Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞങ്ങളുടെ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകാൻ ശ്രമിക്കുന്ന ചേച്ചിമാരോട്’

abhasam-suraj

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ആഭാസം സിനിമയ്ക്കെതിരെ സെൻസർ ബോർഡ് എടുത്ത നടപടിയിൽ പ്രതിഷേധം. സിനിമയുടെ അണിയറപ്രവർത്തകരാണ് സെൻസർ ബോർഡിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Aabhaasam | Sneak Peek

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ‍, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. സിനിമ ഈ ആഴ്ച റിലീസിനൊരുങ്ങുമ്പോഴാണ് വിലങ്ങ് തടിയായി സെൻസർ ബോർഡിന്റെ തീരുമാനം എത്തിയത്. ഡയലോഗുകൾ മ്യൂട്ട് ചെയ്താൽ എ സർട്ടിഫിക്കറ്റ് തരാമെന്നാണ് ബോർഡ് അറിയിച്ചതെന്നും എന്നാല്‍ അങ്ങനെയൊരു തീരുമാനത്തിന് തങ്ങൾ തയ്യാറല്ലെന്നുമാണ് ആഭാസം ടീം പറയുന്നത്.

കൃത്യമായ ചില രാഷ്ട്രീയം വെച്ചുപുലര്‍ത്തിക്കൊണ്ടാണ് സെന്‍സര്‍ബോര്‍ഡ് കത്രിക വെക്കുന്നത് എന്ന് സംവിധായകൻ പറയുന്നു. ‘സെന്‍സര്‍ബോര്‍ഡിന്‍റേത് തീരുമാനിച്ചുറപ്പിച്ച നയമാണ്. എ സർട്ടിഫിക്കറ്റ് നൽകാൻ മാത്രം വയലൻസോ സെക്സ് രംഗങ്ങളോ ഒന്നും തന്നെ ഈ സിനിമയിലല്ല. കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന രീതിയിലുള്ള സിനിമയാണ് ആഭാസം. സിനിമയുടെ പേര് നോക്കി മുൻവിധിയോട് കൂടി സമീപിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.’–ജുബിത് പറയുന്നു.

‘ശ്രീനാരായണ ഗുരുവിന്‍റേത് എന്ന പേരില്‍ ചിത്രത്തില്‍ ഉപയോഗിച്ച ഒരു ഉദ്ധരണി ആണ് സെന്‍സര്‍ബോര്‍ഡ് ചൂണ്ടിക്കാണിച്ച ഒരു കാര്യം. രണ്ടിടങ്ങളില്‍ ഗാന്ധിയെക്കുറിച്ച് വിദൂരമായൊരു സൂചന നല്‍കുന്നതാണ് മറ്റൊരു കാര്യം. ഗുരുവിനോട് തമാശ വേണ്ട എന്നായിരുന്നു ഒരു ബോര്‍ഡ് അംഗം പറഞ്ഞത്. മറ്റൊരു രംഗത്ത് സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച കഥാപാത്രത്തിന്‍റെ തുട കാണുന്നുവെന്നും ആ രംഗം വന്നപ്പോൾ സെൻസർ ബോർഡിലെ സ്ത്രീ അംഗങ്ങൾ തലതാഴ്ത്തിയിരിക്കുകയായിരുന്നു എന്നും അഭിപ്രായപ്പെടുകയുണ്ടായി. ഇങ്ങനെയുള്ള ന്യായങ്ങളാണ് അവർ പറയുന്നത്. എ സർട്ടിഫിക്കറ്റ് നൽകിയാൽ സിനിമയുടെ ഗതി എന്താകും. തിയറ്ററിൽ ആരുകാണാൻ. സാറ്റലൈറ്റ് പോലും ലഭിക്കില്ല. സിനിമയെ തകർക്കുകയാണോ ഉദ്ദേശം. എന്തായാലും ഈ തീരുമാനത്തിനെതിരെ അപ്പീൽ പോകുകയാണ്.’–ജുബിത് പറഞ്ഞു.

ചിത്രത്തിലെ അഭിനേത്രിയായ ദിവ്യ ഗോപിനാഥിന്റെ വാക്കുകൾ–

സിനിമയിലെ 90 വർഷം നാമെല്ലാവരും ആഘോഷിക്കുന്ന ഈ വേളയിൽ സിനിമ രംഗത്തെ കുറിച്ചും നാടിനടന്മാരെ കുറിച്ചും ഏറെ ചർച്ച ചെയ്യുന്ന നാളുകളാണിപ്പോൾ. സിനിമ എന്ന മേഘലയുണ്ടായതിനു ശേഷമാണ് നടിനടന്മാരുണ്ടായത് അതുകൊണ്ട് തന്നെ സിനിമ ഇന്നെവിടെ എത്തി, ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു എന്ന് തിരിച്ചറിഞ്ഞു അതിലെ പോരായ്മകൾ മനസിലാക്കി നമ്മൾ ഓരോരുത്തരും ഒരുമിച്ചു നിന്ന് അതൊക്കെ അതിജീവിക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ് സിനിമ ഇന്ന് ഇവിടെ എത്തി നിൽക്കുന്നത്.

നടിനടന്മാരുടെ ഏതെങ്കിലും അഭിപ്രായങ്ങൾ മുഖവരയ്‌ക്കെടുത്ത് ജനങ്ങൾ തമ്മിൽ തല്ലു കൂടാൻ വരെ തയ്യാറാകുന്നു. സിനിമയില്ലെങ്കിൽ സിനിമ നടിയുമില്ല നടനുമില്ല. അതിന്റെ പ്രവർത്തന രംഗത്തുള്ള ആരും തന്നെയില്ല. "ആഭാസം എന്ന ഞങ്ങളുടെ സിനിമയ്ക്കു A സർട്ടിഫിക്കറ്റ് തന്ന് മൂക്കുകയറിടാൻ ശ്രമിക്കുന്ന സെൻസർ ബോർഡിലെ ചേച്ചി ചേട്ടന്മാർക്കായി എഴുതുന്നത്"

ഒരു തിരക്കഥാകൃത്ത് ഒരുപാട് നാളുകൾ ആലോചിച്ചു അവരുടെ മറ്റു സന്തോഷങ്ങളെല്ലാം മാറ്റി വച്ച് ഈ കർത്തവ്യത്തിന് പ്രാധാന്യം നൽകി അതിനു വേണ്ടി രാപ്പകലെന്നില്ലാതെ പ്രവർത്തിക്കുന്നു. കഥ പൂർത്തിയാക്കിയതിന് ശേഷവും തിരക്കുകൾ കഴിയുന്നില്ല. തന്റെ കഥ പല പല പ്രൊഡ്യൂസർമാരോട് പറഞ്ഞും വിവരിച്ചും അവരുടെ കളിയാക്കലുകളും നെഗറ്റീവ് അഭിപ്രായങ്ങളും പോസിറ്റീവ് അഭിപ്രായങ്ങളും കേട്ട്. സിനിമയ്ക്കുള്ളിലെ രാഷ്ട്രീയവും മറ്റു പല കാര്യങ്ങളും അറിഞ്ഞു സിനിമയെ മാത്രം സ്നേഹിക്കുന്ന മനസിലാക്കുന്ന സെൻസിബിൾ ആയ ഒരു പ്രൊഡ്യൂസറിനെ കിട്ടി അതിനു ഒരു ബജറ്റ് ഉണ്ടാക്കി അഭിനേതാക്കളുടെ ഡേറ്റ് വാങ്ങി 100ൽ കൂടുതൽ ആളുകളുടെ കഠിനാധ്വാനം കൊണ്ട് പലരുടെയും സ്നേഹവും സഹായവും ഒക്കെ കൊണ്ട് 2 മാസം കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞു. (40% പണിയേ കഴിഞ്ഞിട്ടുള്ളൂ) 

അതിനു ശേഷം സംഗീതം, എഡിറ്റിങ്, ബിജിഎം, സൗണ്ട്, VFX, എല്ലാം വൃത്തിയായി പൂർത്തിയാക്കി. സെൻസറിങ്ങിനൊരു ഒരു ഡേറ്റ് തന്ന് തിരുവനന്തപുരത്തു ചെന്ന് ക്യൂബിൽ അപ്‌ലോഡ് ചെയ്തു. സെൻസർ ബോർഡിലുള്ള ചേച്ചിമാരുടെയും ചേട്ടന്മാരുടെയും സമയവും സൗകര്യവും നോക്കി ഇതിന്റെ സംവിധായകനും പ്രൊഡ്യൂസറും ഇവരുടെ പിന്നാലെ ഒരുപാട് നടന്നു അവരുടെ സിനിമയുടെ ഭാവി അറിയാനായി കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ. എന്തൊക്കെയോ സ്വാർത്ഥ രാഷ്ട്രീയങ്ങളെ മുറുകെ പിടിക്കുന്ന ആളുകളുടെ മുന്നിൽ അതും സെൻസർ ബോർഡിൽ ഇരിക്കാൻ പോലും യോഗ്യതയില്ലാത്ത ഒരു കൂട്ടം ആളുകൾക്ക്‌ മുൻപിൽ. നമ്മുക്ക് ദേശീയ അവാർഡ് അർഹമാക്കിയ ഡയറക്ടർമാരും, തിരക്കഥാകൃത്തുക്കളും, അഭിനേതാക്കൾ ഉണ്ട് . എന്നിട്ടും സെൻസർബോഡിൽ ഇരിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും ആരാണെന്നു അറിഞ്ഞാൽ സങ്കടമാകും.

ഒരുപാട് പേരുടെ ഒരുപാട് നാളത്തെ വർക്കിനും പൈസയ്ക്കും ഒന്നും ഒരു വിലയും ഇല്ലാത്ത രീതിയിൽ ആണിവർ കാലിന്റെ മോളിൽ കാലും കേറ്റി വച്ച് അവിടെ കട്ട് ചെയ്യ്‌ ഇവിടെ കട്ട് ചെയ്യ് എന്നൊക്കെ പറയുമ്പോൾ ഈ അഹങ്കാരവും അധികാരവും കാണിക്കാനുള്ള അവകാശം ആരാണിവർക്ക് കൊടുക്കുന്നത്. ഈ അഹങ്കാരത്തിനൊക്കെ ഒരു അറുതി വരുത്താൻ നമ്മളെ കൊണ്ട് എന്താ ചെയ്യാൻ കഴിയും.

ഇതിനൊക്കെ ഒരവസാനം വരുത്താൻ നമ്മൾ ജനങ്ങൾ ഒരുമിച്ചു നിന്ന് ശബ്ദം ഉയർത്തിയാൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. കാരണം നിങ്ങളുടെ എതിർപ്പിന്റെയും കൂട്ടിന്റെയും ശക്തി നമ്മൾ ഈ ദിവസങ്ങളിൽ ഒരുപാട് കണ്ടു കഴിഞ്ഞു. നമ്മൾ ഓഡിയൻസ് ഒരുമിച്ചു നിൽക്കുക തന്നെ ചെയ്യണം.

നമ്മൾ നടിനടന്മാരുടെ ചൊല്ലി അന്യോന്യം വഴക്കിടുന്നതിലും ചർച്ച ചെയ്യുന്നതിലും എത്രയോ മുകളിലാണ് നമ്മുടെ ഈ ആവശ്യം. ഒരു അവകാശവും അധികാരവുമില്ലാത്ത ഇവർ സിനിമയുടെ കഴുത്തിൽ കത്തി വെക്കുമ്പോൾ നമ്മൾ നോക്കി നിക്കാതെ പ്രതികരിക്കണം. നമ്മളുടെ ശബ്ദം ഇതിനെതിരെയാണുയർത്തേണ്ടത്.

NB:-സിനിമയില്ലെങ്കിൽ നടിയുമില്ല നടനുമില്ല. അതിന്റെ പ്രവർത്തന രംഗത്തുള്ള ആരും തന്നെയില്ല .സിനിമ പ്രക്ഷകരും ഇല്ല.