Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2.0 വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ആഗസ്റ്റ് സിനിമാസ്

2-0-august

കേരളത്തിൽ അന്യഭാഷ ചിത്രങ്ങൾ കോടികൾ വാരുന്ന കാലമാണിത്. വിക്രം ചിത്രം ഐ തുടങ്ങി വിജയ് ചിത്രം മെർസൽ വരെ കേരളത്തിൽ സൂപ്പർഹിറ്റായിരുന്നു. ഇപ്പോഴിതാ മറ്റൊരു ബ്രഹ്മാണ്ഡചിത്രം കൂടി എത്തുകയാണ്.

ശങ്കർ–രജനീകാന്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 2.0യുടെ കേരളത്തിലെ വിതണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ആഗസ്റ്റ് സിനിമാസ് ആണ്. 16 കോടി രൂപയ്ക്കാണ് വിതരണം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. കേരളത്തിലെ രണ്ട് പ്രമുഖ നിർമാണ കമ്പനികൾ 13 കോടിയും 14 കോടിയും നൽകാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നെങ്കിലും ആഗസ്റ്റ് സിനിമയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ഏകദേശം 50 കോടി കലക്ഷനാണ് കേരളത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 27നാണ് 2.0 റിലീസിനെത്തുന്നത്.

ആദ്യദിനം റെക്കോർഡ് കലക്ഷനാകും ലക്ഷ്യമിടുക. വിജയ് ചിത്രം മെർസൽ ആദ്യദിന കലക്ഷൻ 6.11 കോടിയായിരുന്നു. നിലവിൽ അന്യഭാഷ ചിത്രങ്ങളിലെ ആദ്യദിന കലക്ഷനിൽ ബാഹുബലി 2 ആണ് മുന്നിൽ. 6.27 കോടിയാണ് ബാഹുബലി 2വിന്റെ ആദ്യദിന കലക്ഷൻ.

ബാഹുബലി 2 കേരളത്തിൽ നിന്നും 50 കോടി വാരിയിരുന്നു. വിജയ്‌യുടെ മെർസലിന്റെ കലക്ഷൻ കേരളത്തിൽ നിന്നുമാത്രം 22 കോടി. ശങ്കർ–വിക്രം ചിത്രം ഐ 17 കോടി കലക്ട് ചെയ്തിരുന്നു. 

അന്യഭാഷ ചിത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശ തുകകള്‍

2.0– 16 കോടി

മെര്‍സൽ–7.5 കോടി

കബാലി–7.5 കോടി

തെറി–5.6 കോടി

ബാഹുബലി 2–പത്ത് കോടി