ADVERTISEMENT

മലയാളത്തിൽ ന്യൂജനറേഷൻ തരംഗങ്ങളിൽ സൂപ്പർഹിറ്റായ സിനിമയാണ് പ്രേമം. ഏകദേശം നാല് കോടി മുതല്‍ മുടക്കിൽ അണിയിച്ചൊരുക്കിയ ചിത്രം വാരിക്കൂട്ടിയത് അറുപത് കോടി രൂപ. ചിത്രത്തിലെ ജോർജും മേരിയും മലരും സെലിനുമൊക്കെ മലയാളികളുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു.

 

നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം റിലീസ് ചെയ്തിട്ട് ഇന്ന് അഞ്ച് വർഷം പിന്നിടുകയാണ്. ഭാഷകളുടെ അതിർവരമ്പുകളില്ലാതെ തെന്നിന്ത്യ ഒന്നാെക ഏറ്റെടുത്ത സിനിമ ,യുവാക്കൾക്കിടയിൽ വലിയ തരംഗം തന്നെ സൃഷ്ടിച്ചു. ജോര്‍ജിന്റെ താടിയും പ്രേമം മുണ്ടുമൊക്കെ കോളജ് ആഘോഷങ്ങളിൽ സ്ഥിരം കാഴ്ചയായിരുന്നു. 

 

സിനിമ റിലീസ് ചെയ്തപ്പോള്‍ അതിനോടൊപ്പം വിവാദങ്ങളും പ്രതിസന്ധികളും ഉണ്ടായിരുന്നു. അതിൽ വലിയ വാർത്തയായി മാറിയത് സിനിമയുടെ വ്യാജൻ പുറത്തിറങ്ങിയതായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മൊബൈലുകളിലൂടെയും വ്യാജപ്രിന്റ് പ്രചരിച്ചു. ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട്  പലകഥകളും പുറത്തിറങ്ങി. ചിത്രം പുറത്തിറങ്ങി അഞ്ച് വർഷം പിന്നിടുമ്പോൾ ആ വ്യാജൻ വന്ന വഴി എങ്ങനെയെന്ന് നോക്കാം–

 

പ്രേമം സിനിമയിൽ അറസ്റ്റിലായ പ്രതികളിലൊരാളു‌ടെ സഹോദരൻ പ്രേമിച്ച പെൺകുട്ടി കാണിച്ച അബദ്ധമാണ് വ്യാജൻമാരെ കുടുക്കിയത്. സെൻസർ ബോർഡ് ഓഫിസിൽ നിന്നും പകർത്തിയ പ്രേമത്തിന്റെ കോപ്പി മറ്റാർക്കും നൽകരുതെന്നു പറഞ്ഞാണ് പ്രതികളിലൊരാളു‌‌‌ടെ സഹോദരൻ പെൺകുട്ടിക്ക് സിനിമ നൽകിയത്. എന്നാൽ വാക്കുപാലിക്കാതെ പെൺകുട്ടി സിനിമയുടെ കോപ്പി പലർക്കും കാണാനായി നല്‍കി. അങ്ങനെ ലഭിച്ച കോപ്പിയാണ് കൊല്ലത്തെ വിദ്യാർഥി ഇന്റർനെറ്റിൽ അപ്‌ലോ‍ഡ് ചെയ്തതും, പിടിവീണതും. 

 

∙പ്രേമിച്ചവൾ നൽകിയ പണി

 

സെൻസർ ബോർഡിലെ താത്ക്കാലിക ജീവനക്കാരൻ അരുൺകുമാർ ആണ് തിരുവനന്തപുരം കരകുളം സ്വദേശി രഞ്ചുവിന് പ്രേമം സിനിമയുടെ സിഡി നൽകുന്നത്.  ഇയാളു‌ടെ സഹോദരന്‍ വിവാഹം നിശ്ചയിച്ചിരുന്ന പെ‌ൺകുട്ടിയാണ് കഥയിലെ നായിക. വർഷങ്ങളായി സെൻസർബോർഡിൽ പരിശോധനയ്ക്ക് വരുന്ന സിനിമകൾ രഞ്ചു സിഡിയിൽ പകർത്താറുണ്ടായിരുന്നു. കണ്ടശേഷം വിശ്വസ്തരായ ചില കൂട്ടുകാർക്കും നൽകും. ഇതിനുശേഷം സിഡികൾ നശിപ്പിച്ചുകളയുകയായിരുന്നു പതിവ്. 

 

ഫോൺ സല്ലാപത്തിനിടയിലാണ് പ്രേമത്തിന്റെ ഒറിജിനൽ പ്രിന്റ് കിട്ടിയവിവരം രഞ്ചുവിന്റെ ചേട്ടൻ താൻ സ്നേഹിക്കുന്ന പെൺകുട്ടിയോട് പറഞ്ഞത്. പെൺകുട്ടി സിനിമ കാണാൻ വാശിപിടിച്ചതോ‌ടെ ആർക്കും നൽകില്ലെന്ന ഉറപ്പ് വാങ്ങി പെൺകുട്ടിക്ക് സിഡി നൽകി. എന്നാൽ രഹസ്യം സൂക്ഷിക്കാൻ പെൺകുട്ടിക്കായില്ല. സിഡി പെൺകുട്ടിയു‌ടെ കൂട്ടുകാരിലേക്കെത്തി, അവർ വഴി പലരിലേക്കും. ഇവരിൽ നിന്നാണ് കൊല്ലത്തെ വിദ്യാർഥി സിഡി വാങ്ങിയതും നെറ്റിൽ അപ്‌ലോഡ് ചെയ്തതും.

 

∙ഓപ്പറേഷൻ പ്രേമം ഇങ്ങനെ

 

പ്രേമം സിനിമ സെറ്റിൽ അപ്‌ലോഡ് ചെയ്തതിന് അറസ്റ്റിലായ കൊല്ലത്തെ വിദ്യാർഥിയുടെ ചാറ്റ് പരിശോധിച്ച പൈറസി സെൽ, ചാറ്റിൽ സിനിമ കണ്ടതായി പറഞ്ഞ കൂട്ടുകാരെ ലക്ഷ്യമാക്കി നീങ്ങി. ഇവരു‌ടെ ഫെയ്സ്ബുക്ക് ചാറ്റ് പരിശോധിച്ചപ്പോൾ മറ്റ് ചില വിദ്യാർഥികളു‌െട വിവരം ലഭിച്ചു. പരിശോധനയ്ക്കെത്തിയപ്പോഴേക്കും പലരും മുങ്ങി. നിരന്തരമായ പരിശോധനകൾക്കിടയിൽ കൊല്ലത്തെ ഒരു യുവാവിനെ പിടികൂടി. ഇയാൾ വഴിയാണ് ചോർത്തൽ സംഘത്തിലേക്കെത്തിയത്. 

 

യുവാവിന് സിഡിനൽകിയ ആളിന്റെ ഫോൺകോളുകൾ പൈറസിസെൽ പരിശോധിച്ചപ്പോൾ കൂടുതൽ പേരുടെ വിവരങ്ങൾ ലഭിച്ചു. ഇവരിൽ ഒരാളിൽ നിന്നാണ് പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിച്ചത്. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകൾ കാട്ടിയപ്പോൾ പെൺകുട്ടി കാമുകന്റെ പേരു പറഞ്ഞു. കാമുകനിൽ നിന്നും സെൻസർ ബോർഡിൽ ജോലി ചെയ്യുന്ന അനിയനിലേക്കെത്തിയതോടെ കാര്യങ്ങൾ പകൽപോലെ വ്യക്തമായി. അറസ്റ്റും ന‌ടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com