Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിലെ കവർച്ചയും കാർത്തിയുടെ ധീരൻ സിനിമയും

theeran-ok

തുടർച്ചയായ ദിവസങ്ങളിൽ തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട്ടുകാരെ അക്രമിച്ച് കവർച്ച നടത്തിയത് ഉത്തരേന്ത്യയിൽ നിന്നുള്ള കുപ്രസിദ്ധ കവർച്ചാസംഘമായ ചൗഹാൻ ഗ്യാങ്ങാണെന്ന് സംശയം. സംഘത്തലവനായ വികാസ് ഗോഡാജി ചൗഹാനെ കണ്ടെത്താൻ പൊലീസ് ശ്രമം ശക്തമാക്കി. ഇയാളെ തേടി പൊലീസ് സംഘം മഹാരാഷ്ട്രയിലെത്തി. 2009ൽ ചൗഹാൻ ഗ്യാങ് തിരുവനന്തപുരം കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നു.

കവർച്ച നടന്ന സ്ഥലങ്ങളും മോഷണരീതിയും പരിശോധിച്ചശേഷം നഗരത്തിലെ പൊലീസുകാർക്ക് ഐജി അയച്ച അടിയന്തര സർക്കുലറിലാണ് ചൗഹാൻ ഗ്യാങ്ങിന്റെ സൂചന നൽകിയിട്ടുള്ളത്. ഇവിടെ നടന്ന കവർച്ചകൾക്കു സമാനമായാണ് തിരുവനന്തപുരത്തു റിപ്പോർട്ട് ചെയ്തിരുന്നത്. ആ സംഭവത്തിലെ പ്രതികൾ മഹാരാഷ്ട്രയിലെ പുണെയിൽനിന്നുള്ളവരാണെന്ന് വ്യക്തമായിരുന്നു. ഇംഗ്ലിഷ്, മലയാളം, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാവീണ്യമുള്ളവരാണു സംഘത്തിലുണ്ടായിരുന്നത്. കാർത്തി നായകനായി എത്തിയ ധീരൻ അധികാരം ഒൻട്ര് എന്ന തമിഴ് ചിത്രവും സമാനമായ പ്രമേയമാണ് ചർച്ച ചെയ്തത്. 

ഈ തമിഴ് ചിത്രമാണു കേരളത്തിലെ സമീപകാല മോഷണങ്ങളുടെ പ്രചോദനമെന്ന തരത്തിലുള്ള ചർച്ചകൾ മുറുകുകയാണ്. എന്നാൽ മോഷണത്തിനായി ഇരകളെ ക്രൂരമായി കൊല ചെയ്യാൻ മടിക്കാത്ത ബാവരിയാ എന്ന മോഷണ സംഘത്തിന്റെ കഥ പറയുന്ന ചിത്രമാണു കാർത്തി നായകനായ ധീരൻ.

യുപിയിലെ ബാവരിയാ എന്ന ലോറി ഗ്യാങിനെ കുടുക്കാൻ തമിഴ്നാട് പൊലീസ് നടത്തിയ ധീരമായ ശ്രമങ്ങളാണു ചിത്രം പറഞ്ഞത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രം തമിഴ്നാട് പൊലീസിന്റെ ഒാപ്പറേഷൻ ബാവരിയ പുനരാവിഷ്കരിക്കുന്നതിൽ വിജയിച്ചുവെന്നാണു അന്നത്തെ പ്രത്യേക പൊലീസ് സംഘത്തിന്റെ തലവനും ഇപ്പോൾ ഡിജിപിയുമായ എസ്.ആർ.ജാങ്കിത് പറഞ്ഞത്.   

1995 മുതൽ 2005 വരെയാണു ബാവരിയ സംഘം തമിഴ്നാട് പൊലീസിനെ വട്ടം കറക്കിയത്.ദേശീയ പാതയോരങ്ങളിൽ ട്രക്കുകളിലെത്തിയായിരുന്നു മോഷണം. പകൽ സമയം കമ്പിളി വ്യാപാരികളായി നടന്നു മോഷണം നടത്തേണ്ട വീടു കണ്ടെത്തുകയും രാത്രിയിൽ സംഘം ചേർന്നു ആക്രമണം നടത്തുകയുമായിരുന്നു ബാവരിയ സംഘത്തിന്റെ രീതി.സേലം,കോയമ്പത്തൂർ,വെല്ലൂർ,കൃഷ്ണഗിരി,ധർമ്മപുരി,കാഞ്ചിപൂരം,ചെന്നൈ എന്നിവടങ്ങളിൽ സംഘത്തിന്റെ ആക്രമത്തിൽ ഒട്ടേറെപേർക്കു ജീവനും സ്വത്തും നഷ്ടപ്പെട്ടു.

ആളുകളെ ക്രൂരമായി ആക്രമിക്കുകയും കൊള്ളനടത്തുകയും ചെയ്യുന്ന സംഘം ട്രക്കിനുള്ളിലെ പ്രത്യേക അറയിലാണു തങ്ങിയിരുന്നത്.മോഷണം നടത്തി ഉത്തരേന്ത്യയിലേക്കു മടങ്ങുന്ന സംഘത്തിനു പ്രത്യേക താവളമില്ലായിരുന്നു. 

ഗുമുഡിപൂണ്ടി എംഎൽഎയും എഐഡിഎംകെ നേതാവുമായ കെ.സുദർശനത്തിന്റെ കൊലപാതകത്തോടെയാണു ജയലളിത സർക്കാരിന്റെ നിർദേശ പ്രകാരം  അന്നത്തെ ഡിജിപി എ.എക്സ്.അലക്സാണ്ടർ,നോർത്ത് സോൺ ഐജി ജാങ്കിതിന്റെ നേതൃത്വത്തിൽ 2005 ജനുവരിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

ആന്ധ്ര,കർണാടക,തമിഴ്നാട് സംസ്ഥാനങ്ങളിൽ ദേശീയപാതയോരങ്ങളിൽ ട്രക്കുകളിലെത്തി മോഷണം നടത്തി മടങ്ങുന്ന സംഘമെന്നല്ലാതെ ആദ്യ ഘട്ടത്തിൽ കാര്യമായ തെളിവുകളൊന്നും പൊലീസിന്റെ പക്കലില്ലായിരുന്നു. സുദർശനെ കൂടാതെ സേലത്ത് കോൺഗ്രസ് നേതാവ് തലമുത്തു നടരാജനും തിരുവേർക്കാട് എന്ന സ്ഥലത്തു ഡിഎംകെ നേതാവ് ഗജേന്ദ്രനും അദ്ദേഹത്തിന്റെ സഹായിയും ബാവരിയ സംഘത്തിന്റെ  ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു ഒട്ടേറെ കൊള്ളസംഘങ്ങൾ സജീവമായിരുന്നതിനാൽ ഏത് സംഘമാണു കൃത്യം നടത്തുന്നതെന്നു കണ്ടെത്താൻ പൊലീസ് ഏറെ പണിപ്പെട്ടു. ലഭ്യമായ വിവരങ്ങൾ വച്ചു രാജസ്ഥാൻ,ഹരിയാന,പഞ്ചാബ്,ഡൽഹി എന്നിവടങ്ങളിൽ പൊലീസ് സംഘങ്ങൾ ക്യാംപ് ചെയ്തു.യുപി സ്െപഷൽ ടാസ്ക് ഫോഴ്സിന്റെയും കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയായിരുന്നു തമിഴ്നാട് പൊലീസ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പ്രതികൾക്കായി വലവിരിച്ചത്.ഒമാ ബാവരിയയായിരുന്നു സംഘത്തിന്റെ തലവൻ.

കൊള്ള സംഘത്തിലെ ബിസുര ബാവരിയ,വിജയ് ബാവരിയ എന്നിവരെ പൊലീസ് മീററ്റിലുണ്ടായ ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്നു.സംഘതലവനായ ഒമാ ബാവരിയ,പ്രധാന കൂട്ടാളി അശോക് ബാവരിയ എന്നിവരെ പൊലീസ് പിടികൂടുകയും ചെയ്തു.ഇവർക്കു കോടതി വധശിക്ഷ വിധിച്ചു.തമിഴ്നാട് പൊലീസിന്റെ ഏറ്റവും മികച്ച ഒാപ്പറേഷനുകളിലൊന്നാണു  മാസങ്ങൾ നീണ്ട ഒാപ്പറേഷൻ ബാവരിയ. 

2005 സെപ്റ്റംബർ 10നാണ് യുപിയിലെ കനൂജ് എന്ന സ്ഥലത്തു നിന്നു ഒമാ ബാവരിയ,ഭാര്യ ബീന ദേവി എന്നിവരെ പൊലീസ് പിടികൂടിയത്.ഒൻപതു സംസ്ഥാനങ്ങളിലായി ഇരുന്നൂറിലധികം കേസുകളാണു ഒമ ബാവരിയ്ക്കെതിരെ ഉണ്ടായിരുന്നത്.പല സംസ്ഥാനത്തു പിടികിട്ടാപ്പുളളിയായിരുന്നു ഇയാൾ.സംഘത്തിലെ 13 പേരെ അറസ്റ്റ് ചെയ്യുകയും  മോഷണത്തിനുപയോഗിച്ച നാലു ട്രക്കുകൾ പൊലീസ് പിടിച്ചെടുക്കുകയും െചയ്തു.