Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കരപക്കി അവതരിച്ചു

nivin-mohanlal

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു. മാംഗ്ലൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.

nivin-mohanlal-5

കഥയിലുടനീളം ഇല്ലെങ്കിലും സിനിമയെ വളരെയധികം സ്വാധീനിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. 19ാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറില്‍ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയെപ്പറ്റിയുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്.

nivin-mohanlal-1

നിവിന്റെ കൊച്ചുണ്ണിയുടെയും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കരപക്കിയുടെയും കോമ്പനിനേഷന്‍ സീനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നതെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചു.

nivin-mohanlal-6

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ ചെലവ് ഏകദേശം 45 കോടിക്ക് മുകളിലാണ്. ശ്രീ ഗോകുലം മൂവീസ് ആണ് നിർമാണം.

nivin-mohanlal-3

2 സ്റ്റേറ്റ്സ്, രംഗ് ദേ ബസന്തി, മുന്നാഭായി, ഭാഗ് മിൽക്കാ ഭാഗ് തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ ബിനോദ് പ്രധാന്‍ ആണ് ഛായാഗ്രാഹകൻ. ചിത്രസംയോജനം ശ്രീകർ പ്രസാദ്. ബാഹുബലിയുടെ പ്രൊഡക്‌ഷൻ കോ-ഓർഡിനേറ്റ് ചെയ്ത ‘ഫയർ ഫ്ലൈ’ ആകും കൊച്ചുണ്ണിയുടെയും നിർമാണ ഏകോപനം. 

തുപ്പാക്കി, ധോണി അൺടോൾഡ് സ്റ്റോറി, സ്പെഷൽ 26, ഉറുമി, പഴശിരാജ, ഗജിനി എന്നിവയുടെ കലാസംവിധാനം നിർവഹിച്ച സുനിൽ ബാബു ആണ് പ്രൊഡക്ഷൻ ഡിസൈനർ. സൗണ്ട് ഡിസൈനർ പിഎം സതീഷ് (കമീനേ, റോഡ്, തലാഷ്, ബാഹുബലി, പുലിമുരുകൻ). ആക്​ഷൻ ഡയറക്ടർ അല്ലൻ അമിൻ(ധൂം 2, ഡിഷ്യൂം, ആക്​ഷൻ ഹീറോ ബിജു, മുംബൈ പൊലീസ്, റേസ്). സംഗീതം ഗോപിസുന്ദർ. ആറ്-ഏഴ് ആക്‌ഷൻ സീനുകളുണ്ട്. ദക്ഷിണാഫ്രിക്കൻ സംഘം ഉൾപ്പടെയുള്ളവരാവും ഇത് ഒരുക്കുക. 

സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ് എന്നിവരും അഭിനയിക്കുന്നു. ചിത്രീകരണം പുരോഗമിക്കുകയാണ്. ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

‘കൊച്ചുണ്ണിയുടെ കഥയിൽ പലയിടത്തും അതെങ്ങനെ, എന്തുകൊണ്ടു സംഭവിച്ചു എന്ന ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. അതിനുള്ള ഉത്തരം തേടൽ കൂടിയാണ് ഈ സിനിമ. കള്ളനാകുന്നതിനു മുൻപുള്ള കൊച്ചുണ്ണിയുടെ കഥയും അതിജീവന ശ്രമങ്ങളും സാമൂഹിക സാഹചര്യങ്ങളും പ്രണയവുമെല്ലാമുണ്ട് ഇതിൽ. ത്രില്ലിങ് ആയി അതു പറയാനാണു ശ്രമം. Most dangerous man എന്നാണു സബ് ടൈറ്റിൽ. ചരിത്ര വിദ്യാർഥികൾ ഉൾപ്പെടെ എട്ടംഗ സംഘത്തിന്റെ രണ്ടര വർഷത്തെ പഠനത്തിനു ശേഷമാണു തിരക്കഥയെഴുതിയത്.’- ചിത്രത്തെക്കുറിച്ച് റോഷൻ ആൻഡ്രൂസ് ഒരഭിമുഖത്തിൽ പറഞ്ഞത്.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥ സിനിമയാവുന്നതു രണ്ടാം തവണയാണ്. 1966ൽ പുറത്തിറങ്ങിയ പി.എ.തോമസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിൽ സത്യനായിരുന്നു കൊച്ചുണ്ണിയായത്. 

‘കുട്ടിക്കാലം മുതൽ ഫാന്റസി സമ്മാനിച്ചൊരു കഥാപാത്രമാണു കായംകുളം കൊച്ചുണ്ണി. ഐതിഹ്യമാലയിൽ കൊച്ചുണ്ണിയുടെ നന്മ നിറഞ്ഞ വീര മോഷണ കഥകളുടെ വരികൾക്കിടയിൽ വായിക്കപ്പെടേണ്ട ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിനു കൊച്ചുണ്ണി വിവാഹിതനായി എന്നു മാത്രമാണുള്ളത്. അയാളുടെ പ്രണയം എങ്ങനെയായിരുന്നു. കള്ളനെ എന്തുകൊണ്ട് ആ സ്ത്രീ പ്രണയിച്ചു... അതെല്ലാം ഈ സിനിമയിലെ രസങ്ങളാണ്. അക്കാലത്തെ ഭാഷയിൽ പോലുമുണ്ടു രസം. മൂന്നു തവണയായി മാറ്റിയെഴുതി മിനുക്കിയെടുത്തതാണു തിരക്കഥ’- സഞ്ജയ് പറയുന്നു. 

കേരളത്തിൽ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കടലുമായി ബന്ധപ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് അടുത്ത സിനിമ. ലാറ്റിൻ കാത്തലിക് സമുദായവുമായി ബന്ധപ്പെട്ട കാപ്പിരി മിത്തൊക്കെ വരുന്നുണ്ടതിൽ. അതൊരു ബിഗ് ബജറ്റ് സിനിമയായിരിക്കും. അമേരിക്കൻ കമ്പനിയും ആ സിനിമയുടെ നിർമാണ പങ്കാളിയാകും. ഈ രണ്ടു സിനിമകളും തമിഴിലേക്കു മൊഴിമാറ്റുന്നുമുണ്ട്.