Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്നു; തിരക്കഥ ബോബി–സഞ്ജയ്

mammootty-bobby-sanjay

മലയാളത്തിൽ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെഗാ സ്റ്റാർ. അതെ മമ്മൂട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നു. സന്തോഷ് വിശ്വനാഥന്റെ സംവിധാനത്തില്‍ ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.

27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒരു മന്ത്രിയുടെ വേഷത്തില്‍ എത്തിയത്. ഒരു തമിഴ് ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇതാദ്യമാണ്.

മമ്മൂട്ടിക്ക് ഈ വര്‍ഷം പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും പേരിടാത്ത ചിത്രത്തില്‍ അഭിനയിക്കുക. ചിറകൊടിഞ്ഞ കിനാവുകള്‍ ആണ് സന്തോഷ് ഇതിന് മുന്‍പ് സംവിധാനം ചെയ്ത സിനിമ.

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷം ചെയ്യാന്‍ തയാറല്ലായിരുന്നുവെങ്കില്‍ ഈ പ്രോജക്ട് ഉപേക്ഷിച്ചേനെ എന്നാണ് സന്തോഷ് വിശ്വനാഥ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മമ്മൂട്ടിയെ കൂടാതെ വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സീരിയസായ ഒരു വിഷയത്തിനൊപ്പം തന്നെ ഹ്യൂമറും കൈകാര്യം ചെയ്താണ് ബോബി സഞ്ജയ് തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നും സന്തോഷ് പറഞ്ഞു. വിഷ്ണു അവതരിപ്പിക്കുന്ന കഥാപാത്രവും മമ്മൂട്ടിയും തമ്മിലുള്ള ചർച്ചയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

‘സമകാലീന കേരള രാഷ്ട്രീയത്തില്‍ ഒരു മുഖ്യമന്ത്രി എങ്ങനെ ആകണമെന്ന് ഉള്ളതിന്റെ ഉദാഹരണമാണ് ഈ കഥാപാത്രം. അതുകൊണ്ട് തന്നെ മമ്മൂട്ടിയെ പോലെ അഭിനയപാടവമുള്ള ഒരാള്‍ക്ക് മാത്രമെ ഇത് ചെയ്യാനാകു. ഒരു കൊടിയുടെ കീഴിലോ പാര്‍ട്ടിയുടെ തണലിലോ അല്ല ഞങ്ങള്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൊതുജനത്തിന്റെ നേതാവ് എന്ന നിലയിലാണ് ഈ കഥാപാത്രത്തെ ആവിഷ്കരിച്ചിരിക്കുന്നത്.’– സന്തോഷ് പറഞ്ഞു.

related stories