ADVERTISEMENT

കച്ചവട സിനിമയുടെയും ഫാഷൻ ലോകത്തിന്റെയും അഴകളവുകളുടെ മത്സരയോട്ടത്തിന് നിന്നു കൊടുക്കാത്ത താരമാണ് സായ് പല്ലവി. സൗന്ദര്യവർധക വസ്തുക്കളുടെ പരസ്യത്തിന് മോഡലാകാനുള്ള ക്ഷണം നിരസിച്ച സായ് പല്ലവി കരിയറിലും ജീവിതത്തിലും തന്റെ നിലപാടുകൾ ഉറക്കെ പറയാൻ ആർജ്ജവം കാണിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസം തനിക്ക് നൽകിയത് പ്രേക്ഷകരും പ്രേമം എന്ന സിനിമയുമാണെന്ന് തുറന്നു പറയുകയാണ് താരം. മുഖത്തെ പാടുകളെക്കുറിച്ച് അപകർഷതാബോധം കൊണ്ടു നടന്നിരുന്ന തന്നെ സ്വീകരിച്ചതും ആഘോഷിച്ചതും പ്രേക്ഷകരാണെന്ന് സായ് പല്ലവി പറഞ്ഞു. പണമല്ല, പ്രേക്ഷകരോടുള്ള ഉത്തരവാദിത്തമാണ് പ്രധാനമെന്നും താരം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.  

 

സായ് പല്ലവിയുടെ വാക്കുകൾ: ഞാൻ എല്ലായ്പ്പോഴും ലളിത ജീവിതം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പണം എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടില്ല. ഇതെന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അങ്ങനെയല്ലാത്തവരും ഉണ്ട്. എനിക്കവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഓരോരുത്തർക്കും അവരുടേതായ ചോയ്സുകളുണ്ട്. എന്നാൽ നമ്മുടെ ഒരു ചോയ്സ് നിരവധി പേരെ ബാധിക്കുന്നുണ്ടെങ്കിൽ ഒരു നിലപാട് എടുക്കാൻ നമ്മൾ നിർബന്ധിതരാകും. സമൂഹം സൃഷ്ടിച്ച സൗന്ദര്യത്തിന്റെ അഴകളവുകൾ വച്ച് സ്വന്തം നിറത്തിന്റെ പേരിലും മറ്റും സ്വയം താഴ്ന്നവരാണെന്ന അപകർഷതാബോധം കൊണ്ടുനടക്കുന്നവർ ഏറെയുണ്ട്. ഞാനെന്തിന് മറ്റുള്ളവരെക്കുറിച്ച് പറയണം? ഞാൻ സ്വയം അങ്ങനെയായിരുന്നല്ലോ. 

 

പ്രേമത്തിന് മുൻപ് എന്റെ മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നൂറുകണക്കിന് ക്രീമുകൾ ഞാനും പരീക്ഷിച്ചിട്ടുണ്ട്. എനിക്ക് വീടിന് പുറത്തു പോകാൻ പോലും മടിയായിരുന്നു. ഞാൻ വീട്ടിൽ തന്നെ ഇരിക്കും. എന്റെ വിചാരം ആളുകൾ എന്റെ മുഖക്കുരു നോക്കിയായിരിക്കും സംസാരിക്കുക... എന്റെ കണ്ണിൽ നോക്കി സംസാരിക്കില്ല. അങ്ങനെ ഗുരുതരമായ പ്രശ്നങ്ങൾ എനിക്കുണ്ടായിരുന്നു. എന്നാൽ പ്രേമത്തിനു ശേഷം ആളുകൾ എന്നെ മുഖക്കുരുവുള്ള മുഖത്തോടെ സ്വീകരിച്ചു. അവർക്ക് എന്നെ കൂടുതൽ ഇഷ്ടമായി. കൗമാരപ്രായത്തിലുള്ള കുട്ടികളെ ആ കഥാപാത്രം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അത് എന്നെ കൂടുതൽ കരുത്തയാക്കി. അവരുടെ സ്നേഹത്തിന് പകരമായി എനിക്ക് എന്തെങ്കിലും അവർക്ക് കൊടുക്കണമായിരുന്നു. അവരാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. അവർ ഒറ്റയ്ക്കല്ല എന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. 

 

ഇതൊന്നും പ്ലാൻ ചെയ്തല്ല ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നത്. എല്ലാം സംഭവിച്ചു പോയതാണ്. എന്റെ വീട്ടിൽ പോലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നേക്കാളും ഡാർക്ക് ആണ് എന്റെ അനുജത്തി. അവൾ ചില പച്ചക്കറി കഴിക്കാതിരിക്കുമ്പോൾ അമ്മ പറയും, ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കിൽ ഇതെല്ലാം കഴിക്കണമെന്ന്. പാവം കുട്ടി... ഇഷ്ടമല്ലെങ്കിലും അവൾ അതെല്ലാം കഴിക്കും. ഇതെല്ലാം കണ്ടാണ് ഞാൻ വളർന്നത്. നിറത്തിന്റെ പേരിൽ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. അവർക്കൊപ്പം നിൽക്കണമെന്ന് എനിക്ക് തോന്നി. മറ്റാർക്കും വേണ്ടിയല്ല... എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്കിത് ചെയ്യണമായിരുന്നു. അതു ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യം? അതെന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com