ADVERTISEMENT

ഒരു മുന്‍ പ്രസംഗത്തിന്‍റെ പേരില്‍ നടിയും ഭാര്യയുമായ ജ്യോതിക നേരിടുന്ന വിവാദങ്ങളിൽ വിശദീകരണവുമായി സൂര്യ. വളരെ പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ തന്നെയാണ് ജ്യോതിക പറഞ്ഞതെന്ന് സൂര്യ ചൂണ്ടിക്കാട്ടുന്നു. സഹജീവിക്ക് സേവനം ചെയ്യുന്നത്​ ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണ്. മനസിൽ നല്ല ചിന്തകൾ ഉള്ളവർക്ക് അത് മനസിലാകും. ഇതൊക്കെ വിജ്ഞാനികളുടെ ചിന്തകളുടെ പ്രതിഫലനമാണ്. അതുകൊണ്ട് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നെന്നും സൂര്യ വ്യക്തമാക്കി.

 

ക്ഷേത്രങ്ങള്‍ പരിപാലിക്കപ്പെടുന്നതില്‍ ശ്രദ്ധ ചെലുത്തുന്നതുപോലെ തന്നെ തമിഴ്‍നാട്ടില്‍ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഇതേ പ്രാധാന്യം നല്‍കാന്‍ സര്‍ക്കാരും ജനങ്ങളും ശ്രദ്ധിക്കണമെന്ന, ജ്യോതികയുടെ അഭിപ്രായപ്രകടനമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹമാധ്യമ ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. കൊറോണക്കാലത്തിന് മുമ്പ് ഒരു അവാർഡുദാന ചടങ്ങിൽ നടി നടത്തിയ ഒരു പരാമർശമാണ് ഒരുകൂട്ടം ഏറ്റെടുത്തത്.

 

വിഷയത്തിൽ ട്വിറ്ററിലൂടെയാണ് സൂര്യ തന്റെ നിലപാട് വ്യക്തമാക്കിയത്:

 

‘ഒറ്റയ്ക്കു നില്‍ക്കാന്‍ ഒരു വൃക്ഷം ആഗ്രഹിച്ചാല്‍പ്പോലും കാറ്റ് അതിന് അനുവദിക്കില്ല' എന്നുപറഞ്ഞുകൊണ്ടാണ് കത്തില്‍ സൂര്യ വിഷയത്തിലേക്കു കടക്കുന്നത്. ‘കുറേനാള്‍ മുന്‍പ് ഒരു അവാര്‍ഡു വേദിയില്‍ എന്‍റെ ഭാര്യ ജ്യോതിക നടത്തിയ ഒരു പരാമര്‍ശം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ക്ഷേത്രങ്ങള്‍ പലിപാലിക്കപ്പെടുന്നത്ര ശ്രദ്ധയോടെ വിദ്യാലയങ്ങളും ആശുപത്രികളും പരിപാലിക്കപ്പെടണമെന്ന ആശയമാണ് ജ്യോതിക പങ്കുവച്ചത്. ഈ അഭിപ്രായപ്രകടനത്തെ ഒരു കുറ്റകൃത്യമായിപ്പോലുമാണ് ചിലര്‍ വിലയിരുത്തിയിരിക്കുന്നത്. വിവേകാനന്ദനെപ്പോലെയുള്ള ആത്മായ നേതാക്കള്‍ മുന്‍പേ അവതരിപ്പിച്ചിട്ടുള്ള ആശയമാണ് അത്. ജനത്തെ സേവിക്കുക എന്നത് ദൈവത്തെ സേവിക്കുന്നതുപോലെയാണ് എന്നത്. നമ്മുടെ സമൂഹം ഒരുപാടുകാലം ഒപ്പം കൊണ്ടുനടന്നിരുന്ന ഒരു ചിന്തയാണിത്. തിരുമൂലരെപ്പോലുള്ളവരും ഇതിനെ പിന്‍പറ്റിയിരുന്നു. ആ ലിഖിതങ്ങളൊന്നും വായിക്കുകയോ മനസിലാക്കുകയോ ചെയ്യാത്തവര്‍ക്ക് ഇതൊന്നും അറിയണമെന്നുതന്നെ കാണില്ല.’ കത്തില്‍ സൂര്യ അഭിപ്രായപ്പെടുന്നു

 

എന്നാല്‍ ഈ വിവാദത്തിനിടെ ജ്യോതികയ്ക്കു പിന്തുണയുമായെത്തിയവരില്‍ എല്ലാ മതത്തിലുമുള്ളവര്‍ ഉണ്ടെന്നും സൂര്യ പറയുന്നു. "ആ പ്രസംഗത്തില്‍ അവള്‍ എന്താണോ പറഞ്ഞത് അതിനോട് എന്‍റെ കുടുംബം പൂര്‍ണമായും ഐദ്യദാര്‍ഢ്യപ്പെടുന്നു. മതത്തേക്കാള്‍ വലുതാണ് മനുഷ്യത്വമെന്നാണ് ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.’

 

‘മനുഷ്യത്വം എന്നത് എല്ലാ മതങ്ങൾക്കും അതീതമാണ്. ഇത് പഠിപ്പിച്ച് വേണം വരും തലമുറയെ നമ്മൾ വളർത്താൻ. ജ്യോതികക്കെതിരെ വിമർശനവും വിദ്വേഷവും ഉയർന്നപ്പോൾ ഈ കൊറോണ കാലത്തും ഞങ്ങൾക്കൊപ്പം നിന്നസുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി. മാധ്യമങ്ങളും ശരിയായ രീതിയിലാണ് വിഷയം കൈകാര്യം ചെയ്തത്. അവർക്കും നന്ദി.’

 

തങ്ങളുടെ സ്വഭാവഹത്യ നടത്താന്‍ അനേകം പേര്‍ ഓണ്‍ലൈനില്‍ കഠിനാധ്വാനം ചെയ്‍ത സമയത്ത് തങ്ങളെ പിന്തുണച്ച പേരറിയാത്ത ഒരുപാടുപേരോട് നന്ദിയുണ്ടെന്നും സൂര്യ പറയുന്നു. 

 

അതേസമയം സൂര്യ നിര്‍മിച്ച് ജ്യോതിക നായികയാവുന്ന പൊന്മകള്‍ വന്താല്‍ എന്ന ചിത്രം തിയറ്റർ ഒഴിവാക്കി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യുന്ന വിഷയത്തിലും വിവാദം ചൂടുപിടിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സൂര്യ അഭിനയിക്കുകയോ നിര്‍മിക്കുകയോ ചെയ്യുന്ന ഒരു ചിത്രവും ഇനി തിയറ്റര്‍ കാണില്ലെന്ന് തമിഴ്‍നാട്ടിലെ തിയറ്ററുടമകളുടെ സംഘടന കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ തമിഴ് നിർമാതാക്കളില്‍ ഒരുവിഭാഗം സൂര്യയുടെ തീരുമാനത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com