Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിലകനെ നിർദേശിച്ചത് എം.ടി.; പെരുന്തച്ചനു ശേഷം പിന്നീടെന്തുകൊണ്ട് അജയൻ സിനിമ ചെയ്തില്ല

ajayan-thilakan

വള്ളികുന്നത്തു നിന്നു കാറിൽ കയറുമ്പോൾ മധുവിന് ഒറ്റ കണ്ടീഷൻ മാത്രം; കൊല്ലത്തു നിർത്തണം, എസ്.കെ. നായരെ കണ്ടിട്ടു പോകണം. ‘ഏണിപ്പടികളു’ടെ ചിത്രീകരണത്തിനിടെ ഒരു ഓണക്കാലത്താണു മധു വള്ളികുന്നത്തെ തോപ്പിൽ ഭാസിയുടെ വീട്ടിൽ വന്നത്. സന്തോഷപൂർവമുള്ള സംഗമം കഴിഞ്ഞു പോകാനിറങ്ങിയപ്പോൾ മകൻ അജയനെ ഭാസി മധുവിനൊപ്പം ഡ്രൈവറായി വിട്ടു. 

അജയനന്നു കോളജ് വിദ്യാർഥിയാണ്. ആ പ്രായത്തിൽ തിരുവനന്തപുരം വരെ കാറോടിക്കാൻ കിട്ടുന്നതു നല്ല സുഖമുള്ള കാര്യവുമാണ്. മധു കാറിൽ കയറിക്കിടന്നുറങ്ങി. അജയൻ കൊല്ലത്തൊന്നും നിർത്താൻ പോയില്ല. നേരെ തിരുവനന്തപുരത്തു മധുവിന്റെ വീടിനു മുന്നിൽ ചെന്നു ബ്രേക്കിട്ടു. സാധാരണഗതിയിൽ മധു ചൂടാവേണ്ടതാണ്. പക്ഷേ, ഭാസിയുടെ മകനായതുകൊണ്ടാവാം, ഒന്നും പറയാതെ പയ്യനെ മടക്കിവിട്ടു. 

Perumthachan Movie Clip 20 | Climax

ഒരിക്കൽ ഭാസിയുടെ വീട്ടിൽ വയലാർ വന്നപ്പോൾ അജയൻ നല്ല ചീട്ടുകളിയിലാണ്. ചീട്ടുകളിയിലെ കേമത്തം വയലാറിനു നല്ലപോലെ പിടിച്ചു. ‘ഭാസീ, ഞാനിവനെ കൊണ്ടുപോവുകയാ. അമ്മയ്‌ക്കിവന്റെ ചീട്ടുകളി നല്ല ഇഷ്‌ടമാവും’ എന്നു വയലാർ. രാത്രി ഏറെ നീണ്ട കൂട്ടായ്‌മ കഴിഞ്ഞു മടങ്ങിയപ്പോൾ, പണ്ടു മധു കൊല്ലത്തെ മറന്നതുപോലെ വയലാറും അജയനോടു പറഞ്ഞ കാര്യം മറന്നു. 

അച്‌ഛനും അച്‌ഛന്റെ കൂട്ടുകാരും വീട്ടിലേക്കു കൊണ്ടുവന്ന സിനിമ അജയന്റെ മനസ്സിൽനിന്ന് ഒരിക്കലും ഇറങ്ങിപ്പോയില്ല. ആലപ്പുഴ എസ്‌ഡി കോളജിൽ ഡിഗ്രിക്കു പഠിക്കുമ്പോൾ കലക്‌ടറേറ്റിനു മുന്നിലെ വുഡ്‌ലാൻഡ്‌സ് ഹോട്ടലിൽ താമസിച്ചു സിനിമ കണ്ടുകൊണ്ടേയിരുന്നു. അതുകഴിഞ്ഞ് അഡയാർ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കാൻ പോയപ്പോൾ പിന്നെ സിനിമ ജീവിതം തന്നെയായി. ഇൻസ്‌റ്റിറ്റ്യൂട്ടിലെ അവസാനവർഷം ഡിപ്ലോമ ഫിലിം ചെയ്യണം. അജയൻ മൂന്നു തിരക്കഥ സമർപ്പിച്ചു. മനസ്സിൽ ഒന്നാം സ്‌ഥാനം ‘മാണിക്യക്കല്ലി’നായിരുന്നു. 

സരള എന്ന പേരിൽ എം.ടി. വാസുദേവൻ നായർ എുതിയ ‘മാണിക്യക്കല്ല്’ സ്‌കൂളിലെ ഉപപാഠ പുസ്‌തകമായി പഠിച്ച കാലത്തേ അജയന്റെ മനസ്സിൽ തിളങ്ങിത്തുടങ്ങിയതാണ്. രണ്ടാമതു സമർപ്പിച്ചത്, മകനെ കൊല്ലുന്ന പെരുന്തച്ചന്റെ കഥ. ‘അച്‌ഛൻ മകനെ കൊല്ലുമോ?’ എന്നു തമിഴ്നാട്ടിലെ പ്രഫസർമാർക്കു വലിയ വിസ്‌മയം. അവർ സ്വീകരിച്ചതു മൂന്നാമത്തെ തിരക്കഥയാണ്. ‘റിഥം’ എന്ന പേരിൽ അതു 10 മിനിറ്റ് ഹ്രസ്വചിത്രമാക്കി. അതിനു സ്വർണമെഡൽ കിട്ടി. ഛായാഗ്രഹണത്തിനും എഡിറ്റിങ്ങിനും ശബ്‌ദലേഖനത്തിനും വേറെ ബഹുമതികളും. 

Perumthachan Movie Clip 5

പ്രഫസർമാർ തള്ളിക്കളഞ്ഞെങ്കിലും, മാണിക്യക്കല്ലും പെരുന്തച്ചനും അജയന്റെ മനസ്സിൽനിന്നു മാഞ്ഞതേയില്ല. അഡയാറിലെ പഠനകാലത്തു കിട്ടിയ 5,000 രൂപ സ്‌കോളർഷിപ്പുമായി നേരെ എംടിയെ കാണാൻ കോഴിക്കോട്ടേക്കു പോയി. ആ പണം എംടിക്ക് അഡ്വാൻസായി കൊടുത്തിട്ടു പറഞ്ഞു, ‘സാർ, മാണിക്യക്കല്ല് സിനിമയാക്കാൻ എനിക്കു വലിയ മോഹമാണ്. സാറതു തിരക്കഥയായി എഴുതിത്തരണം’. പയ്യനെ പിടിച്ചതുകൊണ്ടോ, ഭാസിയുടെ മകനായതുകൊണ്ടോ, എംടി എതിരൊന്നും പറഞ്ഞില്ല. കുറച്ചു കാലംകൊണ്ടു തിരക്കഥ എഴുതിക്കൊടുക്കുകയും ചെയ്‌തു. 

പിൽക്കാലത്തു ഭാവചിത്ര ഫിലിംസ് ആരംഭിച്ച ജയകുമാർ സിനിമ നിർമിക്കാൻ ആലോചിക്കുന്ന കാലമാണ്. അജയൻ ‘മാണിക്യക്കല്ല്’ ജയകുമാറിനെ ഏൽപിച്ചു. ഭ്രമാത്മകാനുഭവമുള്ള ആ കഥ സിനിമയാക്കാൻ ചില്ലറയല്ല ചെലവ്. അന്നത്തെ ഇന്ത്യയിലെ സാങ്കേതിക സൗകര്യങ്ങൾ അതിനു പോര. ‘മാണിക്യക്കല്ല്’ ഉടനെ നടക്കില്ലെന്നുറപ്പായപ്പോൾ, അജയൻ മോഹത്തിന്റെ രണ്ടാം ഭാണ്ഡമിച്ചു. ‘പെരുന്തച്ചൻ’ സിനിമയാക്കാമെന്ന അജയന്റെ അഭ്യർഥനയും എംടി തള്ളിക്കളഞ്ഞില്ല. 

തിരക്കഥ എുതിക്കൊടുത്തിട്ട് എംടി പറഞ്ഞു; ‘അസുരഗണത്തിൽപ്പെട്ടയാളാണു പെരുന്തച്ചൻ. ആ വേഷത്തിനു തിലകനെ വയ്‌ക്കുന്നതു നന്നായിരിക്കും’. ആ വേഷമൊഴിച്ചു മറ്റെല്ലാം നിർണയിച്ചത് അജയൻ തന്നെ. കണ്ടാൽ തനി കേരളമെന്നു തോന്നുന്ന ‘പെരുന്തച്ചൻ’ രംഗങ്ങളൊക്കെ കർണാടകയിലെ കുന്താപുരയിൽ മാത്രം ചിത്രീകരിച്ചതായിരുന്നു! ആരാധന നടക്കുന്ന ക്ഷേത്രത്തിലെ ഓടുകൾ മുഴുവൻ ഇളക്കിവച്ചുപോലും ആ നാട്ടുകാർ ഈ സിനിമയ്‌ക്കായി സഹകരിച്ചു. 

‘പെരുന്തച്ചൻ’ എന്ന സമാനതകളില്ലാത്ത സിനിമയുടെ അസാമാന്യ വിജയത്തിനുശേഷം അജയന്റെ മനസ്സിൽ ദൃശ്യമായി പിറന്നതു ‘മാണിക്യക്കല്ല്’ മാത്രമാണ്. ആ സിനിമയുടെ സാക്ഷാത്‌ക്കാരത്തിനുള്ള യാത്രയിലാണു കഴിഞ്ഞ 23 വർഷവും, അദ്ദേഹം. ഗുഡ്‌നൈറ്റ് മോഹൻ ഈ സിനിമയെടുക്കാമെന്ന് ആലോചിക്കുകയും സാങ്കേതിക സൗകര്യങ്ങൾ തേടി അജയനും മോഹനും ലണ്ടനിലും ബോളിവുഡിലുമൊക്കെ കറങ്ങുകയും ചെയ്‌തതാണ്. ഒന്നും സാഫല്യത്തിലേക്കെത്തിയില്ല. 

എങ്കിലും, ഒരിക്കലും ശോഭ മങ്ങാത്തൊരു രത്നമായി അജയന്റെ മനസ്സിൽ ആ ‘മാണിക്യക്കല്ല്’ തിളങ്ങിക്കൊണ്ടേയിരിക്കുന്നു. ‘ഞാനതു ചെയ്യും’ എന്ന് അജയന്റെ നിശ്‌ചയദാർഢ്യം ഉണ്ടായിരുന്നു. അതോടൊപ്പം മറ്റൊരു മോഹംകൂടി അദ്ദേഹത്തിനുണ്ടായിരുന്നു; അച്‌ഛന്റെ ‘ഒളിവിലെ ഓർമകൾ’ സിനിമയാക്കണം. ഒരൊറ്റ സിനിമകൊണ്ടു മലയാളത്തിൽ അജയ്യനായൊരു സംവിധായകൻ.