Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പൊരിച്ചമീന്‍ കിട്ടാത്തത് കൊണ്ട് ഞാൻ സംവിധായകനായി’

gafoor-rima

എന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീന്‍ വറുത്തതില്‍ നിന്നുമാണെന്ന് നടി റിമ കല്ലിങ്കലിന്റെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ ഉണ്ടായി. ഇപ്പോഴിതാ റിമയുടെ പ്രസ്താവനയില്‍ കൗതുകകരമായ മറുപടിയുമായി സംവിധായകൻ ഗഫൂര്‍ വൈ ഇല്ലിയാസ്. പൊരിച്ചമീന്‍ കിട്ടാത്തത് കൊണ്ട് റിമ ഫെമിനിസ്റ്റായി പൊരിച്ചമീന്‍ കിട്ടാത്തത് കൊണ്ട് ഞാന്‍ സംവിധായകനായി എന്നാണ് ഗഫൂര്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. കലാഭവന്‍ ഷാജോണ്‍ നായകനായി എത്തിയ പരീത് പണ്ടാരിയുടെ സംവിധായകനാണ് ഗഫൂർ. 

ഗഫൂറിന്റെ കുറിപ്പ് വായിക്കാം–

‘ റിമ , വീട്ടില്‍ നിന്ന് പൊരിച്ചമീന്‍ കിട്ടാതതിന്റെ പേരിലാണ് ഫെമിനിസ്റ്റായതെങ്കില്‍ , ഞാന്‍ സിനിമ സെറ്റില്‍ നിന്ന് പൊരിച്ചമീന്‍ കിട്ടാതത്തിന്റെ പേരിലാണ് സംവിധായകനായത് ”

ഞാന്‍ ആദ്യമായ് അസിസ്റ്റന്റ് ഡയറക്ടറായ സിനിമ ഒറ്റപ്പാലം പട്ടാബി ഭാഗത്ത് ഷൂട്ട് നടക്കുകയാണ്….വിനോദ് വിജയന്‍ സര്‍ ഡയറക്ട് ചെയ്യുന്ന സിനിമയായിരുന്നു അത് , ഞാന്‍ സിനിമയില്‍ സംവിധാനത്തിന്റെ ബാലപാഠങ്ങള്‍ പിച്ചവെച്ച ദിവസം. പുരാണത്തില്‍ രാവണന് പത്ത് തലയാണങ്കില്‍ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് സിനിമയില്‍ 11 തലയും 12 ഡസണ്‍ കയ്യും 24 ഡസണ്‍ കാലും എന്നതാണ് എന്റെ പക്ഷം.

അങ്ങനെ ഷൂട്ടിങിന്റെ ആദ്യദിവസം തന്നെ പണിയെടുത്തും. ചീത്ത കേട്ടും നടുവൊടിഞ്ഞ് പണ്ടാറടങ്ങി. ഒടുവില്‍ സംവിധായകന്‍ വിനോദ് സാറിന്റെ ആ വിശുദ്ധ വചനം മൈക്കിലൂടെ കേട്ടു, ബ്രേക്ക്………പ്രൊഡക്ഷനിലെ ആളുകള്‍ ചറ പറാന്ന് ഓടി…..പേപ്പര്‍ വര്‍ക്കുകള്‍ ഓര്‍ഡറാക്കാനും അടുത്ത സീനിന്റെ ഡ്രസ്സ് കണ്ട്യുനിറ്റി ചെക്ക് ചെയ്യാനും ഉള്ളതിനാല്‍ ഞാനല്‍പ്പം വൈകിയാണ് ഊണ് കഴിക്കാന്‍ ചെന്നത്…….ചോറും ഒന്ന് രണ്ട് തൊട് കറികളും മീന്‍ ചാറും എടുത്ത ശേഷം ഞാന്‍ പ്രൊഡക്ഷനിലെ ചേട്ടനോട് ചോദിച്ചു, ചേട്ടാ പൊരിച്ചമീന്‍ ഇല്ലേ ? ഇല്ല അത് കഴിഞ്ഞു……

ഇത് കേട്ട തൊട്ടടുത്തിരുന്ന് ഊണ് കഴിച്ചോണ്ടിരുന്ന ആര്‍ട്ട് ഡയറക്ടര്‍ സന്തോഷ് രാമന്‍ ചേട്ടന്‍(സന്തോഷ് രാമൻ) എന്നോട് ചോദിച്ചു. ഒരു പൊരിച്ചമീനിലൊക്കെ എന്തിരിക്കുന്നടാ മോനെ? അല്‍പ്പം വൈകിയത് കൊണ്ട് എനിക്ക് കിട്ടേണ്ടിയിരുന്ന അവസാന പൊരിച്ചമീന്‍ തിന്നോണ്ടിരിക്കണ സന്തോഷേട്ടനും സന്തോഷേട്ടന്‍ തൊടുത്ത് വിട്ട ആ ചോദ്യവും എന്നെ ചില്ലറയൊന്നുമല്ല സ്പര്‍ശിച്ചത്!

അവിടുന്ന് ഞാനൊരു തീരുമാനമെടുത്തു, അല്‍പ്പം വരാന്‍ വൈകിയാലും പ്രൊഡക്ഷന്‍ പൊരിച്ചമീന്‍ മാറ്റിവെച്ച് കാത്തിരിക്കണ സംവിധായകനാവണം എങ്ങനയെങ്കിലും. പൊരിച്ചമീനോടുള്ള അടങ്ങാത്ത ആസക്തികൊണ്ട് അടുത്ത സിനിമ അസിസ്റ്റ് ചെയ്യാനൊന്നും ഞാന്‍ നിന്നില്ല. പെടുന്നനെ അടുത്ത സിനിമ ഡയറക്ട് ചെയ്തു. അന്നെനിക്ക് സ്വന്തമായ് 4 പൊരിച്ചമീന്‍ കിട്ടി. ആരും കാണാതെ ചോറിട്ട് മൂടി ഞാനത് ഒറ്റക്ക് തിന്നു. പാവം സന്തോഷേട്ടന്‍ ഇപ്പോള്‍ ഒരു ലോറി പൊരിച്ചമീന്‍ ഒറ്റക്ക് തിന്നത്തക്ക മലയാളത്തിലെ മൂല്ല്യമുള്ള ആര്‍ട്ട് ഡയറക്ടറാണ് ഇന്ന്….!

”ഒരു ഗഫൂര്‍ വൈ ഇല്ല്യാസ് ഒരു പൊരിച്ചമീനിലൊക്കെ പലതുമിരിക്കുന്നു ചിന്ത ”