Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യ എന്ന നടന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നത്: സത്യന്‍ അന്തിക്കാട്

sathyan

ജയസൂര്യ നായകനായ ക്യാപ്റ്റന്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. പ്രജേഷ് സെനിന്റെ സംവിധാനത്തില്‍ വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന് കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് നല്‍കുന്നത്.

സിനിമയെ പുകഴ്ത്തി മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ‘വി.പി.സത്യന്‍ മലയാളിക്ക് അപരിചിതനല്ല. പക്ഷേ ‘ക്യാപ്റ്റന്‍’ എന്ന സിനിമ കാണുമ്പോഴാണ് സത്യന്‍ ആരായിരുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. ആ ജീവിതത്തിന് നമ്മുടെ മനസ്സിനകത്തേക്ക് പന്ത് തൊടുക്കാന്‍ ശക്തിയുണ്ടായിരുന്നുവെന്നറിയുന്നതും’. സത്യന്‍ അന്തിക്കാട് പറയുന്നു.

സത്യൻ അന്തിക്കാടിന്റെ കുറിപ്പ് വായിക്കാം–

അറിവുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. കഥകള്‍ നമുക്ക് ചുറ്റും തന്നെയുണ്ടെന്ന്. അത് കാണാനുള്ള കണ്ണുണ്ടായാല്‍ മാത്രം മതി. ‘ക്യാപ്റ്റനി’ലൂടെ പ്രജീഷ് സെന്‍ അത് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ പുതിയ സംവിധായകര്‍ പലര്‍ക്കുമുള്ള മനോഹരമായ കയ്യടക്കത്തോടെ.

വി.പി.സത്യന്‍ മലയാളിക്ക് അപരിചിതനല്ല. പക്ഷേ ‘ക്യാപ്റ്റന്‍’ എന്ന സിനിമ കാണുമ്പോഴാണ് സത്യന്‍ ആരായിരുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. ആ ജീവിതത്തിന് നമ്മുടെ മനസ്സിനകത്തേക്ക് പന്ത് തൊടുക്കാന്‍ ശക്തിയുണ്ടായിരുന്നുവെന്നറിയുന്നതും.

ജയസൂര്യ എന്ന നടന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. സിനിമയിലുടനീളം ജയസൂര്യയെയല്ല, വി.പി.സത്യന്‍ എന്ന കളിക്കാരനെയേ നമ്മള്‍ കാണുന്നുള്ളൂ. ചലനങ്ങളും നിശ്ശബ്ദമായ നോട്ടങ്ങളും കൊണ്ട് താന്‍ മികച്ച നടന്മാരുടെ നിരയില്‍ തന്നെയെന്ന് ജയസൂര്യ തെളിയിക്കുന്നു. അനു സിത്താരയുടെ ഒതുക്കമുള്ള അഭിനയവും എടുത്ത് പറയേണ്ടതാണ്.

ക്യാപ്റ്റന്റെ ശില്പികള്‍ക്ക് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങള്‍!