Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു: സജിത മഠത്തിൽ

സജിത മഠത്തിൽ

മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍ പറഞ്ഞുവെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിലും ഇത് വലിയ ചർച്ചയായി മാറി. എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി സജിത മഠത്തിൽ രംഗത്ത്.

സജിത മഠത്തിലിന്റെ കുറിപ്പ് വായിക്കാം–

സെന്റ് പീറ്റേഴ്സ് കോളജിൽ നടന്ന സെമിനാറിൽ ഞാൻ പരാമർശിച്ച ചില വിഷയങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന നിലയിലാണ് ഒരു ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. തൊഴിലിടം, സുരക്ഷ എന്ന വിഷയത്തിന്റെ പശ്ചാത്തലത്തിൽ സിനിമയിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ചാണ് ഞാൻ സംസാരിച്ചത്. 

തൊഴിലിടങ്ങൾ സുരക്ഷിതമല്ലാതാകുന്ന കാരണങ്ങൾ വിശദീകരിച്ച വേളയിൽ മറ്റ് പല കാരണങ്ങളുടെയും കൂട്ടത്തിൽ സിനിമയിൽ ചിലരുടെയെങ്കിലും ലൈംഗിക താല്പര്യങ്ങൾക്ക് നിന്ന് കൊടുക്കാത്ത സ്ത്രീകളിൽ ചിലർക്കെങ്കിലും സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെ കുറിച്ചും സൂചിപ്പിച്ചിരുന്നു. എത്രയോ സ്ത്രീകൾ തന്നെ ഇതെ കുറിച്ചൊക്കെ സംസാരിച്ചു തുടങ്ങിയ പശ്ചാത്തലത്തിൽ എന്റേത് വ്യക്തിപരം മാത്രമായ ഒരു നിരീക്ഷണമല്ല. 

സിനിമയിലെ തൊഴിൽ സംഘടനകളെ കുറിച്ചും അവ ഒരു പക്ഷേ മനപൂർവമല്ലാതെ പുലർത്തുന്ന സ്ത്രീവിരുദ്ധതയെ കുറിച്ചും സൂചിപ്പിച്ചിരുന്നു. പൊതു സമൂഹത്തിൽ വ്യാപകമായി കാണുന്ന എല്ലാ സ്ത്രീവിരുദ്ധ ഇടപെടലുകളും തൊഴിൽ സംഘടനകളിലും ഉണ്ട് എന്നും പറഞ്ഞിരുന്നു. ഇതിനെ വളരെ സ്വാഭാവികമെന്നോണമാണ് ആളുകൾ കാണുന്നതെന്നും ഈയവസ്ഥ തിരിച്ചറിയപ്പെടുകയും മാറുകയും ചെയ്യേണ്ടതുണ്ടെന്നുമാണ് ഞാൻ സൂചിപ്പിച്ചത്. തൊഴിലാളി പ്രസ്ഥാനത്തിലും അതിന്റെ ഇടപെടലുകളിലും സാധ്യതകളിലും വിശ്വസിക്കുന്ന ഒരാളെന്ന നിലക്ക് ഈ വിമർശനം ഉയർത്തപ്പെടേണ്ടതാണ് എന്നും ഞാൻ വിശ്വസിക്കുന്നു. 

അതേ സമയം പ്രസിദ്ധീകരിച്ചു വന്ന വാർത്തയിൽ ഞാൻ പറയാത്ത കാര്യങ്ങളുണ്ട്. പറഞ്ഞ കാര്യങ്ങളാകട്ടെ, എത്രയോ നാളുകളായി ഞങ്ങളെല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നതുമാണ്. ഇത്തരം വിഷയങ്ങളിൽ ആരോഗ്യകരമായ ചർച്ചകളും സംവാദങ്ങളും ഉണ്ടാകണം എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റെന്തെങ്കിലും മാധ്യമ താല്പര്യങ്ങളുടെ പുറത്ത് ഞാൻ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചും പറയാത്തത് പറഞ്ഞതായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അപലപനീയമാണ്.

related stories