ADVERTISEMENT

മമ്മൂട്ടിയുടെ മെഗാ മാസ് ചിത്രം മധുരരാജ തിയറ്ററുകളിലെത്തിയപ്പോൾ അതിലൊരു ഫ്രെയിമിൽ തന്റെ മുഖം തെളിയുന്നതും നോക്കി നിന്ന ചെറുപ്പക്കാരൻ കൂട്ടുകാരെ കാണിക്കാനായി ആ ഫ്രെയിം ഫോട്ടോയിൽ പകർത്തി. ഇന്ന് തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ കൗണ്ടർ വീരനായി എത്തി തിയറ്ററുകളിൽ ചിരി പടർത്തുകയാണ് അതേ ചെറുപ്പക്കാരൻ. തണ്ണീർ മത്തനിലൂടെ തിളങ്ങിയ നടൻ നസ്‌ലെന്റെ സുഹൃത്തുക്കൾ പങ്കുവച്ച ഒരു ഓർമ്മയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

 

‘അന്ന് മധുരരാജ റിലീസ് ആയപ്പോൾ ഒരു ഫ്രെയിമിൽ താനുണ്ടെന്നും പറഞ്ഞ് തിയറ്ററിൽ വച്ച് ഫോട്ടോ എടുത്ത് ഞങ്ങളെ ഒക്കെ കാണിച്ച അതേ നെസ്‌ലി, ഇന്ന് അവന് വേണ്ടി കൈയ്യടിക്കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും വേണ്ടി കുറേ ആളുകളൊക്കെ വരുന്നത് കാണുമ്പോളൊക്കെയാണ് ‘തണ്ണീർമത്തൻ ദിനങ്ങളു’ടെ വിജയം ഏറെ പ്രിയപ്പെട്ടതായി മാറുന്നത്’. നസ്‌ലെന്റെ സുഹൃത്ത് കുറിച്ചു.

 

നസ്‌ലന്റെ സുഹൃത്തുക്കൾ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ‘ ഇവനാണ് ഞങ്ങ പറഞ്ഞ നടൻ’, ‘സിനിമ പിന്നിൽ നിന്നവനെ മുന്നിലും, മുന്നിൽ നിന്നവനെ പിന്നിലും എത്തിക്കുന്ന പ്രതിഭാസമാണ്. ആത്മവിശ്വാസത്തോടെയുള്ള പരിശ്രമങ്ങളാൽ മുന്നേറിയാൽ എന്നും മുന്നിൽ തന്നെ സ്ഥാനം പിടിക്കാം, പകരക്കാരനില്ലാതെ നസ്‌ലെൻ...’ എന്നിങ്ങനെയുള്ള കമന്റുകളാൽ താരത്തെ അനുമോദിക്കുകയാണ് പ്രേക്ഷകരും.

 

പ്ലസ് ടു വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രണയവും വിശേഷങ്ങളുമെല്ലാം വിഷയമായി വന്ന ‘തണ്ണീർമത്തൻ ദിനങ്ങൾ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ നായികാനായകന്മാരായ മാത്യു തോമസിനും അനശ്വര രാജനും വിനീത് ശ്രീനിവാസനുമൊപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്ന കഥാപാത്രമാണ് ഹ്യുമാനിറ്റീസുകാരൻ മെൽവിൻ. കൗണ്ടർ ഡയലോഗുകളിലൂടെ തിയറ്ററുകളിൽ ചിരിപൂരം തീർക്കുന്ന സാന്നിധ്യമാണ് ചിത്രത്തിൽ മെൽവിന്റേത്. നസ്‌ലൻ കെ ഗഫൂർ എന്ന പുതുമുഖമാണ് മെൽവിൻ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയത്.

 

‘തണ്ണീർമത്തൻ ദിനങ്ങൾ’ കണ്ടിറങ്ങുന്ന ആർക്കും മറക്കാനാവാത്തൊരു കഥാപാത്രമാണ് നസ്‌ലന്റേത്. കൂടുതലും ആംഗ്യങ്ങളിലൂടെ സംസാരിക്കുന്ന, വാ തുറന്നാൽ കൗണ്ടർ ഡയലോഗുകളിലൂടെ ചിരിപ്പിക്കുന്ന, ബെല്ലടിക്കേണ്ട താമസം ചങ്കിനെയും വിളിച്ചുകൊണ്ട് പഫ്സും തണ്ണിമത്തൻ ജ്യൂസും കഴിക്കാൻ കടയിലേക്ക് ഓടുന്ന, കാശുകാരനായ അപ്പന്റെ പേരിൽ പറ്റു പറയുന്ന കഥാപാത്രം. തന്റെ പ്രായത്തിലുള്ളവരെല്ലാം കൗമാരപ്രണയവും ക്രിക്കറ്റ് ഭ്രാന്തുമായി നടക്കുമ്പോൾ ഇന്റർവെൽ ടൈമിലെ പപ്സ് തീറ്റ മാത്രമാണ് മെൽവിന്റെ പ്രധാന ലക്ഷ്യം. 

 

‘ബുദ്ധിയാണ് സാർ ഇവന്റെ മെയിൻ’ എന്നാണ് മെൽവിന്റെ അമ്മ മകനെ വിശേഷിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com