂലി കൊടുക്കാനൊരുങ്ങുമ്പോൾ അവർ സംഘടിതമായി പറ‍ഞ്ഞു– അഞ്ചു പേർക്കോ? ഞങ്ങൾ ഒൻപതു പേരുണ്ടായിരുന്നു. എല്ലാവർക്കും കൂലി തന്നില്ലെങ്കിൽ ഇവിടെനിന്ന് ആരും പോകില്ല.’കരയിൽ ഷൂട്ടിങ് കാണാൻ ജോലി കളഞ്ഞു വന്നുനിന്ന നാലു പേർക്കുള്ള കൂലിയാണു സ്നേഹിതർ ചോദിച്ചു വാങ്ങിയത്.

നിങ്ങൾക്കറിയോ? അവരെന്നെ കടിച്ചു

കുറച്ചുനാൾ മുൻപ് ആലപ്പുഴയിൽ ഷൂട്ടിങ്ങിനെത്തിയ പ്രമുഖ നടന് ആരാധകരിൽ നിന്നേറ്റതു കടിയാണ്. ആരാധകരോടു ദേഷ്യപ്പെടാൻ കഴിയാത്തതിനാൽ വേദന കടിച്ചമർത്തി പിന്നീട് ആരാധകരിൽ നിന്ന് അകലം പാലിച്ചു നടക്കുകയായിരുന്നു നടൻ. ഷൂട്ടിങ് ലൊക്കേഷനിലെത്തുന്ന ആരാധകർക്കു താരങ്ങളെ അടുത്തുകാണാനും തൊടാനുമൊക്കെയാണ് ആഗ്രഹം. എന്നാൽ, ജനങ്ങളുടെ സ്വഭാവം പലവിധമായതിനാൽ പലരും അകലെ നിന്നു കൈകാണിച്ചു മാറിയിരിക്കുകയേയുള്ളൂ. 

ജാടയെന്നു പലരും തെറ്റിദ്ധരിക്കുമെങ്കിലും ആരാധകരോട് അടുക്കാൻപോയാൽ അനുഭവിക്കേണ്ടി വരുന്ന ‘ഉപദ്രവം’ ഭയന്നാണു തങ്ങൾ മാറിയിരിക്കുന്നതെന്നു ഒരു നടൻ പറഞ്ഞു. ചിലർ കെട്ടിപ്പിടിക്കും. അതിനിടയിൽ കവിളത്തും ശരീരത്തിന്റെ പലഭാഗങ്ങളിലും നുള്ളിയും പിച്ചിയും നോക്കും. ഉമ്മവയ്ക്കും, കടിക്കും.മദ്യപിച്ചെത്തുന്നവരാണെങ്കിൽ അക്രമം കൂടുതലായിരിക്കുമെന്നും നടീ നടൻമാർ പറയുന്നു. സ്ത്രീകളെ നിയന്ത്രിക്കുന്നതും പ്രയാസമാണ്. പ്രിയതാരങ്ങളെക്കണ്ടാൽ അവർ എങ്ങനെയൊക്കെയാണു സ്നേഹം പ്രകടിപ്പിക്കുന്ന് ഊഹിക്കാൻ പോലും കഴിയില്ലത്രേ.

അക്രമം നടത്തുന്നവരോടു പ്രതികരിക്കുകയോ നടീ‍നടന്മാരുടെ അടുത്തേക്കു വിടാതിരിക്കുകയോ ചെയ്താൽ എല്ലാവരും ആദ്യം ചോദിക്കുന്ന ചോദ്യം ഇതാണ്– ഞങ്ങൾ പൈസകൊടുത്തു ടിക്കറ്റെടുക്കുന്നതുകൊണ്ടല്ലേ നിങ്ങൾ സിനിമയിൽ അഭിനയിക്കുന്നത്....!’

എന്റെ മൂന്നു ചിത്രങ്ങൾ ആലപ്പുഴയിലും കുട്ടനാട്ടിലുമായി ചിത്രീകരിച്ചിട്ടുണ്ട്. ഇവിടുത്തെ നാട്ടുകാരും ഷ‍ൂട്ടിങ് കാണാനെത്തുന്നവരും മാന്യമായാണു പ്രതികരിച്ചിട്ടുള്ളത്. ആളുകൾ നന്നായി സഹകരിക്കും.

 

- എം.എ.നിഷാദ് (സംവിധായകൻ)