Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർസ്റ്റാറുകൾക്ക് സാമൂഹികപ്രതിബദ്ധത വേണ്ടേ?; രേവതി

revathy-parvathy

കസബയെയും മമ്മൂട്ടിയെയും വിമർശിച്ച പാർവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. മലയാളത്തിലെ ചില സംവിധായകരും നടിക്കെതിരെ രംഗത്തെത്തി. ഇപ്പോഴിതാ ഈ വിഷയത്തിൽ പാർവതിയെ അനുകൂലിച്ച് നടിയും സംവിധായികയുമായ രേവതി. ആർക്കും എന്തും പറയാനുള്ള വേദിയായി സമൂഹമാധ്യമങ്ങൾ മാറിയിരിക്കുകയാണെന്നും സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു തെല്ലും വില കൽപ്പിക്കപ്പെടുന്നില്ലെന്നും രേവതി പറയുന്നു.

രേവതിയുടെ വാക്കുകളിലേക്ക്–

അടുത്തിടെ നടന്ന ഒരു സംഭവമാണ് ഈ കുറിപ്പെഴുതാൻ കാരണം. നിങ്ങൾക്കറിയാവുന്നതുപോലെ, അധികം എഴുതാത്തൊരു ആളാണു ഞാൻ. പക്ഷേ ഇതെഴുതേണ്ടത് അവശ്യമെന്നു തോന്നി. സിനിമയിലെ വനിതാ പ്രവർത്തകരുടെ സുരക്ഷയ്ക്കായി തുടങ്ങിയ ഡബ്ല്യൂസിസി എന്ന സംഘടനയിലെ അംഗമാണു ഞാനും. മലയാള സിനിമയില്‍ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അന്തസ്സും അഭിമാനവും സുരക്ഷിതമാക്കാനായി തുടങ്ങിയ ഈ സംഘടനയെ പിന്തുണയ്ക്കുന്നവരും വിമർശകരും ഉണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ഇത് നിലനിൽപ്പിന് ആവശ്യമാണെന്നു സംഘടനയുടെ പ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾ മനസിലാക്കുന്നു.

ഇത്തവണത്തെ ഐഎഫ്ഫ്കെയിൽ ഡബ്ല്യൂസിസിയുടെ സ്റ്റോള്‍ ഉദ്ഘാടനം ചെയ്തതു പ്രശസ്ത സംവിധായിക അപര്‍ണ സെൻ ആണ്. അന്നേ ദിവസം തന്നെ ഞങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് നടി പാർവതി പുറത്തിറക്കി.

കുറച്ച് ദിവസങ്ങൾക്ക് അവിടെ വച്ചു നടന്ന ഓപ്പൺഫോറത്തിൽ കസബ എന്ന സിനിമയിലെ മോശം ചില സംഭാഷണങ്ങളെക്കുറിച്ച് തന്റെ അഭിപ്രായം പാർവതി വ്യക്തമാക്കിയിരുന്നു. ഒട്ടേറെ ആരാധകരുള്ള സൂപ്പർതാരങ്ങളുടെ സിനിമയിലെ മോശം രംഗങ്ങളും സംഭാഷണങ്ങളും സിനിമ കാണുന്ന പ്രേക്ഷകരുടെ ചിന്താഗതിയെ തന്നെ ബാധിക്കുമെന്നും പാര്‍വതി പറയുകയുണ്ടായി.

നടന്മാരിലെ സൂപ്പർതാരങ്ങൾക്ക് അവരുടെ ആരാധകരുടെ ചിന്താതലങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നും അതുകൊണ്ട് മോശമായ വാക്കുകള്‍ പറയുകയോ അതിർവരമ്പുകൾ ലംഘിക്കുന്ന രംഗങ്ങളിൽ സൂപ്പർതാരങ്ങൾ അഭിനയിക്കുകയോ ചെയ്യരുതെന്നും പാർവതി ആവശ്യപ്പെടുകയുണ്ടായി. താരങ്ങൾ ഇപ്പോൾ തന്നെ സാമൂഹിക മാന്യതയുടെ  അതിർവരമ്പുകൾ ഭേദിച്ചെന്നും അതിന്റെ ഫലം അനുഭവിക്കുന്നത് ഇന്നത്തെ സമൂഹത്തിലെ പെൺകുട്ടികളും സ്ത്രീകളുമാണെന്നുമാണ് പാർവതി പറഞ്ഞത്.

പാർവതിയുടെ ഈ അഭിപ്രായം വലിയ വാർത്തയായതിനെത്തുടർന്ന് തികച്ചും മോശമായും സഭ്യതയുടെ സ്പർശമില്ലാത്ത തരംതാണ രീതിയിൽ പാർവതിയെ ട്രോളാനും വ്യക്തിഹത്യചെയ്യാനും ആളുകൾ മുതിരുന്നുവെന്നതാണ് ഏറ്റവും പരിതാപകരം. സമൂഹമാധ്യമത്തിൽ താരങ്ങളെ വ്യക്തിഹത്യചെയ്യുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്.

മറ്റുരാജ്യങ്ങളിലേക്കാള്‍ വ്യക്തി സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട് എന്ന വസ്തുത അംഗീകരിക്കുമ്പോൾതന്നെ സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു തെല്ലും വില കൽപ്പിക്കപ്പെടുന്നില്ലെന്ന സത്യവും മനസിലാക്കേണ്ടതുണ്ട്. സ്ത്രീ ദൈവങ്ങളെ ഏറ്റവും കൂടുതൽ ആരാധിക്കുന്ന രാജ്യത്തു പോലും സ്ത്രീകളുടെ അഭിപ്രായത്തിനു വിലയില്ലെന്നതു ഖേദകരമാണ്. എന്റെ ഉത്കണ്ഠ നിങ്ങളുമായി പങ്കുവെയ്ക്കണമെന്നു തോന്നി. ഇക്കാര്യത്തിൽ എന്റെ പ്രിയ സുഹൃത്തുക്കളുടെ നിലപാട് അറിയാനും ഞാനാഗ്രഹിക്കുന്നു.

സമൂഹമാധ്യമങ്ങൾ സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാമെന്നിരിക്കേ സത്യം പറഞ്ഞതിന്റെ പേരിൽ ഒരു താരത്തെ ഇങ്ങനെ സമൂഹമാധ്യമങ്ങളിലൂടെ ക്രൂശിക്കുന്നത് എന്തിനാണ്? 

ആർക്കും എന്തും പറയാനുള്ള വേദിയായി സമൂഹമാധ്യമങ്ങൾ മാറിയിരിക്കുന്നുവോ? എന്തു മോശം ഭാഷയും സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കാമെന്നോ? സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത സംസ്കാര ശൂന്യരായവരായി നാം മാറുകയാണോ?

സമൂഹത്തിൽ നിലയും വിലയും നേടിയ താരങ്ങൾക്കു സാമൂഹികപ്രതിബദ്ധത ആവശ്യമില്ലെന്നാണോ നിങ്ങൾ കരുതുന്നത്. സിനിമ വിനോദത്തിനാണെന്നതു സത്യം തന്നെ. പക്ഷേ, എന്തിനാണു സ്ത്രീത്വത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും പാട്ടുകളും? അതോ ഇത്തരം പാട്ടുകളും സംഭാഷണങ്ങളും വിനോദം തന്നെയാണോ?

related stories