ADVERTISEMENT

എന്റെ വീട്ടിലെ ചക്ക ഇന്നലെ കുട്ടപ്പൻ ചേട്ടന്റെ കടയിൽ കൊണ്ടുപോയി വിറ്റു. വൈകീട്ട് ഒരാൾ വന്നു മുണ്ടും മടക്കികുത്തി ഗെയ്റ്റിൽ വന്നു ചോദിച്ചു,

താൻ വാഴക്കുല വിറ്റത് ആർക്കാണ് ?

രാമചന്ദ്രന്.

പയർ വിറ്റത് ആർക്കാണ് ?

രാമചന്ദ്രന്.

കപ്പ വിറ്റത് ആർക്കാണ് ?

അതും രാമചന്ദ്രന്.

തന്നോട് ആരാണ് ചക്ക് കുട്ടപ്പനു കൊടുക്കാൻ പറഞ്ഞ്.

 

എന്റെ പ്ളാവ്, എന്റെ വീട്, പ്ളാവു നട്ടത് എന്റെ വീട്ടുകാർ,അതു പറിച്ചതു ഞാൻ വിറ്റതും ഞാൻ. അതാർക്കു വിൽക്കണമെന്നു ഞാൻ തീരുമാനിക്കുന്നതിൽ തെറ്റുണ്ടോ?

ഉണ്ടല്ലോ. കോവിഡ് പ്രതിസന്ധിയുടെ കാലത്തു താൻ കുട്ടപ്പനു മാത്രമേ ചക്ക വിൽക്കാവൂ. അതാരുടെ തീരുമാനമാണ് ?സംഘടനയുടെ തീരുമാനമാണ്. ഇനി മുതൽ തന്റെ ചക്ക ഇന്ത്യയിൽ വിൽക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഗൾഫ്,ബ്രിട്ടൻ,അമേരിക്ക എന്നിവിടങ്ങളിലും വിൽക്കാനാകില്ല. ട്രിനിഡാഡ് ഐലന്റിൽ പോയി വേണമെങ്കിൽ വിറ്റോ. ഇനിയും ഇതു തുടർന്നാൽ ഞങ്ങൾ പ്ളാവിനെതിരെ വിലക്ക് കൊണ്ടുവരികയും ചെയ്യും.

 

jeethu-drishyam

ഇതും പറഞ്ഞു നേതാവു പോയി. ഈ നേതാവിനു പച്ചക്കറി കടയോ, കൃഷിയോ പറമ്പോ ഇല്ല. പക്ഷെ ഇതിലൂടെയെല്ലാം കയറി നടക്കുന്നതു കാണാം. ഇതെല്ലാം പറയാനുള്ള എല്ലാ അധികാരവും ആരോ കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു.

mohanlal-drishyam-2

 

ദൃശ്യം 2 ഒടിടിക്കു വിറ്റ ആന്റണി പെരുമ്പാവൂരിന്റെ കഥയും ഇതുതന്നെയാണ്. ആന്റണി സ്വന്തം പൈസയ്ക്ക് സിനിമയെടുക്കുന്നു, കൊടുക്കാനുള്ളതെല്ലാം കൊടുത്തു തീർക്കുന്നു.    ഈ സിനിമ എവിടെയെങ്കിലും പ്രദർശിപ്പിക്കാമെന്നു പറഞ്ഞു പണം മുൻകൂർ വാങ്ങിയിട്ടുണ്ടെങ്കിൽ വിറ്റതിന് ആന്റണിയെ കുനിച്ചു നിർത്തി അബു സലീമിനെക്കൊണ്ട് ഇടിപ്പിക്കണം. എന്നാൽ ആന്റണി ആണയിട്ടു പറയുന്നത് പണം സ്വന്തം പോക്കറ്റിൽനിന്നാണെന്നാണ്. അതോടെ അതു ആന്റണിയുടെ മാത്രം മുതലാണ്. അപ്പോൾ ആ സിനിമ വിൽക്കാനോ കത്തിച്ചു കളയാനോ ഉള്ള അധികാരം ആന്റണിക്കാണ്. സ്വന്തം ഭാര്യയ്ക്കു വേണ്ടി മാത്രം ഈ സിനിമ പ്രദർശിപ്പിച്ച ശേഷം പെട്ടി പൂട്ടി വീട്ടിൽ പോകാനും ആന്റണിക്ക് അധികാരമുണ്ട്.

drishyam-2-sets

 

ലോകം മാറിയിരിക്കുന്നു. ആദ്യമായി എടിഎം കൊണ്ടുവന്നപ്പോൾ ബാങ്ക് ജീവനക്കാരുടെ പണിപോകുമെന്നു പറഞ്ഞു തടഞ്ഞവരുണ്ടായിരുന്നു. അവരിപ്പോഴും എടിഎം ഉപയോഗിക്കുന്നില്ലെന്നു കരുതാം. ദൃശ്യമാധ്യമത്തിന്റെ ലോകം വലുതായിരിക്കുന്നു. ഒടിടിയിൽനിന്നു സിനിമ തിയറ്ററിലക്കു തിരിച്ചും വന്നുകൊണ്ടിരിക്കുന്നു. ഇതുവരെ പറഞ്ഞു കേട്ടിട്ടുപോലുമില്ലാത്ത ഭാഷകളിലെ സിനിമകൾ ഒടിടിയിൽ ഹിറ്റാകുന്നു. അതിലെ താരങ്ങൾ തിയറ്ററുകളിലേക്ക് ഇറങ്ങിവരുന്നു. മലയാള സിനിമയുടെ ലോകം വളരെ ചെറുതാണ്. മലയാള സിനിമ 70 തിയറ്ററിൽ റിലീസ് ചെയ്യുമ്പോൾ തെലുങ്കു സിനിമ ഇന്ത്യയിൽ മാത്രം 700 തിയറ്ററിലാണു റിലീസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കേരളത്തിൽ പിടിച്ചു നിൽക്കാൻ എല്ലാ വഴിയും നോക്കേണ്ടിവരും. 

 

ഒടിടിയിൽ മാത്രം സിനിമ ഓടിച്ചു ഒരു താരത്തിനും രക്ഷപ്പെടാനാകില്ല. കാരണം, താരങ്ങൾ ഉണ്ടാകുന്നതു തിയറ്ററിലാണ്. ഇതു മാറില്ല എന്നു പറയാനാകില്ല. പക്ഷെ മാറുന്നതുവരെ അവർക്കു തിയറ്റുകളെ ആശ്രയിക്കേണ്ടിവരും. അവർ തിയറ്ററിലേക്കുതന്നെ വന്നേ പറ്റൂ. എന്നാൽ എടുക്കുന്ന സിനിമയെല്ലാം തിയറ്ററിൽ കാണിക്കണമെന്നു പറയുന്നതു. തിയറ്ററിൽനിന്നു പണം വാങ്ങാതെ മുതലിറക്കിയവർ അതു വിൽക്കുകയോ വിൽക്കാതിരിക്കുകയോ ചെയ്യട്ടെ.

 

എത്രയോ കാലം കീറിപ്പറഞ്ഞ, മൂട്ട കടിക്കുന്ന സീറ്റിലിരുന്നു സിനിമ കണ്ട മലയാളി ഇപ്പോൾ ഇരിക്കുന്നതു ഒന്നാന്തരം പുഷ് ബാക് സീറ്റിലാണ്. പഴയ സീറ്റു മാറ്റാൻ പാടില്ലെന്നു സീറ്റു കമ്പനിക്കാർ പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ. തിയറ്റിലെ കാന്റീനിൽ വിൽക്കുന്നതു പുതിയ തരം പലഹാരങ്ങളാണ്. എനിക്കു പഴയതുപോലെ കപ്പലണ്ടിവേണം എന്നു പറഞ്ഞു വാശിപിടിക്കാനാകുമോ.

 

ഇതൊരു കച്ചവടമാണ്. ഷൂട്ടിങ് യൂണിറ്റും ക്യാമറയും ലൈറ്റും ഇതുമായി ബന്ധപ്പെട്ട വാഹനങ്ങളും കാന്റീനും എല്ലാം ചേർന്നുള്ള കച്ചവടം. ഒടിടിയിലാണോ തിയറ്ററിലാണോ എന്നൊരും നോക്കി നിൽക്കാനാകില്ല. മലയാള സിനിമ രക്ഷപ്പെടണമെങ്കിൽ എല്ലാ വഴിയും നോക്കേണ്ടിവരും. തിയറ്ററിൽനിന്നു കടം വാങ്ങിയിട്ടുണ്ടെങ്കിൽ ആന്റണി അവർക്കു സിനിമ കൊടുക്കട്ടെ. ഇല്ലെങ്കിൽ ഇഷ്ടമുള്ളതു ചെയ്യട്ടെ. ചക്ക ആന്റണിയുടെ പറമ്പിലേതാണെങ്കിൽ അതു ആന്റണി വെട്ടട്ടെ വിൽക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com