ADVERTISEMENT

പ്രേമം സിനിമയിൽ ആദ്യം നായകനായി തീരുമാനിച്ചത് ദുൽഖർ സൽമാനെ. സംവിധായകൻ അൽഫോൻസ് പുത്രൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അല്‍ഫോണ്‍സിന്റെ തുറന്നുപറച്ചില്‍. ‘പ്രേമത്തിൽ ദുൽഖറിനെ നായകനാക്കാനായിരുന്നു നിർമാതാവ് അൻവർ റഷീദിന് താല്‍പര്യം. എന്നാൽ നിവിനുമൊത്തുള്ള പ്രത്യേക അടുപ്പം വച്ച് ഞങ്ങൾ ദുൽഖറിനരികിൽ എത്തിയില്ല.’–അൽഫോൻസ് പറയുന്നു. പ്രേമത്തിനു ശേഷം ചെയ്യാൻ ആഗ്രഹിച്ചിരുന്ന സിനിമകളെക്കുറിച്ചും അൽഫോൻസ് മനസ്സുതുറക്കുകയുണ്ടായി.

 

‘കാളിദാസ് ജയറാമിനൊപ്പം ഞാൻ ഒരു മ്യൂസിക്കൽ സിനിമ ചെയ്യേണ്ടതായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ, ആ പ്രോജക്ട് കുറേ കാലം നീണ്ടുപോയി.  കൂടാതെ കാളിദാസിന് ആ സമയത്ത് ഡേറ്റും ഉണ്ടായില്ല. കാരണം അദ്ദേഹത്തിന് 10 സിനിമകൾ ഒന്നിച്ചുവന്നു. എന്റെ ഒരു സിനിമയ്ക്കായി കാത്തിരിക്കുന്നതിനുപകരം അവരുമായി മുന്നോട്ട് പോകാൻ ഞാൻ നിർദ്ദേശിച്ചു.’ 

 

‘പിന്നീട് പ്രേമം ഹിന്ദി റീമേയ്ക്കുമായി ബന്ധപ്പെട്ട് മുംബൈയിൽ ചെന്നു. കരൺ ജോഹറിന് ഈ ചിത്രം ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. ഞാൻ വരുൺ ധവാനൊപ്പം പ്രേമം റീമേയ്ക്ക് ചെയ്യണമെന്ന് കരൺ ആഗ്രഹിച്ചു. പക്ഷേ, ഞാൻ കേരളത്തിൽ നിന്നാണ്, ബോംബെയിലെ സംസ്കാരം തികച്ചും വ്യത്യസ്തമാണ്. ഞാനതുമായി ബന്ധപ്പെടുന്നില്ല, ഹിന്ദി പ്രേക്ഷകർക്കായി പ്രേമം എഴുതുന്നതിന് ഇത് പ്രധാനഘടകമാണ്. അതിനാൽ ഞാൻ പദ്ധതി ഉപേക്ഷിച്ചു. റൈറ്റ്സ് അവർ മേടിച്ചിട്ടുണ്ട്, പക്ഷേ ആരാണ് ഇത് സംവിധാനം ചെയ്യുന്നതെന്ന് എനിക്കറിയില്ല.

 

‘മമ്മൂട്ടി, അരുൺ വിജയ് എന്നിവരോടൊപ്പം ഒരു തമിഴ് സിനിമ ചെയ്യാൻ ഞാൻ പിന്നീട് ആഗ്രഹിച്ചു, പക്ഷേ ബജറ്റ് കൂടുതലായതിനാൽ അതും ഫലവത്തായില്ല. പതിമൂന്ന് കോടിയായിരുന്നു സിനിമയുടെ ബജററ്റ്. ഇപ്പോൾ, ഞാൻ ഓൺലൈൻ ഉറവിടങ്ങളിൽ നിന്ന് സംഗീതം പഠിക്കുന്നു. എന്റെ അടുത്തത് മ്യൂസിക്കൽ ഫിലിം ആണ്. പക്ഷേ ഒരു സംഗീതജ്ഞനാകാൻ ആഗ്രഹിക്കുന്ന ഒരു നടനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.’

 

പ്രേമം സിനിമയുടെ തിരക്കഥയിൽ നിര്‍മാതാവിന് ആദ്യം വിശ്വാസമില്ലായിരുന്നെന്നും ചിത്രം ഷൂട്ട് ചെയ്ത് മുഴുവൻ കണ്ടപ്പോഴാണ് അദ്ദേഹത്തിന് പ്രതീക്ഷ വന്നതെന്നും അൽഫോൻസ് പറഞ്ഞു.

 

‘പ്രേമം സിനിമയുടെ തിരക്കഥ നിർമാതാവിന് അയച്ചു കൊടുത്തപ്പോൾ, ഇതെന്താണ് എഴുതി വച്ചിരിക്കുന്നതെന്നാണ് എന്നോട് ചോദിച്ചത്. ‘നായികയുടെ ഓർമ പോകുന്നു, നായകൻ കരഞ്ഞുകൊണ്ട് പോകുന്നു.’ സിനിമ കണ്ട് കഴിഞ്ഞപ്പോഴാണ് ഇത് വർക്ക് ചെയ്യും എന്ന് അദ്ദേഹം പറയുന്നത്. സിനിമയുടെ അവതരണമാണ് തിരക്കഥ വ്യത്യസ്തമാകുന്നത്. അത് പറഞ്ഞുകൊടുത്താൽ നന്നാകണമെന്നില്ല.’–അൽഫോൻസ് പറയുന്നു.

 

താൻ സംവിധാകനായി കാണാൻ ഏറെ ആഗ്രഹിച്ച വ്യക്തിയാണ് നിവിൻ പോളിയെന്നും അൽഫോൻസ് പറഞ്ഞു. നേരം ഹ്രസ്വചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു നിവിനെന്നും എലി എന്ന ഹ്രസ്വചിത്രത്തിലാണ് ആദ്യമായി നിവിനൊപ്പം പ്രവർത്തിക്കുന്നതെന്നും അൽഫോൻസ് പറയുന്നു.

 

‘നിവിനും ഞാനും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് നേരം എന്ന ഹ്രസ്വചിത്രം ചെയ്യുന്ന സമയത്താണ്. ആ ഹ്രസ്വചിത്രത്തിന്റെ നിർമാതാക്കളില്‍ ഒരാളായിരുന്നു നിവിൻ. 2009ലാണ്. 3000 രൂപയാണ് നിവിന്‍ ചിത്രത്തിനായി നൽകിയത്. അതുപോലെ വേറെയും നിർമാതാക്കൾ ഉണ്ടായിരുന്നു. അവന്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടില്ല. പക്ഷേ ഞാനൊരു സംവിധായകനായി കാണണമെന്ന് നിവിൻ ആഗ്രഹിച്ചിരുന്നു.’

 

‘അതിനു ശേഷം എലി എന്ന ഹ്രസ്വചിത്രത്തിൽ ഞങ്ങൾ ഒന്നിച്ചു. പിന്നീട് നസ്രിയയ്ക്കൊപ്പം ഒരു ആൽബവും നിവിനൊപ്പം ചെയ്തു. നേരം സിനിമ ചെയ്യുമ്പോൾ തമിഴ് നടൻ ജയ്‌യെ ആണ് നായകനായി തീരുമാനിച്ചത്. അദ്ദേഹത്തിന്റെ അഭിനയം എനിക്ക് ഇഷ്ടമായിരുന്നു. എങ്കയും എപ്പോതും എന്ന സിനിമ റിലീസ് ചെയ്ത് തിരക്കേറി വരുന്ന സമയമാണ്. ഫോൺ വിളിച്ച് എടുക്കുന്നില്ല. അവസാനം വീട്ടിൽ പോയി കാണാൻ തീരുമാനിച്ചു. രണ്ട് മൂന്ന് മാസം ജയ്‌യുടെ പുറകെ നടന്നു. അവസാനം നിർമാതാവിനും താൽപര്യമില്ലാതെയായി. പിന്നീട് തമിഴ് നടൻ വൈഭവിനെ നായകനാക്കാൻ തീരുമാനിച്ചു. വൈഭവിനും താൽപര്യമുണ്ടായിരുന്നു. പക്ഷേ അതും ചില കാരണങ്ങളാൽ നടന്നില്ല. അവസാനം നിർമാതാവ്, നിവിനും നസ്രിയയും അഭിനയിച്ച ആൽബം കാണാൻ ഇടയായി. ഇവരെ കാസ്റ്റ് ചെയ്താൽ നല്ലതാകുമെന്ന് പറഞ്ഞു. അങ്ങനെയാണ് നിവിനിൽ എത്തുന്നത്.’

 

‘പ്രേമം സിനിമയിൽ ദുൽഖറിനെ നായകനാക്കാനായിരുന്നു നിർമാതാവ് അൻവർ റഷീദിന് താല്‍പര്യം. എന്നാൽ നിവിനുമൊത്തുള്ള പ്രത്യേക അടുപ്പം വച്ച് ഞങ്ങൾ ദുൽഖറിനരികിൽ എത്തിയില്ല. ഭാവിയിൽ ദുൽഖറുമൊത്ത് ഒന്നിക്കും. നിവിനെ എനിക്ക് അടുത്തറിയാം. അവന്റെ മുഖഭാവങ്ങൾ അറിയാം. അങ്ങനെ പ്രേമം നിവിനിലേയ്ക്ക് എത്തി.’–അൽഫോൻസ് പുത്രൻ പറഞ്ഞു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com