Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോഹൻലാൽ ആയിരുന്നേൽ ആകെ പ്രശ്നം ആയേനെ’

zeenath-bhavana

മലയാളത്തില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ ചെയ്ത് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സീനത്ത്. സീനത്ത് സമൂഹമാധ്യമത്തിൽ കുറിച്ച കുറിപ്പ് ആണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. നടനും നിർമാതാവുമായ ലാലിന്റെ മകളുടെ വിവാഹസത്ക്കാരത്തിൽ പങ്കെടുത്തപ്പോൾ തനിക്കുണ്ടായ അനുഭവമാണ് രസകരമായ രീതിയിൽ നടി കുറിച്ചത്.

സീനത്തിന്റെ കുറിപ്പ് വായിക്കാം–

ഇന്നലെ സംവിധായകൻ ലാലിന്റെ മോളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. ഇങ്ങിനെയുള്ള അവസരത്തിലല്ലേ എല്ലവരെയും ഒരുമിച്ചു കാണു. പക്ഷെ ഹാളിലേക്കുള്ള എന്റെ എൻട്രി അവിടെയുള്ള എല്ലാവരെയും ഞെട്ടിച്ചു.. എന്നെയും .. നിങ്ങൾ പലതും തീരുമാനിക്കാൻ വരട്ടെ..

zeenath-bhavana-1

കൊച്ചി ഹോട്ടലിൽ ആയിരുന്നു വിരുന്ന്. ഞാൻ കാറിൽ നിന്നും ഇറങ്ങി. ഹോട്ടൽ മുഴുവൻ ദീപങ്ങൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. നല്ല സംഗീതം കേൾക്കാം.. ചുറ്റും ഒന്ന് കണ്ണോടിച്ചു അറിയുന്നവർ ആരെങ്കിലും ഉണ്ടോ ? ഇല്ല ആരേയും കാണുന്നില്ല. പെട്ടന്ന് റോസ്കളർ ഫ്രോക്ക് ധരിച്ച ഒരു പെൺകുട്ടി ഓടി വന്നു മാം വരൂ, അവൾ എന്നെ അകത്തേക്ക് ക്ഷണിച്ചു. 

കൈ മുന്നോട്ടു നീട്ടി നടക്കാൻ ആംഗ്യം കാണിച്ചു. ഞാൻ പതുക്കെ നടക്കാൻ തുടങ്ങിയതും മറ്റൊരു വശത്തുനിന്നും ഒരു വയലിൻ വായിച്ചുകൊണ്ടു ഒരാൾ വന്നു. ഞാൻ കരുതി അയാൾ അവിടെ നിൽക്കുമെന്ന്... ഇല്ല അയാൾ ഞാൻ നടക്കുന്നത് അനുസരിച്ചു അയാൾ വായന തുടങ്ങി. അയാൾ മുന്നിലും ഞാൻ പിന്നിലും. ഞാൻ നടത്തം ഒന്ന് നിർത്തി തിരിഞ്ഞു നോക്കി ഇനി മമ്മുക്കയോ ലാലോ (മോഹൻലാൽ ) ഉണ്ടോ പിന്നിൽ അവർക്കുള്ള വരവേൽപ്പ് ആണോ ? ഇല്ലാ ആരും ഇല്ല. ഞാൻ വീണ്ടും നടന്നു. സ്‌റ്റേജിന്റെ അടുത്തെത്തിയപ്പോൾ എല്ലാവരും ഒന്നടങ്കം തിരിഞ്ഞു എന്നെ നോക്കുന്നു. എനിക്കാണെങ്കിൽ ആകെ ചമ്മൽ. 

zeenath-bhavana-3

മമ്മുക്കയും ഉണ്ട് സ്റ്റേജിൽ. മമ്മുക്കയുടെ മുഖത്തും ഒരു അന്താളിപ്പ്...മനസ്സിൽ തോന്നിക്കാണും ഞാൻ ഇവിടെ ഉണ്ടല്ലോ പിന്നെ ആർക്കാ ഇത്രയും വലിയ ഒരു സംഗീത അകമ്പടി. സ്റ്റേജിൽ നിന്നും സിദ്ധിഖ്(സംവിധായകൻ ) സ്വതസിദ്ധമായ നർമത്തിൽ പൊതിഞ്ഞ ശൈലിയില്‍ അതാ വരുന്നു ഡയലോഗ്. ആഹാ സീനത്തിനായിരുന്നോ ഈ സംഗീതം ? ഉടനെ മനോജും മറ്റുള്ളവരും അത് ഏറ്റുപിടിച്ചു.. എന്റെ അവസ്ഥയോ തട്ടത്തിന്മറയത്തിലെ ഡയലോഗ് പോലെ.. എന്റെ സാറെ , ഒരു നിമിഷത്തേക്ക് ചുറ്റും ഉള്ളതൊന്നും കാണാത്തപോലെ.

എങ്ങിനെയോ പെണ്ണിനേയും ചെക്കനേയും ആശീർവദിച്ചു താഴെ ഇറങ്ങി ഞാൻ മറ്റുള്ളവരോട് ചോദിച്ചു എന്താ ശരിക്കും സംഭവിച്ചത് ? അത് മറ്റൊന്നും അല്ല വയലിൻ വായിക്കുന്ന ആർട്ടിസ്റ്റിനുള്ള എൻട്രി ആയിരുന്നു..

ആ ഫ്രോക്ധാരി സുന്ദരികുട്ട്യാ പണി പറ്റിച്ചേ. അവൾ ടൈമിംഗ് തെറ്റി എന്നെ അകത്തേക്ക് ക്ഷണിച്ചേ.വീട്ടിലേക്കു മടങ്ങുമ്പോൾ കാറിൽ ഇരുന്നു ഞാൻ ഒരു തമാശയായി ഓർത്തു. 

ഇതിപ്പോ ഞാൻ ആയത്കൊണ്ട് കുഴപ്പം ഇല്ല. എനിക്ക് പകരം മോഹൻലാൽ ആയിരുന്നേൽ ആകെ പ്രശ്നം ആയേനെ. മമ്മുക്ക വന്നപ്പോൾ മ്യൂസിക് ഇല്ല മോഹലാലാൽ വന്നപ്പോൾ ഗംഭീര സ്വീകരണം... സോഷ്യൽമീഡിയ അത് തകർത്തേനെ.. നാൻസിയും ലാലും കുടുങ്ങും മമ്മുക്കയോട് ഇതെങ്ങിനെ പറഞ്ഞു മനസിലാക്കും.