Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വി നായകനായിരുന്നെന്ന് അറിഞ്ഞത് പിന്നീട്; വിക്രം

vikram-prithvi

കര്‍ണനില്‍ അഭിനയിക്കാമെന്ന് കാരാറൊപ്പിട്ട ശേഷമാണ് പൃഥ്വിരാജിനെ നായകനാക്കി അങ്ങനെയൊരു സിനിമ മലയാളത്തില്‍ ആലോചിച്ചത് അറിഞ്ഞതെന്ന് നടന്‍ വിക്രം. അറിഞ്ഞപ്പോള്‍ തന്നെ സംവിധായകന്‍ ആര്‍.എസ്.വിമലിനോട് ഇക്കാര്യം അന്വേഷിച്ചിരുന്നു. ബജറ്റടക്കമുള്ള കാരണങ്ങളാല്‍ മലയാളത്തില്‍ ആ സിനിമ ചെയ്യാനുള്ള ശ്രമം രണ്ട് വര്‍ഷം മുന്‍പ് ഉപേക്ഷിച്ചതാണെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിക്രം പറഞ്ഞു. 

പൃഥ്വി എന്‍റെ വലിയ സുഹൃത്താണ്. ഇക്കാര്യം പൃഥ്വിയെ വിളിച്ചും സംസാരിച്ചു. പ്രശ്നമില്ലെന്നും മലയാളത്തില്‍ ആ ബജറ്റില്‍ സിനിമ നടക്കില്ലെന്നുമാണ് പറഞ്ഞതെന്നും വിക്രം കൂട്ടിച്ചേര്‍ത്തു. വലിയ ബജറ്റില്‍ ഹിന്ദിയിലാണ് സിനിമ ചെയ്യുന്നത്. ഫെബ്രുവരി അവസാനം വിശദാംശങ്ങള്‍ അറിയാനാകും- അദ്ദേഹം പറ‍ഞ്ഞു. 

രണ്ടുമാസമായി ഈ സിനിമയുടെ ആലോചനകള്‍ തുടങ്ങിയിട്ട്. തമിഴില്‍ കര്‍ണന്‍ ഒരുതവണ വന്നതുകൊണ്ട് ആദ്യം താല്‍പര്യമില്ലായിരുന്നു. പിന്നെ കഥ കേട്ടപ്പോഴാണ് വ്യത്യസ്തത മനസ്സിലായത്. വിമല്‍ നല്ല സംവിധായകമാണ്. മൊയ്തീന്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. 

സൈന്യം എന്ന ചിത്രത്തിൽ തനിക്കൊപ്പം അഭിനയിച്ച നടൻ അബിയുടെ വേർപാട് വിക്രം അറിഞ്ഞത് യാദൃശ്ചികമായാണ്. രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രിസ്ഥാനം നൽകാമെന്ന് പറഞ്ഞാലും രാഷ്ട്രീയത്തിലേക്കില്ലെന്നായിരുന്നു വിക്രത്തിന്റെ മറുപടി.