Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അടുത്തൊന്നും ഇതുപോലെ നീറിയിട്ടില്ല കരഞ്ഞിട്ടില്ല’; പ്രതിഷേധവുമായി താരങ്ങൾ

madhu-2

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. സമൂഹമാധ്യമങ്ങളിലെല്ലാം ഇതുതന്നെയാണ് ചർച്ച. സംഭവത്തിൽ താരങ്ങളുടെ പ്രതികരണം.

ടൊവിനോ തോമസ്

അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളു. വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവന്‍ ആണിവിടെ കൊടും കുറ്റവാളി. കോടികള്‍ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നു. പണമില്ലാത്ത അധികാരം ഇല്ലാത്ത പിടിപാടില്ലാത്ത ആരോഗ്യമില്ലാത്ത പാവങ്ങളെ തല്ലിക്കൊല്ലാനും നീതി നടപ്പാക്കാനും ഇവിടെ ഒരുപാട് ആളുകളുണ്ട്. ഇതെല്ലാം ഉള്ളവര്‍ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല! ഓരോരുത്തര്‍ക്കും ഓരോ നീതി. സൂപ്പര്‍

ഇതിനി ആരും രാഷ്ട്രീയവത്കരിക്കാന്‍ നിക്കണ്ട. എല്ലാരും കണക്കാ. ഞാനും നിങ്ങളും എല്ലാ പാര്‍ട്ടികളും എല്ലാ മതങ്ങളും ഗവണ്മെന്റും ടോട്ടല്‍ സിസ്റ്റവും ഒക്കെ കണക്കാ.ഇതിനേക്കാളൊക്കെ മുകളിലാണ് മനുഷ്യനെന്നും സഹജീവികളോടുള്ള സ്‌നേഹമെന്നും തിരിച്ചറിയുന്നത് വരെ ഒന്നും നേരെയാവില്ല. ശ്രീ മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞ പോലെ ഇതിന്റെ അവസാനം ഒരു revolution ആയിരിക്കും ”

മമ്മൂട്ടി

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആൾക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്...

ജയസൂര്യ

മധു… അത്’നീയാണ് ‘ അത്… ‘ഞാനാണ് ‘ മധുവില്‍ നിന്നും നമ്മളിലേക്ക് വെറും ഒരു വിശപ്പിന്റെ ദൂരം മാത്രം.. വിശപ്പിനെ, കൊല്ലേണ്ടതിന് വിശന്നവനെ കൊല്ലുന്ന ലോകത്തേക്ക് നമ്മുടെ നാടെത്തിയതില്‍ ഞാനും ലജ്ജിക്കുന്നു..എത്രയും പെട്ടന്ന് ഇതിനൊരു ശക്തമായി നടപടി ഉണ്ടാകുമെന്ന് അടിയൊറച്ച് ഞാന്‍ വിശ്വസിക്കുന്നു.

അരുൺ ഗോപി

മധു- തേൻ, നരഭോജികൾ നുകർന്ന് ഇല്ലാതാക്കിയ ഒരു കുടുംബത്തിന്റെ മധു. ആ മനുഷ്യന്റെ മുഖം മായാതെ എന്റെ മനസ്സിൽ കിടക്കുന്നു എന്ന് ഞാൻ പറയില്ല, കാരണം അത് മായും ഞാൻ മറക്കും.... ഞാൻ ഒരു മനുഷ്യനാണല്ലോ.... മറവിയുള്ള മനുഷ്യൻ... പക്ഷെ ആ മുഖം മായാത്ത ഒരു കുടുംബം ഉണ്ട് അയാൾക്ക്‌. പട്ടിണിയെ മോഷണം കൊണ്ട് തോൽപ്പിക്കാൻ ശ്രെമിച്ചു പോയ പാവം മധുവിന്റെ കുടുംബം... അവരുടെ പട്ടിണി മാറ്റാൻ എന്തെങ്കിലും ചെയ്യാം!! ഇല്ലെങ്കിൽ നാളെയും ആരെങ്കിലും കാട് ഇറങ്ങും ഉന്തിയ വാരിയെല്ലും ചൊട്ടിപോയ വയറുമായി, അപ്പോഴും കൊല്ലാൻ തക്കം പാർത്തു ആളുണ്ടാകും, വിലപിക്കാൻ നമ്മൾ കുറേപേർ ഫേസ്ബുക്കിലും...!!! കൊന്നവർക്കു എന്ത് ശിക്ഷ എന്ന് ഞാൻ ചിന്തിക്കുന്നില്ല!!! ശിക്ഷ അവരെത്തേടി എത്തുക തന്നെ ചെയ്യും...! പട്ടിണി മാറ്റാൻ ആ കുടുംബങ്ങൾക്കായി എന്തെങ്കിലും ചെയ്യാം അത്രമാത്രം.

ആഷിക്ക് അബു

കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും..!

സന്തോഷ് പണ്ഡിറ്റ്

നിരവധി നിഷ്ഠൂരവും ക്രൂരവുമായ കൊലപാതകങ്ങള്‍ക്കുമാണ്നാം കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷി ആകുന്നത്. അട്ടപ്പാടിയിലെ യുവാവിനെ ആള്‍ക്കൂട്ടം ചേര്‍ന്നു മര്‍ദ്ദിച്ചു കൊന്നതും (അതിനിടയില്‍ കുറേ പേര്‍ selfy എടുത്തു ആഘോഷിച്ചു),കണ്ണൂരിലെ ശുഹൈബിന്റെ മൃഗീയമായ കൊലപാതകവും,

ഗര്‍ഭസ്ഥ ശിശു പോലും ആക്രമണത്തില്‍ കൊല്ലപ്പെടുന്നതും നമ്മുടെ മൃഗീയ സ്വഭാവത്തിന്‌ടെ ഉദാഹരണങ്ങളല്ലേ ?

എല്ലാ കൊലപാതകങ്ങളും അപലപനീയങ്ങളാണ്. ഇതാണോ സാംസ്‌കാരിക കേരളം ?ഇതാണോ No 1 സംസ്ഥാനം. ഈ ലോകത്ത് പാസ്‌പോര്‍ട്ടും, കോടികളുമുള്ള മല്ല്യമാര്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോ?മധുവിനെ പോലത്തെ പാവപ്പെട്ടവര്‍ക്കും ജീവിക്കേണ്ടേ?

നാം കുറെ കൂടി സഹിഷ്ണുത കാണിക്കുക. 100% സാക്ഷരത പ്രവൃത്തിയില്‍ കൊണ്ടു വരിക.എല്ലാം ഭാവിയില്‍ ശരിയാകുമെന്നു വിശ്വസിക്കുന്നു.

സുരാജ് വെഞ്ഞാറമൂട്

നീ കാട് മോഷ്ടിച്ചത് കൊണ്ടല്ലേ മനുഷ്യാ.. അവന്‍ ചോറ് തേടിയിറങ്ങിയത്

സാജിദ് യഹിയ

ഞാൻ മധു...,ഇപ്പോൾ ഇരുട്ടിലാണ്....എനിക്ക് നിങ്ങളെ കാണാൻ കഴിയുന്നില്ല...നിങ്ങളൊക്കെ ആരാ......എന്നെ എന്തിനാ തല്ലിയേ....?

എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല....അവസാന ശ്വാസമെടുക്കുമ്പോഴും ഞാൻ ചോര തുപ്പിയതോർമയുണ്ട്....ഞാൻ അവസാനമായി എടുത്ത ഭക്ഷണ സാധനങ്ങൾ എവിടെ.....?അതവിടെക്കിടന്ന് എന്നെപ്പോലെ ജീർണ്ണിക്കുമോ.....? ചുറ്റിലും നോക്കണേ എന്നെപ്പോലെ ഇനിയും മധുമാരുണ്ട്..... അവരെ തല്ലരുത് .... വിശന്നിട്ടായിരിക്കും... വിശന്നാൽ ഭ്രാന്താവും എനിക്കന്നല്ല ആർക്കും.....നിങ്ങൾക്കും കുഞ്ഞുങ്ങൾക്കും വിശക്കാതെ സൂക്ഷിക്കണേ..... 

ഉത്തരേന്ത്യയിലല്ല നമ്മുടെ കേരളത്തിലെ അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് , മോഷ്ടിച്ചതോ വിശന്നപ്പോൾ അൽപം ഭക്ഷണം , ജനക്കൂട്ടം മനോരോഗിയായ ഒരു മനുഷ്യനെ അടിച്ച് കൊന്നിരിക്കുന്നു.

വിപിൻ ദാസ്

പേടിക്കണം മലയാളിയെ.. ജനാലയിൽ ഒട്ടിച്ച സ്റ്റിക്കറിന്റെ പേരിൽ ഉണ്ടാക്കിയ ഉൾഭയത്തിൽ തുടങ്ങി, മൊബൈലിൽ കുത്തിയിരുന്നു പരസ്പരം ഷെയർ ചെയ്തു പുകച്ച് വൈറൽ ആക്കി വാങ്ങിയ നമ്പർ വണ് കപ്പാണ് ഈ ഫോട്ടോയിൽ കാണുന്നത് !! വിവരവും വിദ്യാഭാസവും ഇല്ലാത്ത അന്യ സംസ്‌ഥാനക്കാർ ചെയ്യുന്നതിനേക്കാൾ പതിന്മടങ്ങ് ആഴമുണ്ട് സാംസ്കാര സമ്പന്നരായ മലയാളീയുടെ ഈ കലാപരിപാടിക്ക്. മതവും, ജാതിയും, അന്ധവിശ്വാസവും, കപട സദാചാരവും, സഹജീവികളോടുള്ള വെറുപ്പും എല്ലാം കൊണ്ടും ഇന്ത്യയിൽ അല്ല ലോകത്തെ തന്നെ ഒന്നാമനാണ് മലയാളീ.. എന്തിനെയും വൈറൽ ആക്കാൻ തുടങ്ങിയത് മുതൽ ഞാൻ അവരെ പേടിച്ചു തുടങ്ങിയിരിക്കുന്നു.. കാരണം അതെന്തായാലും ഒടുവിൽ നമുക്ക് സമ്മാനിക്കുന്നത് വെറുപ്പോ ദുരന്തമോ ആണ്... അറിഞ്ഞോ അറിയാതെയോ പാരമ്പര്യമായി പേരിന്റെ കൂടെ ഗമയിൽ ജാതിയുടെ തണ്ടു കൊണ്ടു നടക്കുന്നവനാണ് കീഴ് ജാതിയെന്നോ കാട്ടു വാസിയെന്നോ വിളിച്ചു കൂവി അന്തസ്സോടെ നിവർന്നു നിന്നു ഒരുവന്റെ ജീവനെടുക്കുന്നതിന്റെ യഥാർഥ കാരണക്കാർ.. ഇനിയും ജാതി വ്യവസ്ഥ മറ്റൊരു ജീവൻ എടുക്കുന്നതിനു മുൻപ് ഭൂമിയിലെ ഏറ്റവും ഉന്നതകുലജാതനായ ഒരു പാവത്തിന്റെ വിലമതിക്കാനാവാത്ത ജീവൻ പോയ എന്റെ ഏറ്റവും നിരാശജനകമായ ജന്മദിനത്തിൽ നിന്നു കൊണ്ടു പറയുന്നു.

ജിബു ജേക്കബ്

മലയാളിയായിപ്പോയതിനാലിപ്പോൾ ലജ്ജിച്ചു തല കുമ്പിടുന്നു

ജോയ് മാത്യു

സാക്ഷര - സംസ്കാര കേരളമേ ലജ്ജിക്കുക, ഇരുനൂറു രൂപയുടെ ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച്‌ അട്ടപ്പാടിയിൽ മധു എന്ന മാനസീകാസ്വാസ്‌ഥൃമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്നത്രെ-മധു ഒരു പാർട്ടിയുടേയും ആളല്ലാത്തതിനാൽ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല-കേസുകൾ തേഞ്ഞുമാഞ്ഞുപോകും. എങ്കിലും കൊല്ലപ്പെടുന്നതിനു മുബ്‌ കൈകൾകെട്ടിയിട്ടു മർദ്ദിക്കുന്നതിന്റെ മുന്നോടിയായി സെൽഫി എടുത്ത്‌ ആനന്ദിക്കുന്ന മലയാളിയെ ഓർത്ത്‌ നമുക്ക്‌ ലജ്ജിക്കാം.

ജിസ് ജോയ്

അടുത്തൊന്നും ഇത്പോലെ നീറിയിട്ടില്ല കരഞ്ഞിട്ടില്ല .. വീഡിയോ ഞാൻ കണ്ടില്ല , ഈ ജന്മം എന്നെകൊണ്ട് അതിനു കഴിയില്ല !

മധു , നിന്നെ കൊണ്ട് മോഷ്ടിപ്പിച്ചതിനു പിന്നിലെ കണ്ണീരും വിശപ്പും പിന്നെയും എത്രയോ അറിയാത്ത കഥകളും കാത്തിരുപ്പുകളും ഞങ്ങളെ കരയിച്ചുകൊണ്ടേയിരിക്കുന്നു !! നിന്നോട് മാപ്പു എല്ലാവരും പറയുന്നുണ്ട് ഇപ്പോൾ !!

അധികാരികളുടെ അധികാരത്തിലും കഴിവിലും ഇനിയും വിശ്വാസം നശിഞ്ഞിട്ടില്ലാത്ത ഒരു ചെറിയ വിഭാഗത്തിൽ ഞാനുമുണ്ട് .ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യണം ! ഇനി ഇത് ഈ നാട്ടിൽ അവർത്തിച്ചുകൂടാ , ആ ഉറപ്പാണ് നിന്നോട് പറയാവുന്ന ഏറ്റവും വലിയ മാപ്പ്.

നിവിൻ പോളി

ഹൃദയശൂന്യതയെന്ന് പറഞ്ഞാൽ അത് താരതമ്യേന കുറഞ്ഞുപോകും. കണ്ണിലും മനസ്സിലും അന്ധകാരം നിറഞ്ഞ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിൽ മനുഷ്യനെന്ന നിലയിൽ നാം ഓരോരുത്തരും ലജ്ജിച്ചു തല താഴ്ത്തേണ്ട അവസ്ഥയാണ്. വിശപ്പിന്റെ രുചിമറക്കാൻ മരണത്തിന്റെ രുചിയറിയെണ്ടിവന്ന ഒരു പച്ച മനുഷ്യൻ. സുഹൃത്തേ... ഒരേ ഒരു വാക്ക്.... മാപ്പ്.! എല്ലാത്തിനും...

മഞ്ജു വാരിയർ

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിൽ ജനിച്ചു വളർന്ന്, തൊഴിൽ ചെയ്തു ജീവിച്ച, എപ്പോഴോ ബോധം മറഞ്ഞു പോയ, ഒരിക്കലും ആരെയും നോവിക്കാതെ കഴിഞ്ഞു പോയ ഒരു ജീവൻ. ഒറ്റ വരിയിൽ പറഞ്ഞാൽ അതായിരുന്നില്ലേ മധു. കാട്ടിൽ കഴിക്കാൻ ഒന്നുമില്ലാതെ വരുമ്പോൾ നാട്ടിലേക്കു വന്നു വിശപ്പടക്കാൻ വഴി തേടിയ ഒരാൾ. സ്വന്തം ഊരിലെ ആൾക്കൂട്ടം നീതി നടപ്പിലാക്കിയപ്പോൾ വിശപ്പിന്റെ വിലയായി സ്വന്തം ജീവൻ കൊടുക്കേണ്ടി വന്ന യുവാവ്.

മധുവിന് മുന്നിൽ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കണ്ടു, തിരിച്ചടിക്കാൻ ശേഷിയില്ലാത്തവർക്കും, പാവപ്പെട്ടവർക്കും, വിശക്കുന്നവർക്കും എതിരെ ക്രൂരമായി മുഖം തിരിക്കുന്ന നമ്മളിൽ കുറച്ചു പേരുടെയെങ്കിലും രാക്ഷസ മുഖം.

ആൾക്കൂട്ടത്തിന്റെ ഇത്തരം പ്രവർത്തനങ്ങളുടെ സ്ഥലമല്ല കേരളം എന്ന് വിചാരിച്ചിരുന്ന കാലം മുമ്പുണ്ടായിരുന്നു. മധുവിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു, അദ്ദേഹത്തിന് മരണാനന്തരമെങ്കിലും നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

വി എ ശ്രീകുമാര്‍ മേനോൻ

മനുഷ്യത്വത്തെ തല്ലിക്കൊന്ന തോന്നിയവാസികൾ!

ഞാൻ ഉൾപ്പെടുന്ന മനുഷ്യവർഗമാണല്ലോ മധൂ നിനക്കീ അവസ്ഥവരുത്തിയത്. നിന്റെ നിറമില്ലായ്മയും, ബുദ്ധിക്കുറവും, ലക്ഷ്യമില്ലായ്മയും നിന്നെ തല്ലാൻ ഒരു കാരണമാക്കിയവർ, ഇതെല്ലാം വേണ്ടുവോളമുള്ളവർ, ഒന്ന് കണ്ടില്ല, നിന്നിലെ 'വിശപ്പ്'. നെറികേടുകളെയും അനീതിയേയും എന്നും ചോദ്യം ചെയ്തിട്ടുള്ള നമ്മുടെ യുവാക്കളാണ് സെൽഫി സഹിതം ഇതു ചെയ്തത് എന്നോർക്കുമ്പോൾ വേദനയേറുന്നു. ഇന്ത്യയിലെ ഏതെങ്കിലും ഒരു കോണിൽ ഇത്തരം സംഭവങ്ങൾ കേൾക്കുമ്പോൾ അവർക്കു നേരെ കൈ ചൂണ്ടിയിരുന്ന നമ്മൾ സാക്ഷര പ്രബുദ്ധർക്ക് ഇന്ന് എന്ത് ജ്ഞായമുണ്ട് വിശദീകരിക്കാൻ. സാങ്കേതിക വിദ്യകളെ നമുക്കിടയിൽ വളരുന്നുള്ളൂ, സാമാന്യ ബോധം ഇല്ലാതാവുകയാണ്.

ആദിവാസി ക്ഷേമത്തേയും, വികസനത്തേയും കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന നമുക്ക് എന്ത് വിശദീകരണമാണ് നൽകാനാവുക. വിശപ്പിന്റെ വിളി എല്ലാവർക്കും ഒന്ന് തന്നെയെന്ന് നമ്മൾ ഓർത്തില്ല. ഇനി ഇതും നമ്മൾ സൗകര്യപൂർവം മറക്കും. നാളെ മറ്റൊന്ന് കേൾക്കുമ്പോൾ അതിനു പിന്നിൽ ചർച്ച ചെയ്തു വിജയിക്കാൻ ഓടും. പിന്നെയും ഹാഷ്ടാഗുകളായി, പോസ്റ്ററുകളായി.

മധൂ, വിശന്ന് വലഞ്ഞ, ഒരിറ്റു വെള്ളം കിട്ടാതെ നീ മരിച്ചത് എന്നെ ആഘാതമായ ഭീതിയിൽ ആഴ്‌ത്തുന്നു. മനുഷ്യത്വത്തേയും, വിശപ്പിനേയും വില വയ്‌ക്കാത്ത നമ്മൾ എങ്ങോട്ടാണ് പായുന്നത് എന്ന ഭീതി.

ഒരു അർഹതയും ഇല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ പറയട്ടെ, മാപ്പ്!

അനിൽ പി. നെടുമങ്ങാട്

ഭ്രാന്ത് പിടിച്ച ജനക്കൂട്ടമെ...എന്താണ് മുഷിഞ്ഞ ഭാണ്ഡത്തിൽ നിങ്ങൾ കണ്ടെത്തിയത്..കായലോ മലയോ.. കോടികളുടെ കുംഭകോണമോ??

related stories