Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവ ചലച്ചിത്രമേളയിൽ ആറ് മലയാളസിനിമകൾ

goa-2018-films

49ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിലേക്ക് ആറ് മലയാള സിനിമകള്‍ തിരഞ്ഞെടുത്തു. ഇന്ത്യൻ പനോരമയിൽ 26 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോഴാണ് മലയാള സിനിമയ്ക്ക് നേട്ടമായി ആറുസിനിമകൾ തിരഞ്ഞെടുത്തത്. ഷാജി എൻ കരുണിന്റെ ഓള് ആണ് ഉദ്ഘാടന ചിത്രം. സിനിമയുടെ ആദ്യ പ്രദർശനം കൂടിയാകും അന്ന് നടക്കുക.

22 ഫീച്ചർ സിനിമകളും നാല് മെയിൻ സ്ട്രീം സിനിമകളുമാകും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുക. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുൽ രവയിലിന്റെ അധ്യക്ഷതയിലുള്ള ജൂറിയിൽ മലയാളിയായ മേജർ രവിയടക്കം പന്ത്രണ്ടോളം ചലച്ചിത്ര പ്രവർത്തകരാണുള്ളത്.

മലയാളത്തിൽ നിന്നും ഷാജി എൻ കരുണിന്റെ ‘ഓള്’ന് പുറമെ എബ്രിഡ് ഷൈനിന്റെ ‘പൂമരം’, സക്കരിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’, ജയരാജിന്റെ ‘ഭയാനകം’, റഹീം ഖാദറിന്റെ ‘മക്കന’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈമയൗ’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. മമ്മൂട്ടി നായകനായ ‘പേരൻപ്’ തമിഴിൽ നിന്നും പനോരമയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. മാരി ശെൽവരാജിന്റെ ‘പരിയേറും പെരുമാളാ’ണ് തിരെഞ്ഞെടുത്ത ശ്രദ്ധേയമായ മറ്റൊരു തമിഴ് സിനിമ.

മെയ്ൻസ്ട്രീം സിനിമാ വിഭാഗത്തിൽ ദുൽഖർ–കീർത്തി സുരേഷ് എന്നിവർ അഭിനയിച്ച മഹാനടി, ഹിന്ദിയിൽ നിന്നും പത്മാവത്, റാസി, ഗൈടർ സിന്ദാഹേ എന്നിവ തിരഞ്ഞെടുത്തിട്ടുണ്ട്.

നോൺ ഫീച്ചർ വിഭാഗത്തിലെ ചിത്രങ്ങളിൽ മലയാളത്തിൽ നിന്നും മൂന്ന് സിനിമകളാണ് തെരഞ്ഞെടുത്തത്. രമ്യ രാജിന്റെ ‘മിഡ് നൈറ്റ് റൺ’, വിനോദ് മങ്കരയുടെ ‘ലാസ്യം’, ഷൈനി ജേക്കബ് ബെഞ്ചമിന്റെ ‘സ്വോഡ് ഓഫ് ലിബർട്ടി’ എന്നിവയാണ് അത്. മറാത്തിയിൽ നിന്നുള്ള ‘ഖർവാസ്’ ആണ് നോൺ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം.

നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

related stories