Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പച്ചപ്പരിഷ്കാരി’ അഥവാ മമ്മൂട്ടിയുടെ അയല്‍വാസി: കുഞ്ചന്‍

kunjan-mammootty

മമ്മൂട്ടിയുടെ പുതിയ ചിത്രം കോട്ടയം കുഞ്ഞച്ചനാണ് എവിടെയും ചർച്ചാ വിഷയം. സിനിമ പ്രഖ്യാപിച്ചതു മുതൽ ചില വിവാദങ്ങളും സിനിമയെ ചുറ്റിപ്പറ്റി തലപൊക്കി. എങ്കിലും മമ്മൂട്ടിയുടെ അച്ചായൻ റോളുകൾക്ക് തുടക്കം കുറിച്ച കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയിൽ ചെറിയ വേഷമെങ്കിലും ശ്രദ്ധിക്കപ്പെട്ട ഒരാളുണ്ട്. നടൻ കുഞ്ചൻ. നായികയെ പെണ്ണുകാണാനെത്തുന്ന പച്ചപ്പരിഷ്ക്കാരി പയ്യൻ. കുഞ്ഞച്ചന്റെ ഭാഷയിൽ തലമുഴുവൻ എണ്ണതേച്ച്, മുപ്പത്താറിഞ്ചു ബെൽറ്റും സ്വർണപ്പല്ലുമൊക്കെ വച്ച ഒരു കാട്ടുമാക്കാൻ. കോട്ടയം കുഞ്ഞച്ചനിൽ അഭിനയിച്ച സമയത്തെ ഒാർമകൾ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പങ്കുവയ്ക്കുകയാണ് നടൻ കുഞ്ചൻ.

ഏയ് ഒാട്ടോ സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് കോട്ടയം കുഞ്ഞച്ചനിലേക്ക് വിളിക്കുന്നത്. ചെറിയ റോളാണെന്ന് പറഞ്ഞു. ഏതു വേഷമാമെങ്കിലും ചെയ്യാൻ ‍ഞാൻ തയ്യാറായിരുന്നു. പച്ചപരിഷ്ക്കാരി പയ്യനാണെന്നു പറഞ്ഞു. ആ സീൻ ഇത്രകയറി കൊളുത്തുമെന്ന് കരുതിയില്ല. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫാണ് വിളിക്കുന്നത്. സത്യത്തിൽ നടൻ ശ്രീനിവാസൻ ചെയ്യാനിരുന്ന വേഷമായിരുന്നു അത്. അദ്ദേഹത്തിന്റെ തിരക്കുമൂലം ചെയ്യാൻ സാധിച്ചില്ല. പിന്നീടാണ് ഞാനിക്കാര്യം അറിയുന്നത്.

ഇത്രവർഷങ്ങൾ പിന്നിട്ടിട്ടും ആളുകൾ ആ കഥാപാത്രം ഒാർത്തിരിക്കുന്നതിൽ സന്തോഷമുണ്ട്. ദൈവാനുഗ്രഹം പോലെ വന്നുചേരുന്ന കഥാപാത്രങ്ങളാണിതെല്ലാം. അതിലെ കഥാപാത്രം പറയുന്ന ‘ഇഷ്ടപ്പെറ്റു’ എന്ന വാക്ക് ഇപ്പോഴും പുറത്തുവച്ച് കാണുമ്പോൾ ആളുകൾ പറയാറുണ്ട്.പുതിയ സിനിമയിൽ ഇൗ കഥാപാത്രമുണ്ടാകുമോ എന്നൊന്നും അറിയില്ല. കാരണം ചെറിയ റോളായിരുന്നല്ലോ? അത് ഡവലപ്ചെയ്യണമോ എന്നൊക്കെ തീരുമാനിക്കേണ്ടത് അണയറ പ്രവർത്തകരാണ്. 

മമ്മൂക്ക എന്റെ സുഹൃത്താണ്. അദ്ദേഹവുമായുള്ള ആത്മബന്ധം വളരെക്കാലം മുന്‍പ് തുടങ്ങിയതാണ്. അദ്ദേഹവും ഞാനും അയൽവാസികളാണ്. എന്റെ സുഹൃത്തിന്റെ ജ്യേഷ്ഠന്റെ മകളാണ് അദ്ദേഹത്തിന്റെ പത്നി സുലു. അവരെയും ചെറുപ്പം മുതലേ കാണുന്നതാണ്. കൊച്ചിയിലെ വീടിരിക്കുന്ന സ്ഥലം ഞാനാണ് അദ്ദേഹത്തിന് കാണിച്ചു കൊടുക്കുന്നത്. അങ്ങനെ മമ്മൂക്ക വാങ്ങുകയായിരുന്നു. എന്റെ ഭാര്യയും സുലുവും നല്ല സുഹൃത്തുക്കളാണ്– കുഞ്ചന്‍ പറയുന്നു.

സിനിമകൾ മന:പൂർവം കുറച്ചതൊന്നുമല്ല. കുറെ അഭിനയിച്ചില്ലേ ഇനി പുതിയ കുട്ടികൾ ചെയ്യട്ടെ, ഇപ്പോൾ രണ്ട് ചിത്രങ്ങൾ ചെയ്തു. ബാലചന്ദ്രമേനോന്റേതും മണിയൻപിള്ള പ്രൊഡക്ഷൻസിന്റേതും. മാത്രമല്ല ഇൗ ചൂടിൽ ദൂരെയൊന്നും പോയി ഒരുപാട് ദിവസം മാറിനിന്ന് അഭിനയിക്കാനും സാധിക്കില്ല, കുഞ്ചൻ പറഞ്ഞുനിര്‍ത്തി. 

related stories