Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരക്കാറിന്റെ തിരക്കഥ പൂർത്തിയായി; വരുന്നത് വമ്പൻ സിനിമ

marakkar-movie

മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണവുമായി ഒരുങ്ങുന്ന മരക്കാറിന്റെ തിരക്കഥ പൂർത്തിയായി. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന സിനിമയുടെ പേര് മരക്കാർ, അറബിക്കടലിന്റെ സിംഹം എന്നാണ്. ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും ചേർന്നും. ചിത്രീകരണം നവംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ ചിത്രത്തെക്കുറിച്ച് പ്രിയദർശന്റെ വാക്കുകൾ–

‘വളരെ നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ഈ സിനിമ. ടി. ദാമോദരനുമായി ചിത്രത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ചർച്ച ചെയ്തിരുന്നു. അദ്ദേഹം നൽകിയ ആശയങ്ങളും സാധ്യതകളും തിരക്കഥയിലുണ്ട്. ചരിത്രത്തിനൊപ്പം ഫിക്‌ഷനും ചേർത്താണ് കഥ തയാറാക്കിയിരിക്കുന്നത്. എനിക്കൊപ്പം ഐ.വി ശശിയുടെ മകൻ അനിയും തിരക്കഥയിൽ പങ്കാളിയാണ്’.

കുഞ്ഞാലിമരക്കാരുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയപ്പോൾ കൃത്യമായ ചരിത്രം എവിടെയും പ്രതിപാദിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പ്രിയന്‍ പറഞ്ഞു. കുഞ്ഞാലിമരക്കാരുടെ പേരിൽ ഇതിനു മുമ്പ് സിനിമ വന്നിട്ടുണ്ട്. എന്നാൽ പ്രിയദർശനും മോഹൻലാലും ചെയ്യുന്നത് കുഞ്ഞാലി നാലാമന്റെ കഥയാണ്.

കാലാപാനി ചെയ്യുന്ന സമയത്തും അതിന്റെ ബജറ്റിനെക്കുറിച്ച് വലിയ ആശങ്കകളുണ്ടായിരുന്നു. ഇന്ന് ഈ സിനിമ ചെയ്യുന്നതും അതേ വെല്ലുവിളിയോടെയാണെന്നും പ്രിയൻ പറഞ്ഞു.

ഹിന്ദി, തെലുങ്ക്, ബ്രിട്ടിഷ് താരങ്ങൾ സിനിമയിൽ അണിനിരക്കും. ചൈനീസ് താരവും സിനിമയിൽ എത്തുന്നുണ്ട്. സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കടലിലാകും ചിത്രീകരിക്കുക. പ്രിയദർശന്റെ 95 ാമത്തെ ചിത്രമാണ് മരക്കാർ; ആശീർവാദിന്റെ 25 ാമത്തേതും.