Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാതാ അമൃതാനന്ദമയിയെ പൊട്ടിച്ചിരിപ്പിച്ച സലിം കുമാർ

salim-kumar-amma

മലയാളസിനിമയിലെ കോമ‍ഡി രാജാക്കന്മാരിലൊരാളാണ് സലിം കുമാർ. ഓർത്ത് ഓർത്ത് ചിരിക്കാൻ സാധിക്കുന്ന നിരവധി കഥാപാത്രങ്ങളെ അദ്ദേഹം നമുക്ക് സമ്മാനിച്ചു. സിനിമയിൽ മാത്രമല്ല ജീവിതത്തിലും സലിം കുമാർ രസികനാണ്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങൾ പോലും അദ്ദേഹം നേരിടുക സ്വതസിദ്ധമായ നർമശൈലിയിലൂടെയാകും. അങ്ങനെയൊരു രസകരമായ കഥ സലിം കുമാർ ഈയിടെ പറയുകയുണ്ടായി. തന്റെ തമാശ കേട്ട് മാതാ അമൃതാനന്ദമയി പൊട്ടിച്ചിരിച്ച സംഭവം.

സലിം കുമാറിന്റെ വാക്കുകളിലേക്ക്–

‘കരൾ രോഗത്തിന്റെ ഓപ്പറേഷൻ അമൃത ഹോസ്പിറ്റലിലാണ് നടക്കുന്നത്. വലിയ പൈസ വേണ്ടിവരും. അപ്പോൾ അവിടുത്തെ ഡോക്ടർമാർ പറഞ്ഞു. അമ്മയെ പോയി കാണണം. ആത്മാഭിമാനിയായ ഞാൻ ചെന്ന് അമ്മയോട് എന്താണ് പറയേണ്ടത് ദാരിദ്ര്യമാണ് എന്ന് പറയാൻ പറ്റില്ലല്ലോ? എന്നെ സഹായിക്കണം എന്നും. 

ഇന്നുവരെ ആരുടെ അടുത്തുപോലും പറഞ്ഞിട്ടില്ല എന്റെ അച്ഛന്റെ അടുത്തോ, ബന്ധുക്കളുടെ അടുത്തോ സഹോദരങ്ങളുടെ അടുത്തോ പറഞ്ഞിട്ടില്ല എന്നെ സഹായിക്കണമെന്ന്. മരണം വരെ പോകുകയും ചെയ്യില്ല. ഡോക്ടർമാരുടെ നിർബന്ധപ്രകാരം ഞാൻ അമ്മയെ കാണാൻ ചെന്നു. ഇരിക്കാൻ പറഞ്ഞു. എന്താണ് വന്നത് അമ്മയോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു. 

salim-kumar-amma-2

എനിക്കൊരു പരാതിയുണ്ട് എന്ന് പറഞ്ഞപ്പോൾ മോൻ പറഞ്ഞോളാൻ പറഞ്ഞു. രണ്ട് വർഷം മുമ്പ് നടന്നതാണ്. എനിക്കിപ്പോൾ 46 വയസായി. അമൃതാ ഹോസ്പിറ്റലിലെ റജിസ്റ്ററിൽ 56 വയസാണ് അതൊന്നു മാറ്റിത്തരണം എന്ന് പറഞ്ഞു. ഇതുകേട്ടതും അമ്മ അര മണിക്കൂറോളം ചിരിച്ചു എന്നിട്ടു പറഞ്ഞു. പൈസയുടെ കാര്യത്തിൽ ഒന്നും കൊണ്ടും വിഷമിക്കേണ്ട, ഹോസ്പിറ്റലിൽ പോയി അഡ്മിറ്റായി ഓപ്പറേഷൻ ചെയ്യുക. മോനെ എനിക്ക് വേണം. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരാള് പറയുന്നത്. അന്നു മുതൽ അമൃതാനന്ദമയിയുടെ ഭക്തനായി.

salim-kumar-amma-1

പിന്നീട് ഞാൻ ആലോചിച്ചു. എന്തുകൊണ്ടായിരിക്കും അമ്മ അങ്ങനെ പറഞ്ഞത്. ചെല്ലുന്ന എല്ലാ ആളുകൾക്കും ദുരന്തകഥകളാകും പറയാനുള്ളത്. അതിനിടെയാണ് ഞാൻ ഈ കോമഡിയുമായി ചെല്ലുന്നത്.’–സലിം കുമാർ പറഞ്ഞു.