Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞങ്ങളുടെ സ്വപ്നങ്ങൾക്ക് കൂട്ടായി നിൽക്കുന്ന എല്ലാവർക്കും സ്നേഹം’

wcc-2

നടിയും അവതാരകയുമായ ഓപ്ര വിന്‍ഫ്രി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് കെ.ആര്‍ മീര എഴുതിയ കുറിപ്പിന് നന്ദി പറഞ്ഞ് വനിതാസംഘടന. എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയിലായിരുന്നു വിൻഫ്രിയുടെ പ്രസംഗം. പീഡനവീരന്മാരായ പുരുഷന്മാരുടെ കാലം അവസാനിച്ചുവെന്ന് ഓപ്ര വിന്‍ഫ്രി പ്രസംഗിച്ചപ്പോള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് പുരുഷന്മാര്‍ കൂടിയായിരുന്നുവെന്നും മലയാളത്തിലും ഇങ്ങനെ സംഭവിക്കുന്നത് സ്വപ്നം കാണുകയാണെന്നും മീര പറഞ്ഞിരുന്നു.

കെ ആർ മീരയുടെ ഈ കുറിപ്പിന് നന്ദി പറഞ്ഞാണ് വനിതാസംഘടനയുടെ പുതിയ പ്രതികരണം. 

വിമൻ ഇൻ കലക്ടീവിന്റെ കുറിപ്പ് വായിക്കാം–

കെ.ആർ മീര, പ്രിയപ്പെട്ട എഴുത്തുകാരി ഈ മുൻകുറിപ്പിന് ഏറെ നന്ദി. ഞങ്ങളുടെ സ്വപ്നങ്ങൾക്ക് കൂട്ടായി നിൽക്കുന്ന നിങ്ങൾക്കെല്ലാവർക്കും സ്നേഹം.

മീര എഴുതുന്നു

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാനച്ചടങ്ങ്. അമേരിക്കയിലെ ഏറ്റവും പ്രശസ്ത വനിത എന്നു വിശേഷിപ്പിക്കപ്പെടാറുള്ള ഓപ്ര വിന്‍ഫ്രിയുടെ അവാര്‍ഡ് സ്വീകരണ പ്രസംഗം. ‘പീഡനവീരന്‍മാരായ പുരുഷന്‍മാരുടെ കാലം അവസാനിച്ചു’ എന്ന് അവര്‍ ധൈര്യത്തോടെ പ്രഖ്യാപിക്കുമ്പോള്‍ എഴുന്നേറ്റു നിന്നു കയ്യടിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല. പുരുഷന്‍മാര്‍ കൂടിയാണ്.‌ സ്റ്റാന്‍ഡിങ് ഒവേഷന്‍.

ഞാനും ആ ദിവസം സ്വപ്നം കാണുന്നു. മലയാളത്തിന്‍റെ അവാര്‍ഡ് നിശയില്‍ അത്ര ഉറപ്പോടെ ഒരു സ്ത്രീ പ്രസംഗിക്കുന്നതും അവള്‍ക്കു മുമ്പില്‍ സദസ്സ് ഒന്നാകെ എഴുന്നേറ്റു നിന്നു കയ്യടിക്കുന്നതും.കുറച്ചു കാലമെടുക്കും.‌സാരമില്ല, കാത്തിരിക്കാം. കാത്തിരിക്കാനുള്ള സന്നദ്ധതയാണല്ലോ, മനുഷ്യത്വത്തിന്‍റെ മഹാരഹസ്യം.

ഓപ്ര വിന്‍ഫ്രിയുടെ പ്രസംഗത്തിന്‍റെ പ്രസക്ത ഭാഗങ്ങളുടെ ഏകദേശ തര്‍ജ്ജമ മീര തയ്യാറാക്കിയത്!

‘‘നമ്മുടെ ഏറ്റവും ശക്തമായ ആയുധം നമ്മുടെ സത്യങ്ങള്‍ വിളിച്ചു പറയുകയെന്നതാണ്. വ്യക്തിപരമായ സത്യങ്ങള്‍ തുറന്നു പറയാന്‍ മാത്രം വേണ്ടത്ര ശക്തിയുള്ളവരും വേണ്ടത്ര ശാക്തീകരിക്കപ്പെട്ടവരുമാണെന്നു തെളിയിച്ച ഇവിടെയുള്ള എല്ലാ സ്ത്രീകളും എന്നില്‍ അഭിമാനവും പ്രചോദനവും ഉണര്‍ത്തുന്നു.

ഈ മുറിയിലുള്ള നാം ഓരോരുത്തരും ആഘോഷിക്കപ്പെടുന്നത് നമ്മള്‍ പറയുന്ന കഥകളുടെ പേരിലാണ്. പക്ഷേ, ഈ വര്‍ഷം നാം തന്നെ ഒരു കഥയായി മാറി.

പക്ഷേ, ആ കഥ കേവലം വിനോദ വ്യവസായത്തെ മാത്രം ബാധിക്കുന്ന കഥയല്ല. സംസ്കാരത്തെയും ഭൂമിശാസ്ത്രത്തെയും വംശത്തെയും മതത്തെയും രാഷ്ട്രീയത്തെയും തൊഴില്‍ സ്ഥലത്തെയും ഒക്കെ മറികടക്കുന്നതാണ്.

ഈ രാത്രി ഞാന്‍ ആഗ്രഹിക്കുന്നത്, എന്‍റെ അമ്മയെപ്പോലെ, കുഞ്ഞുങ്ങളെ വളര്‍ത്താനും ബില്ലുകള്‍ അടയ്ക്കാനും സ്വപ്നങ്ങള്‍ സഫലമാക്കാനും വേണ്ടി വര്‍ഷങ്ങളോളം പീഡനവും അതിക്രമവും സഹിച്ച സ്ത്രീകളോടു നന്ദി പറയാനാണ്.ആ സ്ത്രീകളുടെയൊന്നും പേരുകള്‍ നമുക്ക് അറിയില്ല.

അവര്‍ വീടുകളില്‍ പണിയെടുക്കുന്നവരാണ്, കൃഷിപ്പണിക്കാരാണ്, അവര്‍ ഫാക്ടറിയില്‍ പണിയെടുക്കുന്നവരാണ്. അവര്‍ അക്കാഡമിക്കുകളും എന്‍ജിനീയര്‍മാരുമാണ്. ഡോക്ടര്‍മാരും രാഷ്ട്രീയക്കാരും ബിസിനസുകാരുമാണ്. ഒളിംപിക് താരങ്ങളും സൈനികരുമാണ്.

ദീര്‍ഘകാലമായി ആ സ്ത്രീകള്‍ സത്യം പറയാന്‍ ധൈര്യപ്പെട്ടപ്പോഴൊന്നും അവര്‍ പറയുന്നതു കേള്‍ക്കാനോ വിശ്വസിക്കാനോ അധികാരം കയ്യാളിയ ആ പുരുഷന്‍മാര്‍ സന്നദ്ധരായിരുന്നില്ല. പക്ഷേ, അവരുടെ സമയം അവസാനിച്ചിരിക്കുന്നു.

‘Me Too ’ എന്നു പറയാന്‍ ഓരോ സ്ത്രീയും അവരുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ ഓരോ പുരുഷനും തീരുമാനിച്ചതോടെ അവരുടെ സമയം അവസാനിച്ചിരിക്കുന്നു.

ടെലിവിഷനിലായാലും സിനിമയിലായാലും , എന്‍റെ ജോലിയില്‍ ഞാന്‍ എന്നും എന്നെക്കൊണ്ടു കഴിയുന്നത്ര പരിശ്രമിച്ചിട്ടുള്ളത്, എങ്ങനെ സ്ത്രീയും പുരുഷനും യഥാര്‍ഥത്തില്‍ പെരുമാറുന്നു എന്നു പറയാനാണ്.

–നമ്മളെങ്ങനെ ലജ്ജിക്കുന്നു, എങ്ങനെ സ്നേഹിക്കുന്നു എങ്ങനെ കോപിക്കുന്നു, എങ്ങനെ പരാജയപ്പെടുന്നു. നമ്മളെങ്ങനെ പിന്‍വാങ്ങുന്നു എങ്ങനെ പിടിച്ചു നില്‍ക്കുന്നു എങ്ങനെ മറികടക്കുന്നു.

ജീവിതത്തിന് നിങ്ങള്‍ക്കുനേരെ വലിച്ചെറിയാവുന്ന ഏറ്റവും വൃത്തികെട്ട പലതിനെയും മറികടന്ന പല മനുഷ്യരുമായും ഞാന്‍ അഭിമുഖ സംഭാഷണം നടത്തുകയും അവരെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അവരുടെയെല്ലാം ഒരു പൊതു സ്വഭാവവിശേഷം, എത്ര ഇരുട്ടുള്ള രാത്രികളുടെയും അവസാനം പ്രകാശപൂര്‍ണ്ണമായ ഒരു പ്രഭാതത്തെ പ്രതീക്ഷിക്കാനുള്ള കരുത്തായിരുന്നു.

ഇന്നിതു കാണുന്ന എല്ലാ പെണ്‍കുട്ടികളോടും ഒരു കാര്യം ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു – ഒരു പുതിയ പ്രഭാതം ചക്രവാളത്തില്‍ എത്തിക്കഴിഞ്ഞു.

മാത്രമല്ല, ഇന്ന് ഈ മുറിയില്‍ ഇരിക്കുന്നവര്‍ ഉള്‍പ്പെടെ, ഒട്ടേറെ മഹാധീരരായ സ്ത്രീകളും കുറേ അസാധാരണരായ പുരുഷന്‍മാരും ചേര്‍ന്നു നയിക്കുന്ന കഠിന സമരങ്ങള്‍ക്കു ശേഷം

ആ പ്രഭാതം ആത്യന്തികമായി യാഥാര്‍ഥ്യമാകുമ്പോള്‍, ഇനിയൊരിക്കലും ആര്‍ക്കും ‘Me Too’ എന്നു പറയേണ്ടി വരികയില്ല.