ADVERTISEMENT

പ്രേംനസീർ സ്‌മൃതി പുരസ്കാര ചടങ്ങിൽ വിങ്ങിപ്പൊട്ടി കൊറിയോഗ്രഫർ സജ്‌നാ നജാം. ചിറയിൻകീഴ് പൗരാവലി സംഘടിപ്പിച്ച പ്രേംനസീർ സ്‌മൃതിയിലായിരുന്നു വികാരനിർഭര രംഗങ്ങൾ അരങ്ങേറിയത്. പുരസ്കാരം വാങ്ങിയ ശേഷം നടത്തിയ മറുപടി പ്രസംഗത്തിലാണ് പഴയകാല ഓർമകൾ പങ്കുവയ്ക്കുന്നതിനിടെ സജ്ന വികാരാധീനയായത്. വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെ മികച്ച കോറിയോഗ്രാഫിയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിയ സജ്നയ്ക്ക് ജന്മനാടിന്റെ ആദരം കൂടിയായിരുന്നു ഈ ചടങ്ങ്.

 

പരിപാടിയുടെ സംഘാടകൻ കൂടിയായ ചിറയൻകീഴ് രാധാകൃഷ്ണൻ സജ്നയുടെ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുണ്ടായി.

 

രാധാകൃഷ്ണന്റെ വാക്കുകൾ: പഴയകാല ഓർമകളിൽ ചിറയിൻകീഴിന്റെ കിരീടം വയ്ക്കാത്ത രാജാവിന്റെ കൊച്ചുമകൾ വിതുമ്പി... പ്രേംനസീർ സ്മൃതിയിൽ പങ്കെടുത്ത ചിറയിൻകീഴുകാരെ ഒന്നടങ്കം കണ്ണ് നനയിപ്പിച്ചു. ചിറയിൻകീഴിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന, ശ്രീ മിയാപിള്ള എന്ന മിയാൻ മുതലാളിയുടെ മകൻ എം. എ. റഷീദിന്റ പൗത്രിയും എം. എ. നാസർ അവർകളുടെ മകളുമായ സജ്‌നാ നജാമാണ് ചിറയിൻകീഴ് പൗരാവലി സംഘടിപ്പിച്ച പ്രേംനസീർ സ്‌മൃതിയിൽ വിങ്ങിപ്പൊട്ടിയത്.

 

വിക്രമാദിത്യൻ എന്ന ചലച്ചിത്രത്തിലൂടെ മികച്ച കൊറിയോഗ്രാഫിയ്ക്കുള്ള കേരള സർക്കാരിന്റെ സംസ്ഥാന പുരസ്‌കാരം നേടിയ സജ്‌നാ നജാമിന് ബഹു:മന്ത്രിമാരായ പ്രൊ. സി. രവീന്ദ്രനാഥ്‌, ശ്രീ കടകംപള്ളി സുരേന്ദ്രൻ,ചലച്ചിത്ര താരങ്ങളായ നെടുമുടി വേണു, അനീഷ് രവി എന്നിവരുടെ സാനിധ്യത്തിൽ ആദരവ് നൽകുകയായിരുന്നു. ചിറയിൻകീഴിന്റെ തിലകച്ചാർത്തുകളായിരുന്ന, പ്രേംനസീർ ചിത്രങ്ങൾ ഏറെയും പ്രദർശിപ്പിച്ചിരുന്ന ഖദീജ, സജ്‌ന തിയേറ്ററുകൾ പുളിമൂട്ടിൽ പുത്തൻബംഗ്ലാവുകാരുടേതായിരുന്നു. 

 

1952 ൽ സ്ഥാപിച്ച ഖദീജ തിയറ്റർ നിത്യഹരിത നായകൻ പ്രേംനസീർ ഉൾപ്പെടെയുള്ള വിശിഷ്‌ട വ്യക്തികൾക്ക് കുടുംബ സമേതം സിനിമ കാണുന്നതിന് വേണ്ടി ബോക്സ്‌ സൗകര്യമുള്ള കേരളത്തിലെ മൂന്ന് തിയറ്റർകളിൽ ഒന്നായിരുന്നു. ചിറയിൻകീഴിന്റെ മൂന്നിൽ രണ്ട് ഭാഗം ഭൂമിയും കൈവശം ഉണ്ടായിരുന്ന എം. എ. റഷീദ് എന്ന ധനാഢ്യനായിരുന്നു 1956 ൽ ഖദീജ പ്രൊഡക്ഷൻസ് ന്റെ ബാനറിൽ കൂടപ്പിറപ്പ് എന്ന ചിത്രം നിർമിക്കുകയും പ്രശസ്ത ഗാനരചയിതാവായ ശ്രീ വയലാർ രാമവർമ്മ മാഷിനേയും, നിത്യഹരിത നായകന്റെ സഹോദരൻ ശ്രീ പ്രേംനവാസിനെയും ചലച്ചിത്ര രംഗത്തേയ്ക്ക് കൈപിടിച്ച് ആനയിച്ചത്.

 

ശാർക്കര ക്ഷേത്രത്തിൽ ശ്രീ പ്രേംനസീർ ആനയെ നടയ്ക്കിരുത്തുന്നതിനും വളരെ വർഷങ്ങൾക്കു മുൻപേ ശാർക്കര ക്ഷേത്രത്തിലെ ആറാം ഉത്സവം നടത്തിയിരുന്നത് ജാതി മത വർഗീയ ചിന്തകൾ എന്തെന്നറിയാത്ത സജ്‌നാ നജാമിന്റെ കുടുംബം ആയിരുന്നു. വീണ്ടും ഈ വർഷം മുതൽ മീനഭരണി ഉത്സവത്തിന് ആറാം ഉത്സവം ചിറയിൻകീഴിന്റെ പ്രിയങ്കരിയായ സജ്നാ നജാം ഏറ്റെടുക്കാനുള്ള ആലോചനയിലാണ്. നിത്യഹരിത നായകന് ശേഷം ചലച്ചിത്രരംഗത്ത് മഹത്തായ ചിറയിൻകീഴിന്റെ സാന്നിധ്യം അറിയിച്ച പ്രേംനസീർ സാറിന്റെ ബന്ധു കൂടിയായ സജ്‌നാ നജാമിന് ശാർക്കര അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.... ഹൃദയം നിറഞ്ഞ ആശംസകൾ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com