ADVERTISEMENT

സിനിമാ സെറ്റിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന അണിയറ പ്രവർത്തകരെ ചീത്ത വിളിച്ച് ഹോളിവുഡ് താരം ടോം ക്രൂസ്. മിഷൻ ഇംപോസിബിൾ 7 സിനിമയുടെ സെറ്റിൽവച്ചാണ് സംഭവം. സാമൂഹികഅകലം പാലിക്കാതെ ജോലി ചെയ്ത അണിയറപ്രവർത്തകരോടാണ് താരം ദേഷ്യപ്പെട്ടത്.

 

ക്ഷുഭിതനാകുക മാത്രമല്ല ഇവരെ ജോലിയിൽ നിന്നും പുറത്താക്കുമെന്നും ക്രൂസ് ഭീഷണിപ്പെടുത്തി. ടോം ക്രൂസ് ദേഷ്യപ്പെടുന്നതിന്റെ ഓഡിയോ ക്ലിപ്പ് ഇന്റർനെറ്റിൽ പുറത്തായിട്ടുണ്ട്.

 

കഴിഞ്ഞ ഒക്ടോബറിലാണ് മിഷൻ ഇംപോസിബിൾ എഴാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രീകരണത്തിനിടെ 12 പേർക്ക് കോവിഡ് പിടികൂടിയതോടെ ഷൂട്ടിങ് ഇടയ്ക്കു വച്ച് നിർത്തേണ്ടി വന്നിരുന്നു. അത് നിർമാതാക്കൾക്ക് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കി. പിന്നീട് സെപ്റ്റംബറിൽ ചിത്രീകരണം പുനരാരംഭിച്ചു. ടോം ക്രൂസ് ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ്. കോവിഡ് കാലഘട്ടത്തിൽ തകർന്നു പോയ ഒരു ഇൻഡസ്ട്രിയെ സജീവമാക്കാൻ ശ്രമിക്കുമ്പോളാണ് സ്വന്തം ക്രൂ മെംബേർസിൽ നിന്നും ഇതുപോലൊരു നിരുത്തരവാദിത്തപരമായ സമീപനം ഉണ്ടായതെന്ന് താരം പറയുന്നു.

 

‘കോവിഡിൽ ആളുകൾ ജോലിയില്ലാതെ കഷ്ടപ്പെടുന്ന ഈ സമയത്ത് കുറച്ച് ആളുകൾ ഇങ്ങനെ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതിൽ അമർഷമുണ്ട്. നമ്മളെ വിശ്വാസമുള്ളതുകൊണ്ടാണ് ഹോളിവുഡിൽ സിനിമ ചെയ്യാൻ അവർ തിരിച്ചെത്തിയത്. രാത്രി മുഴുവൻ ഞാൻ നിർമാതാക്കളെയും ഇൻഷുറൻസ് കമ്പനികളെയും വിളിച്ചുകൊണ്ടിരിക്കുകയാണ്. അവരെല്ലാം നമ്മളെ ഉറ്റുനോക്കുന്നു. സിനിമ സാധ്യമാകാൻ അവർ നമ്മളെയാണ് ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് ജോലികളാണ് ഇത് മൂലം ഉണ്ടാകുന്നത്. ഇനി ഇതുപോലെ വീണ്ടും കാണാൻ എന്നെ ഇടവരുത്തരുത്. അല്ലാത്തപക്ഷം നിങ്ങൾ ഇതിൽ നിന്നും പുറത്താകും.’–ടോം ക്രൂസ് പറയുന്നു.

 

‘സിനിമാ ഇൻഡസ്ട്രി അടഞ്ഞു കിടക്കുന്നതിനാൽ പലർക്കും സ്വന്തം വീടുവരെ നഷ്ടമായി. ഭക്ഷണം കഴിക്കാനോ കോളജ് ഫീസ് അടയ്ക്കാനോ പോലും പൈസയില്ല. ഇതൊക്കെയാണ് എല്ലാ രാത്രികളിലും ഞാൻ സ്വപ്നം കാണുന്നത്. അതുകൊണ്ട് ദയവ് ചെയ്ത് സുരക്ഷിതരായി ഇരിക്കാൻ ശ്രമിക്കൂ. ജോലിയിൽ ആത്മാർത്ഥത കാണിക്കൂ.’–ടോം ക്രൂസ് പറഞ്ഞു.

 

മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്വാറി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ ഇംപോസിബിൾ 7. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com