Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിൻ തന്നെ കണ്ട് തിരിച്ചറിഞ്ഞില്ല, പിന്നീട് വിക്രം ചെയ്തത്

vikram-sachin

ഇന്ത്യയെങ്ങും ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. എന്നാൽ വിക്രം ആരാണെന്ന് അറിയാത്ത മറ്റൊരു താരമുണ്ട്. സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ. ഒരു വിമാനയാത്രയില്‍ സച്ചിന്‍ തന്നെ തിരിച്ചറിയാതിരുന്ന കഥ വിക്രം തന്നെയാണ് അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

വിക്രത്തിന്റെ വാക്കുകളിലേക്ക്–

ബോംബെയിൽ ഒരുപരിപാടിക്ക് പോയിട്ട് തിരിച്ചുവരുകയാണ്. വിമാനത്തിൽ വിൻഡോ സീറ്റ് ലഭിച്ചില്ല. ഞാൻ തൊപ്പിവച്ചാണ് ഇരിക്കുന്നത്. അപ്പോള്‍ ഒരു മനുഷ്യൻ അകലെ നിന്നും ‘സച്ചിൻ, സച്ചിൻ’ എന്ന് വിളിക്കുന്നുണ്ട്. ഇനി എന്നെക്കണ്ടിട്ടാണോ സച്ചിൻ എന്ന് വിളിക്കുന്നതെന്ന് ഓർത്തു.

Vikram's Fan Boy Moment With Sachin | Enkile Ennodu Para | Exclusive Fun Chat Show | Cinema Daddy

പെട്ടന്ന് ഒരാൾ വന്ന് എന്റെ അടുത്ത സീറ്റിലിരുന്നു. വെറുതെ തിരിഞ്ഞ് നോക്കിയപ്പോൾ സച്ചിൻ. അതിന്റെ അത്ഭുതത്തിൽ ‘ഓ മൈ ഗോഡ്’ എന്ന് പറഞ്ഞ് ഞെട്ടി. അദ്ദേഹം ഇത് കേട്ടതും എന്നെ തിരിഞ്ഞ് നോക്കി, ‘ഹായ്’ എന്ന് പറയുകയും ചെയ്തു. ഞാൻ പെട്ടന്ന് ‘സോറി സാർ’ എന്ന് പറഞ്ഞു. എനിക്ക് ആകെ ചമ്മലായി. മാത്രമല്ല അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലല്ലോ എന്ന സങ്കടവും.

അമിതാഭ് ജിക്കും അഭിഷേകിനുമൊക്കെ എന്നെ അറിയാം. അതുകൊണ്ട് തന്നെ സച്ചിനും എന്നെ അറിയാം എന്ന ധാരണയിലായിരുന്നു ഞാൻ. സത്യത്തിൽ അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നു. ആ അവസ്ഥ പറഞ്ഞറിയിക്കാൻ വയ്യ. ഞാൻ ആകെ അസ്വസ്ഥനായി.

ഞാൻ വിമാനത്തിൽ വന്നിരുന്നപ്പോൾ പുറകിലെ സീറ്റിലുള്ളവരെല്ലാം എന്റെ അരികിൽ നിന്ന് ഫോട്ടോ എടുത്ത് പോയിരുന്നു. ആരെങ്കിലും ഇനിയും എന്റെ അരികിൽ ഓട്ടോഗ്രാഫിന് വരുമായിരിക്കും. സച്ചിനിത് കണ്ട് എന്നോട് ആരാണെന്ന് ചോദിക്കുമായിരിക്കും എന്ന് വിചാരിച്ചു. പക്ഷേ ആരും വന്നില്ല. പിന്നെയും നിരാശ. കുറച്ച് സമയം കടന്നുപോയി. ഭക്ഷണവും കഴിച്ചു. എനിക്ക് ഉറക്കം വരുന്നില്ല. രണ്ട് മണിക്കൂർ യാത്രയുണ്ട്.

വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹത്തെ പരിചയപ്പെടാം എന്ന് വിചാരിച്ചു. പക്ഷെ എന്നിലെ ആരാധകന് അതും സാധിച്ചില്ല. അങ്ങനെ സച്ചിന്റെ അടുത്ത് ചെന്നു. ‘ഹായ് സാർ, ഞാനൊരു നടനാണ്. താങ്കൾക്ക് എന്നെ അറിയില്ല. പക്ഷേ രജനിക്ക് അറിയാം, അമിതാഭിനും ഷാരൂഖിനും ആമിറിനുമൊക്കെ എന്നെ അറിയാം. ഇന്ത്യയിൽ തന്നെ ഒട്ടുമിക്ക ആളുകൾക്കും എന്നെ അറിയാം. എന്നിട്ടും സാറിന് എന്നെ മനസ്സിലാകാതിരുന്നത് അസ്വസ്ഥനാക്കി.’

അദ്ദേഹം വളരെ സ്വീറ്റ് ആണ്. ഇതെല്ലാം ഒരുദേഷ്യവും കൂടാതെ സച്ചിൻ കേട്ടിരുന്നു. സാർ ഇത്രയും പറഞ്ഞത് ഇഷ്ടപ്പെട്ടോ എന്നറിയില്ല. ശല്യപ്പെടുത്താൻ വന്നതല്ല. മനസ്സിൽവക്കാൻ സാധിച്ചില്ല. ഉറങ്ങിക്കോളൂ എന്നും സച്ചിനോട് പറഞ്ഞു.

പക്ഷേ അദ്ദേഹം വീണ്ടും എന്നെ ഞെട്ടിച്ചു. നമുക്ക് കുറച്ച് നേരം സംസാരിക്കാം എന്ന് എന്നോട് പറഞ്ഞു. ജീവിതത്തെക്കുറിച്ച് എന്തും ചോദിച്ചോളാൻ എന്നോട് പറഞ്ഞു. അറിയാന്‍ ആഗ്രഹിച്ച കുറേ കാര്യങ്ങൾ സച്ചിനോട് ചോദിച്ചു.

എന്റെ മകനെക്കുറിച്ചും സച്ചിന്റെ മകനെക്കുറിച്ചും മാത്രമാണ് പിന്നീട് ഞങ്ങൾ സംസാരിച്ചത്. വളരെ മനോഹരമായിരുന്നു. ഇതുപോലൊരു ഫാൻമൊമന്റ് എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ആ സന്തോഷത്തിൽ ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊക്കെ മെസേജ് അയച്ചു. ‘ഞാൻ ഇപ്പോൾ സച്ചിന്റെ അരികിലാണ് ഇരിക്കുന്നതെന്ന്. അപ്പോൾ അവർ തിരിച്ച് അയച്ചു, ‘സച്ചിന് അറിയാമോ നിങ്ങൾ ആരെന്ന്.’ ഞാൻ അയച്ച എല്ലാവരും ഇതുതന്നെയാണ് അയച്ചത്.

സാധാരണ നമ്മൾ ആരാധിക്കുന്ന ആളെ കാണുമ്പോൾ കൂടെ നിന്ന് ഫോട്ടോ എടുക്കാനാണ് ആദ്യം ശ്രമിക്കുക. എന്നാൽ അവർക്കും നമ്മളൊരു ബഹുമാനം കൊടുക്കാൻ ശ്രമിക്കണം. ഞാൻ അങ്ങനെയാണ് ചെയ്തത്. ഇതുപോലൊരു ഫാൻമൊമന്റ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ബ്രാഡ് പിറ്റോ, റോബർട്ട് ഡൗണി ആണെങ്കിൽ പോലും ഞാൻ ഒരു ഹായ് മാത്രമേ പറയൂ. പക്ഷേ ഇത് സച്ചിനാണ്. അദ്ദേഹത്തോട് മിണ്ടിയില്ലെങ്കിൽ ഉറങ്ങാനെ സാധിക്കില്ലായിരുന്നു.

എന്നെ അറിയാത്തതെന്തുകൊണ്ടെന്നും ഞാൻ സച്ചിനോട് ചോദിച്ചു. അദ്ദേഹം ഇന്ത്യൻ സിനിമകൾ കാണാറേ ഇല്ല. വിദേശ സിനിമകള്‍ ഇടയ്ക്ക് കാണും.