ADVERTISEMENT

ആദ്യമേ പറയട്ടെ, ഇതൊരു തീവ്ര രജനി രസികന്റെ കുറിപ്പാണ്. രജനിത്തം രസിക്കാത്തവർ പൊറുക്കുക.  രാഷ്ട്രീയ പാർട്ടിയുണ്ടാക്കാനുള്ള തീരുമാനത്തിൽ നിന്ന് 'പേടിച്ചു' പിന്മാറിയ രജനീകാന്തിനെ ട്രോളുന്നവരെ പഴയൊരു ട്രോൾ ഓർമിപ്പിച്ചു കൊണ്ടു തുടങ്ങാം. 'മിഷൻ ഇംപോസിബിൾ' എന്ന അമേരിക്കൻ പടത്തിൽ നായകനാകാൻ  ആദ്യം വിളിച്ചത് രജനീകാന്തിനെയായിരുന്നുവത്രെ. പടത്തിന്റെ പേരു കേട്ടതും രജനി പിൻമാറി: 'ഇംപോസിബിളാ? എനക്കാ? ഹാ ഹാ ഹാ...'

 

rajini-party

ഇനി പഴയൊരു ചരിത്ര വസ്തുത പറയാം. ഏതാണ്ട് അതേ കാലത്താണ്, 1996ൽ രജനീകാന്തിന് വേറൊരു വലിയ ക്ഷണം കിട്ടിയത്-തമിഴകത്തിന്റെ മുഖ്യമന്ത്രിയാവാൻ! വിളിച്ചത് ചില്ലറക്കാരല്ല-ജി.കെ. മൂപ്പനാരും പി.ചിദംബരവും മുതൽ കലൈഞ്ജർ കരുണാനിധി വരെ വിളിച്ചു. പ്രധാനമന്ത്രി നരസിംഹറാവു തന്നെ നേരിട്ടു വിളിച്ചുവെന്നാണു പിൽക്കാലത്ത് രജനി വെളിപ്പെടുത്തിയത്. വിളിച്ചവരോടൊക്കെ  NO പറഞ്ഞ് തലൈവർ നേരെ അമേരിക്കയിലേക്കു പോവുകയാണുണ്ടായത്. വിമാനത്താവളത്തിൽ പത്രക്കാരോട് ഇത്രമാത്രം പറഞ്ഞു: 'ഇനി ഒരിക്കൽ കൂടി ജയലളിത അധികാരത്തിലെത്തിയാൽ പിന്നെ തമിഴ്‌നാടിനെ രക്ഷിക്കാൻ ദൈവത്തിനു പോലും കഴിയില്ല'. 

 

ആ തിരഞ്ഞെടുപ്പിൽ ജയലളിതയുടെ അണ്ണാ ഡിഎംകെ എട്ടു നിലയിൽ പൊട്ടി. കരുണാനിധി-മൂപ്പനാർ സഖ്യം, രജനിയുടെ പിന്തുണയോടെ തമിഴകം തൂത്തുവാരി.  രണ്ടു കൊല്ലം മുൻപ് രാഷ്ട്രീയ പ്രവേശം ചർച്ചയായപ്പോൾ രജനി പറഞ്ഞു: 'നാൽപ്പത്തിഅഞ്ചാം വയസ്സിൽ വേണ്ടെന്നു പറഞ്ഞ് തട്ടിക്കളഞ്ഞ മുഖ്യമന്ത്രിക്കസേരയോ? ഈ അറുപത്തിയെട്ടാം വയസ്സിലോ? ഹാ ഹാ ഹാ'.

 

ഇനിയും രജനിയെ മനസ്സിലാകാത്തവരോട് ഒരു കാര്യം പറയട്ടെ: സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ഏറ്റവും വലിയ സൂപ്പർ ഹിറ്റായി ഇനി രസികമനസ്സിൽ അറിയപ്പെടുക 'ബാഷ'യോ 'അണ്ണാമലൈ'യോ 'എന്തിര'നോ  ഒന്നുമായിരിക്കില്ല. രാഷ്ട്രീയം വിടുന്നതായി 2020 ഡിസംബർ 29നു രജനി ട്വിറ്ററിൽ പങ്കുവച്ച ആ മൂന്നു പേജ് കുറിപ്പായിരിക്കും. അതു കൃത്യമായി മനസ്സിലാകണമെങ്കിൽ തമിഴ് അറിയണം, തമിഴ് മക്കളെ അറിയണം. രാഷ്ട്രീയ പ്രവേശന തീരുമാനം ഉപേക്ഷിച്ചു കൊണ്ടു രജനീകാന്ത് എഴുതിയ ആ കത്ത് മലയാള ലിപിയിൽ ഇങ്ങനെ വായിക്കാം (മലയാള മൊഴിമാറ്റം പിന്നാലെ):

 

'എന്നൈ വാഴവെക്കും ദൈവങ്ങളാന തമിഴക മക്കളുക്ക് എനത് അൻപാന വണക്കം. ജനവരിയിൽ കച്ചി തൊടങ്ങുവേൻ എൻട്ര് അറിവിത്ത് മരുത്തുവർകളിൻ അറിവുരൈയെയും മീറി അണ്ണാത്തെ പടപ്പിടിപ്പിൽ കലന്തുകൊള്ള ഹൈദരാബാദ് സെൻട്രേൻ. കിട്ടത്തട്ട 120 പേർ കൊൺട്ര പടക്കുഴുവിനരുക്ക് ദിനമും കൊറോണാ പരിശോധനൈ സെയ്ത് ഒവ്വൊരുവരൈയും തനിമൈപ്പടുത്തി, മുഖകവചം അണിവിത്ത് മികവും ജാഗ്രതയാക പടപ്പിടിപ്പൈ നടത്തി വന്തോം.

 

ഇവ്വളവ് കട്ടുപ്പാട് പോട്ടിരുന്തും 4 പേരുക്ക് കൊറോണാ ഇരുക്കിറത് എൻട്ര് തെരിയ വന്തത്. ഉടനേ ഇയക്കുനർ പടപ്പിടിപ്പ്  നിർത്തി എനക്ക് ഉട്പ്പട അനൈവരുക്കും കൊറോണാ പരിശോധനൈ സെയ്‌വിത്താർ. എനക്ക് കൊറോണാ നെഗറ്റീവ് വന്തത്. ആനാൽ എനക്ക് രക്തക്കൊതിപ്പിൽ അധിക ഏറ്റത്താഴ്‌വ് ഇരുന്തത്. മരുത്തുവ രീതിയാക എക്കാരണത്തൈക്കൊണ്ടും എനക്ക് രക്തക്കൊതിപ്പിൽ തൊടർന്ത് ഏറ്റത്താഴ്‌വ് ഇരുക്കക്കൂടാത്. അത് എന്നുടയ മാറ്റ് സിരുനീരകത്തൈ കടുമൈയാക ബാധിക്കും.

 

ആകയാൽ എന്നുടൈയ മരുത്തുവർകളിൻ അറിവുരൈപ്പടി അവർകളിൻ മേർപാർവൈയിൽ 3 നാൾകൾ മരുത്തുവമനൈയിൽ കൺകാണിപ്പിൽ ഇരുക്ക നേരിട്ടത്. എൻ ഉടൽനിലൈ കരുതി തയാറിപ്പാളർ കലാനിധി മാരൻ അവർകൾ മീതമുള്ള പടപ്പിടിപ്പൈ ഒത്തിവൈത്താർ. ഇതനാൽ പല പേരുക്കു വേലൈവായ്പ്പ് ഇഴപ്പ്, പല കോടി രൂപായ് നഷ്ടം. ഇവൈ അനൈത്തുക്കും കാരണം എന്നുടയ ഉടൽനിലൈ. ഇതൈ ആണ്ടവൻ എനക്കു കൊടുത്ത ഒരു എച്ചരിക്കൈയാകത്താൻ പാർക്കിറേൻ. 

 

നാൻ കച്ചി ആരംഭിത്ത പിറക് ഊടകങ്ങൾ, സമൂഹ വലൈത്തളങ്ങൾ മൂലമാക മട്ടും പ്രചാരം ചെയ്താൽ മക്കൾ മത്തിയിൽ നാൻ നിനൈക്കും അരസിയൽ എഴുച്ചിയൈ ഉണ്ടാക്കി തേർതലിൽ പെരിയ വെറ്റ്രിയൈ പെറ മുടിയാത്. ഇന്ത യഥാർഥത്തൈ അരസിയൽ അനുഭവം വായ്ന്ത യാരും മറുക്കമാട്ടാർകൾ. നാൻ മക്കളൈ സന്തിത്ത് കൂട്ടങ്ങളൈ കൂട്ടി പ്രചാരത്തിർക്കു സെൻട്ര് ആയിരക്കണക്കാന, ഏൻ, ലക്ഷക്കണക്കാന മക്കളൈ സന്തിക്ക വേണ്ടിയിരുക്കും. 120 പേർ കൊണ്ട കുഴുവിലേയേ കൊറാണാ ബാധിപ്പ് ഏർപ്പെട്ട് നാൻ 3 നാട്കൾ മരുത്തുവമനൈയിൽ മരുത്തുവർകളിൻ കൺകാണിപ്പിൽ ഇരുക്ക നേർന്തത്. ഇപ്പോത് ഇന്ത കൊറോണാ ഉരുമാറി പുതുവടിവം പെറ്റ്ര് ഇരണ്ടാവത് അലൈയാക വന്തുകൊണ്ടിരുക്കിറത്.

aishwarya-dhanush

 

തടുപ്പൂച്ചി വന്താൽകൂട, നോയ് എതിർപ്പു ശക്തിയൈ കുറയ്ക്കും Immuno Suppressant മരുന്തുകളൈ സാപ്പിടും നാൻ, ഇന്ത കോറോണാ കാലത്തിൽ മക്കളൈ സന്തിത്ത്, പ്രചാരത്തിൻപോത് എൻ ഉടൽനിലയിൽ ബാധിപ്പ് ഏർപ്പെട്ടാൽ എന്നൈ നമ്പി എൻകൂടൈ വന്ത് എന്നുടൻ അരസിയൽ പയനം മേർക്കൊണ്ടവർകൾ പല സിക്കൽകളെയും സങ്കടങ്ങളെയും എതിർകൊണ്ട് മനരീതിയാകവും പൊരുളാധാരരീതിയാകവും പല തുൻപങ്ങളൈ സന്തിക്ക നേരിടും.

 

എൻ ഉയിർ പോനാലും പറവായില്ലൈ, നാൻ കൊടുത്ത വാക്കൈ തവറമാട്ടേൻ, നാൻ അരസിയലുക്കു വരുവേൻ എൻട്രു സൊല്ലി ഇപ്പൊഴുത് അരസിയലുക്ക് വരവില്ലൈ എൻട്രു സൊന്നാൽ നാലു പേർ നാലു വിധമാ എന്നൈപ്പറ്റി പേസുവാർകൾ എൻപതർക്കാക എന്നൈ നമ്പി എൻ കൂട വരുപവർകളൈ നാൻ ബലികടാ ആക്ക വിരുമ്പവില്ലൈ. ആകയാൽ നാൻ കച്ചി ആരംഭിത്ത് അരസിയലുക്കു വര മുടിയവില്ലൈ എൻപതൈ മികുന്ത വരുത്തത്തുടൻ തെരുവിത്തുക്കൊൾകിറേൻ. ഇതൈ അറിവിക്കും പോത് എനക്ക് ഏർപ്പെട്ട വലി എനക്ക് മട്ടും താൻ തെരിയും. ഇന്ത മുടിവ് രജിനി മക്കൾ മൺട്രത്തിനരുക്കും, നാൻ കച്ചി ആരംഭിപ്പേൻ എൻട്ര് എതിർപാർത്തുക്കൊണ്ടിരുക്കും രസികർകളുക്കും മക്കളുക്കും ഏമാറ്റ്രത്തൈ അളിക്കും, എന്നൈ മന്നിയുങ്കൾ.

 

മക്കൾ മൺട്രത്തിനർ കടന്ത 3 ആണ്ടുകളാക എൻ സൊല്ലുക്കു കട്ടുപ്പട്ട് ഒഴുക്കത്തുടനും, നേർമൈയുടനും, കൊറോണാ കാലത്തിലും തൊടർന്ത് മക്കളുക്ക് സേവൈ സെയ്തിരുക്കിൻട്രീർകൾ. അതു വീൺ പോകാത്. അന്ത പുണ്യം എൻട്രും ഉങ്കളൈയും ഉങ്കൾ കുടുംബത്തെയും കാപ്പാറ്റ്രും. കടന്ത നവംബർ മുപ്പതാം തേതി നാൻ ഉങ്കളൈ സന്തിത്തപോത്, നീങ്കൾ എല്ലോരും ഒരു മനതാക 'ഉങ്കൾ ഉടൽനലം താൻ എങ്കളുക്കു മുഖ്യം, നീങ്കൾ എന്ന മുടിവെടുത്താലും എങ്കളുക്ക് സമ്മതമേ' എൻട്ര് സൊന്ന വാർത്തൈകളൈ എൻ വാഴ്നാളിൽ മറക്കമാട്ടേൻ.

 

നീങ്കൾ എൻമേൽ വൈത്തിരുക്കും അൻപിർക്കും, പാസത്തിർക്കും തലൈ വണങ്കുകിറേൻ. രജിനി മക്കൾ മൺട്രം എൻട്രും പോല സെയൽപടും. 3 ആണ്ടുകളാക എവ്വളവ് വിമർശനങ്കൾ വന്താലും തൊടർന്ത് എന്നെ ആദരിത്ത് മുതലിൽ ഉങ്കൾ ഉടൽ നലത്തൈ ഗവനിയുങ്ക, അതു താൻ എങ്കളുക്കു മുഖ്യം എൻട്ര് അൻപുടൻ കൂറിയ മതിപ്പിർക്കുറിയ തമിഴരുവി മണിയൻ അയ്യാ അവർകളുക്ക് എന്നുടൈയ മനമാർന്ത നൻട്രിയൈ തെരുവിത്തുക്കൊൾകിറേൻ. നാൻ കേട്ടുക്കൊണ്ടതർക്കിണങ്ക ഒരു പെരിയ കച്ചിയിൽ പൊറുപ്പാന പദവിയിലിരുന്ത് വിലകി എൻ കൂട വന്ത് പണിയാറ്റ്ര സമ്മതിത്ത മരിയാദൈക്കുറിയ അർജുനമൂർത്തി അവർകളുക്കും നൻട്രി കൂറ നാൻ കടമൈപ്പട്ടുള്ളേൻ. തേർതൽ അരസിയലുക്കു വരാമൽ മക്കളുക്ക് എന്നാൽ എന്ന സേവൈ സെയ്യമുടിയുമോ അതൈ നാൻ സെയ്‌വേൻ. നാൻ ഉൺമൈയൈ പേസ എൻട്രുമേ തയങ്കിയതില്ലൈ. ഉൺമൈയെയും വെളിപ്പടൈ തന്മൈയെയും വിരുമ്പും, എൻ നലത്തിൽ അക്കരയുടൻ  എൻമേൽ അൻപു കൊണ്ട എന്നൈ വാഴവൈക്കും ദൈവങ്കളാന രസികർകളും, തമിഴക മക്കളും എന്നുടൈയ ഇന്ത മുടിവൈ ഏറ്റുക്കൊള്ള വേണ്ടും എൻട്ര് അൻപുടൻ കേട്ടുക്കൊൾകിറേൻ. വാഴ്ക തമിഴ് മക്കൾ. വളർക തമിഴ്നാട്. ജെയ് ഹിന്ദ്.

 

(സ്വതന്ത്ര) മലയാള തർജമ ഏതാണ്ട് ഇങ്ങനെ:

 

എനിക്കു ജീവിതം തന്ന ദൈവങ്ങളായ തമിഴ് നാട്ടുകാർക്ക് എന്റെ സ്നേഹം നിറഞ്ഞ നമസ്‌കാരം. ജനുവരിയിൽ രാഷ്ട്രീയ പാർട്ടി തുടങ്ങുമെന്ന് പ്രഖ്യാപിച്ച ശേഷം ഞാൻ ഡോക്ടർമാരുടെ ഉപദേശം വകവയ്ക്കാതെ 'അണ്ണാത്തെ' പടത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിൽ പോയിരുന്നു. ഷൂട്ടിങ് സംഘത്തിൽ ഏതാണ്ട് 120 പേരാണുണ്ടായിരുന്നത്. എല്ലാവർക്കും ദിവസവും കൊറോണാ പരിശോധന നടത്തിയും സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും അതീവജാഗ്രതയോടെയാണു ഷൂട്ടിങ് നടത്തിപ്പോന്നത്. ഇത്രയധികം നിയന്ത്രണങ്ങളുണ്ടായിട്ടും സംഘത്തിലെ നാലു പേർക്ക് കൊറോണ പിടിപെട്ടതായി കണ്ടെത്തി. ഉടനെ സംവിധായകൻ ഷൂട്ടിങ് നിർത്തി ഞാനടക്കം എല്ലാവർക്കും കൊറോണാ പരിശോധന നടത്തിച്ചു. 

rajini-wife

 

എന്റെ കൊറോണാ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും രക്തസമ്മർദ്ദത്തിൽ അധികവ്യതിയാനം കണ്ടെത്തി. വൈദ്യവിധി പ്രകാരം എനിക്ക് ഒരു കാരണവശാലും രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉണ്ടാവാൻ പാടില്ലാത്തതാണ്. അങ്ങനെ ഉണ്ടായാൽ അത് എന്റെ മാറ്റിവച്ച വൃക്കയെ ഗുരുതരമായി ബാധിക്കും. അതിനാൽ ഞാൻ ഡോക്ടർമാരുടെ ഉപദേശപ്രകാരം അവരുടെ മേൽനോട്ടത്തിൽ 3 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വന്നു. എന്റെ ആരോഗ്യനില കണക്കിലെടുത്ത് നിർമാതാവ് കലാനിധി മാരൻ ബാക്കി ഷൂട്ടിങ് മാറ്റിവയ്ക്കുകയും ചെയ്തു. അതു കൊണ്ട് പലർക്കും തൊഴിലവസരം നഷ്ടമായി. പല കോടി രൂപ നഷ്ടമുണ്ടായി. എല്ലാത്തിനും കാരണം എന്റെ ആരോഗ്യനില! അത് ദൈവം എനിക്കു തന്ന മുന്നറിയിപ്പായാണ് ഞാൻ കാണുന്നത്.

 

ഞാൻ രാഷ്ട്രീയ പാർട്ടി തുടങ്ങിയ ശേഷം മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴി മാത്രം പ്രചാരണം നടത്തിയാൽ ജനങ്ങൾക്കിടയിൽ ഞാനാഗ്രഹിക്കുന്ന രാഷ്ട്രീയ ഉണർവ് ഉണ്ടാക്കാനോ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടാനോ കഴിയില്ല. രാഷ്ട്രീയാനുഭവമുള്ള ആർക്കും ആ യാഥാർഥ്യം മനസ്സിലാവും. ഞാൻ ജനങ്ങളെ നേരിൽ കണ്ട്  ആളെക്കൂട്ടി പ്രചാരണത്തിനിറങ്ങിയാൽ ആയിരക്കണക്കിനോ, ചിലപ്പോൾ ലക്ഷക്കണക്കിനോ ആളുകളെ നേരിട്ടു കാണേണ്ടി വരും. വെറും 120 പേരടങ്ങിയ സംഘത്തിൽ പോലും കൊറോണയാൽ മൂന്നു ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വന്നയാളാണ് ഞാൻ. ഇപ്പോഴാണെങ്കിലോ കൊറോണ രൂപം മാറി പുതിയരൂപത്തിൽ രണ്ടാം തരംഗമായി വന്നു കൊണ്ടിരിക്കുകയുമാണ്.

 

(മാറ്റിവച്ച കിഡ്‌നിയെ ശരീരം പുറന്തള്ളാതിരിക്കാൻ) ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന തരം മരുന്നുകൾ സ്ഥിരമായി കഴിച്ചു കൊണ്ടിരിക്കുന്നയാളാണ് ഞാൻ. കോവിഡ് പ്രതിരോധ വാക്‌സിൻ വന്നാൽ പോലും, ഈ കൊറോണക്കാലത്ത് ജനങ്ങളെ നേരിൽ സന്ദർശിച്ച് പ്രചാരണം നടത്തുന്നതിനിടെ എന്റെ ആരോഗ്യത്തിന് എന്തെങ്കിലും സംഭവിച്ചാൽ, എന്നെ വിശ്വസിച്ച് എന്റെ കൂടെ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയവർക്ക് പല ബുദ്ധിമുട്ടുകളും സങ്കടങ്ങളുമുണ്ടാവും. അവർക്ക് മാനസികമായും സാമ്പത്തികമായും പല പല വിഷമങ്ങൾ നേരിടേണ്ടി വരും.

 

'എന്റെ ജീവൻ നഷ്ടമായാലും സാരമില്ല,  നിങ്ങൾക്കു തന്ന വാക്ക് തെറ്റിക്കില്ല, ഞാൻ രാഷ്ട്രീയത്തിലേക്കു വരിക തന്നെ ചെയ്യും' എന്ന് ഇത്രയും നാൾ പറഞ്ഞു കൊണ്ടിരുന്ന ഞാൻ ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല എന്നു പറഞ്ഞാൽ എന്നെപ്പറ്റി പലരും പല തരത്തിലും പലതും പറഞ്ഞേക്കാം. പക്ഷേ, അതിന്റെ പേരിൽ, എന്നെ വിശ്വസിച്ച് എന്റെ കൂടെ വരുന്നവരെ ബലിയാടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

 

അതിനാൽ, പാർട്ടി ആരംഭിച്ച് രാഷ്ട്രീയത്തിലേക്കു വരാൻ എനിക്ക് കഴിയില്ല എന്ന് അതീവ ദു:ഖത്തോടെ അറിയിച്ചു കൊള്ളുന്നു. ഇക്കാര്യം നിങ്ങളെ അറിയിക്കുമ്പോൾ എനിക്കുണ്ടായ വേദന എനിക്കു മാത്രമേ അറിയൂ. എന്റെ ഈ തീരുമാനം രജനി മക്കൾ മൺട്രം പ്രവർത്തകർക്കും, ഞാൻ പാർട്ടി തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകർക്കും പൊതുജനങ്ങൾക്കും നിരാശയുണ്ടാക്കും, എന്നോട് പൊറുത്താലും. മക്കൾ മൺട്രം പ്രവർത്തകർ കഴിഞ്ഞ 3 വർഷമായി എന്റെ വാക്കു കേട്ട് സത്യസന്ധമായും കൃത്യമായും, കൊറോണക്കാലത്തു പോലും ജനങ്ങളെ സേവിച്ചിട്ടുണ്ട്. അതൊന്നും പാഴാകില്ല. 

 

ആ പുണ്യം എക്കാലത്തും നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും കാത്തുരക്ഷിക്കും. കഴിഞ്ഞ നവംബർ 30നു ഞാൻ നിങ്ങളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ, 'അങ്ങയുടെ ആരോഗ്യമാണ് ഞങ്ങൾക്കു മുഖ്യം, അങ്ങ് എന്തു തീരുമാനമെടുത്താലും ഞങ്ങൾക്കു സമ്മതം' എന്ന് നിങ്ങളെല്ലാവരും ഒരേ മനസ്സോടെ എന്നോടു പറഞ്ഞത് ജീവിതത്തിലൊരിക്കലും ഞാൻ മറക്കില്ല. നിങ്ങൾ എന്നോടു കാണിക്കുന്ന സ്‌നേഹത്തിനും ബന്ധത്തിനും മുൻപിൽ ഞാൻ ശിരസ്സ് നമിക്കുന്നു. രജനി മക്കൾ മൺട്രം പഴയതു പോലെത്തന്നെ പ്രവർത്തനം തുടരും.

 

കഴിഞ്ഞ മൂന്ന് വർഷമായി, എന്തെല്ലാം വിമർശനങ്ങളുണ്ടായിട്ടും എന്നെ പിന്തുണയ്ക്കുകയും, 'താങ്കൾ ആദ്യം സ്വന്തം ആരോഗ്യം നോക്കുക, അതാണ് ഞങ്ങൾക്കു മുഖ്യം' എന്ന് എന്നോടു സ്‌നേഹത്തോടെ പറയുകയും ചെയ്ത, ആദരണീയനായ തമിഴരുവി മണിയൻ സാർ അവർകൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ അറിയിച്ചു കൊള്ളുന്നു.

ഞാൻ ആവശ്യപ്പെട്ട ഉടൻ ഒരു വലിയ രാഷ്ട്രീയ പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ട പദവി ഉപേക്ഷിച്ച് എന്റെ കൂടെ വരാൻ തയാറായ ബഹുമാന്യനായ അർജുനമൂർത്തി അവർകൾക്കും നന്ദി പറയാൻ ഞാൻ കടപ്പെട്ടിരിക്കുന്നു.

rajini-family

 

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു വരാതെ തന്നെ ജനങ്ങൾക്കു വേണ്ടി എന്തെല്ലാം ചെയ്യാൻ എനിക്കു കഴിയുമോ അതെല്ലാം ഞാൻ ചെയ്യും. സത്യങ്ങൾ തുറന്നു പറയാൻ ഞാൻ ഒരിക്കലും മടി കാണിച്ചിട്ടില്ല.

 

സത്യവും സുതാര്യതയും ഇഷ്ടപ്പെടുന്ന, എന്റെ നന്മ ആഗ്രഹിച്ച് എന്നെ സ്‌നേഹിക്കുന്ന, എനിക്ക് ഈ ജീവിതം തന്നെ ദൈവങ്ങളായ ആരാധകരും തമിഴക മക്കളും എന്റെ ഈ തീരുമാനം സ്വീകരിക്കണമെന്ന് സ്‌നേഹപൂർവം അപേക്ഷിക്കുന്നു. തമിഴ് മക്കൾ വാഴട്ടെ. തമിഴ്‌നാട് വളരട്ടെ. ജയ് ഹിന്ദ്.

 

വായിച്ചല്ലോ? സംഗതി ക്ലിയറായില്ലേ? അതായത്, പുറത്തിറങ്ങിയാൽ കൊറോണ പിടിക്കും, സൂപ്പർ സ്റ്റാറിന്റെ ശരീരത്തിന് അതു താങ്ങാൻ ശേഷിയില്ല, ജീവാപായം വരെ സംഭവിക്കാം, അതു കൊണ്ട് സോറി. ഇനി നിർത്തി നിർത്തി, ആവശ്യത്തിനു പശ്ചാത്തലസംഗീതവും സൗണ്ടിഫക്ട്സും ചേർത്ത് കത്ത് ഒന്നു കൂടി വായിച്ചു നോക്കൂ, എന്തേലും സംശയം ബാക്കിയുണ്ടേലതും മാറിക്കിട്ടും. അല്ലേ?

 

രജനി പറഞ്ഞതും രസികർ കേട്ടതും

 

പക്ഷേ, സാദാ രജനിരസികൻ ആ കത്ത് വായിക്കുന്നത് അങ്ങനെയല്ല. അവന് അത് അങ്ങനെ വായിക്കാനാവില്ല. ഒച്ച നിലച്ചു പോയ തിരൈപ്പടം പോലെയാണ് അവന് ആ കത്ത്. അവന് വാഴ്നാൾ മുഴുവതും ഓർത്തോർത്ത് കരയാനുള്ളത് അതിലുണ്ട്. ദൈവമല്ല, പച്ച മനുഷ്യനാണ് എന്ന് അവന്റെ ദൈവം അവനോട് ഒരിക്കൽക്കൂടി ഏറ്റുപറയുന്നതാണത്. മാറ്റിവച്ച വൃക്കയുടെയും മരുന്നുകളുടെയും ഔദാര്യത്തിൽ ശ്വാസമെടുത്തു ജീവിക്കുന്നൊരാൾ. നല്ലൊരു പനി വന്നാൽ നിലച്ചു പോയേക്കാവുന്നൊരു ജീവൻ. അയാൾക്കോ ഒരേയൊരു സങ്കടം: എനിക്കെന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾക്കാര്? നിങ്ങളെ അനാഥരാക്കിക്കൊണ്ട് എനിക്കു മരിക്കണ്ടാ...നിങ്ങൾക്കു വേണ്ടി ഞാൻ ജീവിക്കാൻ കൊതിക്കുന്നു. അതിവൈകാരികതയിൽ ആണ്ടു പോയൊരു ജനതയോട് ഇതിലും വൈകാരികമായി ക്ഷമ ചോദിക്കാൻ ആർക്കു കഴിയും? ഏതു നക്ഷത്രത്തിന്? ( ഹീറോയിസം മാത്രമല്ല, ആവോളം ഹ്യൂമറുമുണ്ടായിരിക്കും, രജനിയുടെ സൂപ്പർ ഹിറ്റുകളിലെല്ലാം. ഇതിലുമതേ).

 

അങ്ങ് പോകരുത്, അങ്ങയെ ഞങ്ങൾക്കു വേണം, അങ്ങയുടെ രാഷ്ട്രീയം ഞങ്ങൾക്കു വേണ്ട, അങ്ങയുടെ പാർട്ടി വേണ്ട, അങ്ങ് ഉയിരോടിരുന്നാൽ മാത്രം മതി എന്നാണ് രജനിയുടെ കത്തിനു രസികരുടെ മറുപടി. രജനിയുടെ പിന്മാറ്റ തീരുമാനമറിയിച്ച ട്വീറ്റിനോടുള്ള രസികപ്രതികരണങ്ങൾ ഒന്നോടിച്ചു നോക്കൂ. ഞങ്ങളെ ചതിച്ചല്ലോ, ഞങ്ങളെ നിരാശപ്പെടുത്തിയല്ലോ എന്ന വിലാപങ്ങൾ അവിടെ കാണില്ല. തിരിച്ചു വരൂ ഒരിക്കൽക്കൂടി എന്ന പ്രാർഥന മാത്രമാണവിടെ. ഏറ്റവും കടുത്ത ആരാധകർ പോലും പ്രതിഷേധം ഒരു മൗനജാഥയിലൊതുക്കുകയാണു ചെയ്തത്. 

 

അണ്ണാത്തയുടെ ഷൂട്ടിങ് ഉപേക്ഷിച്ചതിലാണ്, തലൈവർ രാഷ്ട്രീയം ഉപക്ഷിച്ചതിലല്ല  രജനിരസികൻ സങ്കടപ്പെടുന്നത്. മാറ്റിവച്ച രാഷ്ട്രീയപ്രവേശത്തെപ്പറ്റിയല്ല, മാറ്റിവച്ച കിഡ്‌നിയെപ്പറ്റിയാണ് അവന്റെ ഉൽക്കണ്ഠ. രജനിയുടെ രാഷ്ട്രീയം അവനു വെറും മണ്ണാങ്കട്ടയാണ്. 96ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവൻ ജയലളിതയ്‌ക്കെതിരെ വോട്ട് കുത്തിയത് തലൈവരുടെ പ്രസംഗം കേട്ടിട്ടാണെന്നു വിശ്വസിക്കുന്നവർ വിഡ്ഢികൾ.  തന്റെ വോട്ട് താമരയ്ക്കാണെന്നു തലൈവർ പരസ്യമായി പ്രഖ്യാപിച്ച 2004ൽ രജനിരസികന്റെ വോട്ട് ഉദയസൂര്യനായിരുന്നു-കരുണാനിധിക്ക്. അന്ന് രജനി പിന്തുണച്ച ബിജെപി-അണ്ണാഡിഎംകെ സഖ്യത്തിനു തമിഴകം നൽകിയത് പൂജ്യം സീറ്റ്. (തൊട്ടു പിന്നാലെ റിലീസായ 'ചന്ദ്രമുഖി' ചെന്നൈയിൽ മാത്രം തുടർച്ചയായി 890 ദിവസമാണു പ്രദർശിപ്പിച്ചത്!) 

 

രാഷ്ടീയം വേറെ സിനിമ വേറെ എന്നു തമിഴനു കാട്ടിക്കൊടുത്തൊരാൾക്കൂട്ടമുണ്ടെങ്കിൽ അതു രജനിരസികർ മാത്രമാണ്. അതു രജനിയോളം മനസ്സിലാക്കിയ മറ്റാരുമില്ലെന്നതാണു സത്യം. 'ബാഷ'യും 'മുത്തു'വും ഇന്റർനാഷനൽ ഹിറ്റുകളായി ഓടിക്കൊണ്ടിരുന്ന കാലത്താണ് രജനിക്കു തമിഴ്‌നാടിന്റ മുഖ്യമന്ത്രിക്കസേരയിലേക്കു ക്ഷണം വന്നത്. അന്നു തട്ടിക്കളഞ്ഞ കസേരയെ രണ്ടു പതിറ്റാണ്ടിനിപ്പുറം, തുടർച്ചയായ ഫ്ളോപ്പുകളുടെ ഈ എഴുപതാം വയസ്സിൽ രജനി വീണ്ടും സ്വപ്നം കാണുന്നുണ്ടെന്ന് ആരാണു പറഞ്ഞത്?

 

ഇനി, രജനീകാന്തിന്റെ ഭാര്യ ലത 2012 ഡിസംബറിൽ the Hindu-വിനു നൽകിയ അഭിമുഖത്തിലെ ഒരു ചോദ്യവും മറുപടിയും വായിക്കാം.

 

K R Manigandan: About fan's complaint that they don't see enough of him....?

 

Latha Rajinikanth: That's because he is basically a private perons and when he decides not to do osmething, there will be a valid reaons behind it. Perhaps, he is concerned about  the safety of his fans; the money they spend. You know, we used to have fans coming from different parts of Tamil Nadu. They would travel all night by buses and vans to reach here. Besides, he wants them to focus on their peronsal responsibilities; he wants them to  be good onss, brothers and husbands first. He believes that being his fan should not prevent them from performing their duties to their families.

 

(ചോദ്യം: രജനിയെ അധികം കാണാൻ കിട്ടുന്നില്ലാ എന്ന് ആരാധകർക്കു പരാതിയുണ്ടല്ലോ...

മറുപടി: അദ്ദേഹം അടിസ്ഥാനപരമായി ഒരു സ്വകാര്യ വ്യക്തിയാണ്. എന്തെങ്കിലുമൊരു കാര്യം ചെയ്യണ്ട എന്നു പുള്ളി തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിന് മതിയായ കാരണവും ഉണ്ടായിരിക്കും. ഒരുപക്ഷേ, തന്നെ കാണാൻ വരുന്നതിന ആരാധകർക്ക് ചെലവാകുന്ന പണത്തെക്കുറിച്ചും, അവരുടെ സുരക്ഷിതത്വത്തെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന് ആശങ്കയുണ്ടായിരിക്കാം. തമിഴ്‌നാടിന്റെ പല  ഭാഗത്തു നിന്നും ആരാധകർ അദ്ദേഹത്തെ കാണാൻ ഇവിടെ വരാറുണ്ടായിരുന്നു. രാത്രി മുഴുവൻ ബസ്സിലും വാനിലുമൊക്കെ യാത്ര ചെയ്താവും അവർ വരുന്നത്. ആരാധകർ അവരുടെ വ്യക്തിപരമായ ഉത്തരവാദിത്തങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ താൽപര്യം. അവർ ആദ്യം നല്ല മക്കളും നല്ല സഹോദരന്മാരും നല്ല ഭർത്താക്കന്മാരുമാകട്ടെ. തന്നോടുള്ള ആരാധനയുടെ പേരിൽ ആരും അവരവരുടെ കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാതിരിക്കരുത് എന്നും അദ്ദേഹം കരുതുന്നു.)

 

നോക്കൂ, തന്റെ ആരാധകരോട് രജനീകാന്തിനുള്ള കരുതലിനെയും കരുണയെയും പറ്റി എട്ടു വർഷം മുൻപ് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞതിൽ നിന്ന് എന്തങ്കിലും വ്യത്യാസമുണ്ടോ, എട്ടു കൊല്ലത്തിനിപ്പുറം രജനി നേരിട്ടു പറഞ്ഞതിൽ? 

 

ആണ്ടവൻ സൊൽറാൻ, തലൈവൻ മുടിക്കിറാൻ..

 

'തീരുമാനങ്ങളെടുക്കാൻ കഴിവില്ലാത്ത ഭീരു' എന്നു രജനിയെ പരിഹസിക്കുന്നവരോട് ഒന്നു ചോദിച്ചോട്ടെ: ഇത്ര ചടുലമായൊരു തീരുമാനം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ-എന്തിന്, ലോകരാഷ്ട്രീയ ചരിത്രത്തിൽ തന്നെ- വേറെ ഉണ്ടായിട്ടുണ്ടോ? ഇങ്ങനെയൊരു തീരുമാനമെടുക്കാൻ തലൈവർക്കല്ലാതെ മറ്റാർക്കു പറ്റും? മുഴുവൻ നേരവും കളിച്ച് കളി തോറ്റിട്ടും ഗ്രൗണ്ടിൽ നിന്നിറങ്ങാതെ മുട്ടിത്തിരിഞ്ഞു നിൽക്കുന്ന ഡോണൾഡ് ട്രംപിനെപ്പോലുള്ള രാഷ്ട്രീയക്കാരുടെ കാലത്താണ് രജനീകാന്ത് ഇങ്ങനെയൊരു അതിശീഘ്ര തീരുമാനമെടുത്തത് എന്നു മറക്കരുത്. മൂന്നു കൊല്ലത്തെ ഒരുക്കവും പരിശീലനവും കഴിഞ്ഞ് കളിക്കാരെല്ലാം ബൂട്ട് കെട്ടി റെഡിയായിരിക്കെ, കാണികളും ആകാംക്ഷയോടെ കാത്തിരിക്കെ, കിക്കോഫിനു തൊട്ടു മുൻപ്,  കളിക്കുന്നില്ലെന്നെടുത്ത ആ തീരുമാനമുണ്ടല്ലോ. അങ്ങനെയൊരു തീരുമാനമെടുക്കുന്നതിലടങ്ങിയ അമാനുഷികമായ ആ അധ്വാനവും ആസൂത്രണവുമുണ്ടല്ലോ, അതല്ലേ ഹീറോയിസം? 

 

ആ തീരുമാനത്തിലെ സൂപ്പർസ്റ്റാറിസം മനസ്സിലാകണമെങ്കിൽ, രാഷ്ടീയ പാർട്ടി രൂപീകരണത്തിനു വേണ്ടി കഴിഞ്ഞ മൂന്നു കൊല്ലത്തിനിടെ രജനി നടത്തിയ തയാറെടുപ്പുകളും ചിന്താപദ്ധതികളും മനസ്സിലാക്കണം. 

 

2010 ഒക്ടോബറിൽ, തമിഴ്‌നാട് തിരൈപ്പട ഇയക്കുനർകൾ സംഘത്തിന്റെ നാൽപതാം വാർഷികച്ചടങ്ങിൽ കെ.ബാലചന്ദറും രജനീകാന്തും തമ്മിൽ ചെറിയൊരു അഭിമുഖ സംഭാഷണമുണ്ടായിരുന്നു. അതിന്റെ ഒടുവിൽ ശിഷ്യനോട്ു ഗുരു ചോദിച്ചു: 'നീ എന്നാണ് രാഷ്ടീയത്തിൽ വരുന്നത്?'. 

 

ശിഷ്യൻ മുകളിലേക്കു കൈ ചൂണ്ടി ഇങ്ങനെ മറുപടി പറഞ്ഞു: ' എല്ലാം ആണ്ടവൻ കയ്യിലിരുക്ക്'.

 

2017 ഡിസംബറിലാണ് ആണ്ടവൻ തലൈവരെ രാഷ്ട്രീയത്തിലേക്കു വിളിച്ചത്. ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിനു പിന്നാലെ തമിഴ് രാഷ്ട്രീയം നെടുനായകരില്ലാതെ അനാഥമായപ്പോൾ, തമിഴ് മക്കളെ കുടുംബവാഴചയിൽ നിന്നും അഴിമതിയിൽ നിന്നും രക്ഷിക്കാൻ ദൈവം തനിക്കു വഴി കാട്ടുകയായിരുന്നുവെന്നു രജനി വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഊണിലും ഉറക്കത്തിലും രാഷ്ടീയത്തെക്കുറിച്ചു മാത്രമായിരുന്നു ചിന്ത. 

 

2020 മാർച്ചിൽ ഫാൻസ് സംഘടനയുടെ ജില്ലാ സെക്രട്ടറിമാരുമായി ചെന്നൈ രാഘവേന്ദ്ര മണ്ഡപത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ തന്റെ രാഷ്ട്രീയ സങ്കൽപങ്ങൾ രജനി വിവരിക്കുന്നുണ്ട്. അന്നു രജനി നടത്തിയ പ്രസംഗത്തെ ഏതാണ്ട്  ഇങ്ങനെ സംഗ്രഹിക്കാം: 'തമിഴകം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. അഴിമതി തുടച്ചു നീക്കുകയാണ് എന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ ലക്ഷ്യം. അതാതു കാലത്ത് ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാക്കളാണ് എല്ലാ അഴിമതികൾക്കും പ്രധാന കാരണം. അതിനാൽ എന്റെ പാർട്ടിയിൽ പ്രാദേശിക നേതാക്കൾ ഉണ്ടായിരിക്കുന്നതല്ല. തിരഞ്ഞെടുപ്പു കാലത്തു മാത്രമേ ബൂത്ത്, മണ്ഡലം കമ്മിറ്റികൾ ഉണ്ടാവൂ. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ കമ്മിറ്റികൾ പിരിച്ചു വിടും. വീട്ടിലൊരു കല്യാണം നടക്കുമ്പോൾ കുറേ പാചകക്കാരും ഡ്രൈവർമാരും മറ്റും വേണ്ടി വരും, കല്യാണം കഴിയുന്നതോടെ അവരെ പറഞ്ഞു വിടുമല്ലോ, അതു പോലെ. 

 

മറ്റൊന്ന്, തിരഞ്ഞെടുപ്പിൽ യുവാക്കൾക്കു മുൻഗണന നൽകും. എന്റെ പാർട്ടിയുടെ സ്ഥാനാർഥികളിൽ 60-65 ശതമാനവും 50 വയസ്സിനു താഴെയുള്ളവരായിരിക്കും. അവരെല്ലാം നല്ല പഠിപ്പുള്ളവരും അവരവരുടെ മേഖലകളിൽ കഴിവു തെളിയിച്ചു ജനങ്ങൾക്കിടയിൽ നല്ല പേരുണ്ടാക്കിയവരുമായിരിക്കണം. ബാക്കി 30-35 ശതമാനം സീറ്റുകളിലേക്ക് റിട്ടയേർഡ് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ, വിരമിച്ച ജഡ്ജിമാർ, ശാസ്ത്രജഞർ, പണ്ഡിതന്മാർ, മറ്റു രാഷ്ട്രീയ പാർട്ടികളിലുള്ള സമർഥരും സത്യസന്ധരും നല്ലവരുമായ സീനിയർ നേതാക്കൾ എന്നിവരെ പരിഗണിക്കും. അവരെ ഞാൻ തന്നെ നേരിട്ട് വീട്ടിൽ പോയി ക്ഷണിച്ചു കൊണ്ടു വരും. 

 

മറ്റൊരു സുപ്രധാന പോയിന്റ്: പാർട്ടി വേറെ, ഗവൺമെന്റ് വേറെ. പാർട്ടിക്ക് ഒരു തലവൻ, ഗവൺമെന്റിന് ഒരു തലവൻ. അതായത് പാർട്ടി അധ്യക്ഷസ്ഥാനം ഞാൻ വഹിക്കും. തിരഞ്ഞെടുപ്പിൽ ജയിച്ചു  വരുന്നവരിൽ നിന്ന് ഏറ്റവും സമർഥനായൊരാളെ മുഖ്യമന്ത്രിയാക്കും. പാർട്ടിയുടെ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള സിഇഒയുടെ ചുമതലയായിരിക്കും മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രവർത്തനങ്ങൾക്ക് ഞാൻ മേൽനോട്ടം വഹിക്കും.'

 

ജില്ലാ സെക്രട്ടറിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പത്രക്കാരെ കണ്ടപ്പോഴും രജനി ഇക്കാര്യങ്ങൾ വിശദീകരിക്കുകയുണ്ടായി (ഇതുമൊരു ട്രോളാണെന്നു കരുതി ചിരിക്കണ്ട. രജനി സ്വന്തം രാഷ്ട്രീയകക്ഷിസങ്കൽപങ്ങൾ ആധികാരികവും ആവേശകരവും വൈകാരികവും ഭാവനാസമ്പന്നവുമായി ആ യോഗത്തിൽ വിവരിക്കുന്നതിന്റെ വിഡിയോ യൂ ട്യൂബിലുണ്ട്). 

 

ഇത്രയും തയാറെടുപ്പുകൾക്കും ആലോചനകൾക്കും ആസൂത്രണത്തിനും തത്വചിന്താപരിശോധനകൾക്കും ശേഷമാണു രജനീകാന്ത് രാഷ്ട്രീയപാർട്ടി രൂപീകരണം പ്രഖ്യാപിച്ചത്. എന്നിട്ടും പാർട്ടി പ്രഖ്യാപനത്തിനു രണ്ടു ദിവസം മുൻപ് താൻ രാഷ്ടീയമേ ഉപേക്ഷിക്കുന്നു എന്നു തീരുമാനിക്കാൻ സൂപ്പർ സ്റ്റാർ രജനീകാന്തിനല്ലാതെ മറ്റാർക്കു സാധിക്കും? ഇത്ര അപ്രതീക്ഷിതമായൊരു ട്വിസ്റ്റ് വേറെ ആരുടെ സിനിമയിൽ?, ജീവിതത്തിൽ? ഇത്തരം അപ്രതീക്ഷിതവും അതിശീഘ്രവുമായ നീക്കങ്ങളാണ് തലൈവരെ തലൈവരാക്കിയത്. നമ്മുടെ എൻ.എസ്. മാധവൻ ഒരിക്കൽ എഴുതിയത് ഓർമയില്ലേ? -'ആബാലവൃദ്ധം ഏറ്റവും ആമോദത്തോടെ സ്വീകരിക്കുന്ന രജനീകാന്തിന്റെ രഹസ്യം എന്താണ്? മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിറുത്തുന്നത് അദ്ദേഹത്തിന്റെ ഓരോ നീക്കത്തിന്റെയും വേഗമാണ്. അദ്ദേഹത്തിന്റെ ഓരോ  ആംഗ്യവും അതിശീഘ്രമായി സംഭവിക്കുന്നു'.

 

കിളി പോയാലും കിളിമഞ്ചാരോ...

 

കൊല്ലത്തിൽ പത്തും പന്ത്രണ്ടും പടങ്ങളിൽ ഓടി നടന്ന് നടിച്ചുകൊണ്ടിരുന്ന കാലത്താണ്, 1985ൽ രജനി സിനിമ ഉപേക്ഷിച്ച് സന്യസിക്കാൻ പോയത്. എന്നിട്ടോ? എന്നിട്ടും 86ൽ തലൈവരുടെ എട്ടു പടങ്ങളാണ് റിലീസായത്. 'ദളപതി' തരംഗം സൃഷ്ടിച്ച 1991ലും രജനി സിനിമ ഉപേക്ഷിച്ചതാണ്. ഗുരുനാഥൻ കെ.ബാലചന്ദറിനറെ പുതിയ പടത്തിലഭിനയിക്കാൻ വാങ്ങിയ അഡ്വാൻസ് തിരിച്ചു കൊടുക്കാൻ വരെ അന്നു രജനി തയാറായി. അഡ്വാൻസ് തിരിച്ചു  വാങ്ങാൻ ബാലചന്ദർ കൂട്ടാക്കിയില്ല. 'നിനക്കു സിനിമ മടുത്തെങ്കിൽ ശരി, നീ പൊയ്‌ക്കോ. എന്നിട്ട് സന്യാസവും മടുക്കുമ്പോ തിരിച്ചു വാ'. ഒരുമാസക്കാലം ഹിമാലയത്തിലും മറ്റും കറങ്ങി കിറുക്കു മാറ്റി അതേ  വേഗത്തിൽ തലൈവർ തിരുമ്പിവന്താച്ച്. അതിനു പിന്നാലെയാണ് 'അണ്ണാമലൈ' ഉണ്ടായത്. 

 

'എന്തിര'നിൽ ഐശ്വര്യാ റായിയെ കയറിപ്പിടിക്കുന്ന കലാഭവൻമണിയുടെ കണ്ണിൽ മണ്ണുവാരിയിട്ട് ഓടിരക്ഷപ്പെടുന്ന രജനി പിന്നെ പൊങ്ങുന്നത് മാച്ചുപ്പിച്ചുവിലാണ്-'കിളിമഞ്ചാരോ' എന്നും പാടിക്കൊണ്ട്. തമിഴക ബിജെപിയുടെ നിയമസഭാ സ്വപ്‌നങ്ങളിൽ മണ്ണു വാരിയിട്ട് കടന്നു കളഞ്ഞ തലൈവർ ഇനി എവിടെയാവും പൊങ്ങുക ? എവിടെയായാലും അതൊരു  ഒന്നൊന്നര വരവായിരിക്കുമെന്നു തീർച്ച. ഒരുപക്ഷേ, പുതിയ പാർട്ടിയുടെ പേരും കൊടിയും വരെ പോക്കറ്റിലിട്ടുകൊണ്ടായിരിക്കും ആ വരവ്. അന്ന്,  'അണ്ണാത്തെ'യുടെ നൂറാം ദിവസാഘോഷത്തിന് മുഖ്യാതിഥിയായി മുഖ്യമന്ത്രി മു.ക.സ്റ്റാലിൻ വേദിയിലുണ്ടാവുമോ എന്തോ? ഉണ്ടെങ്കിൽ, അന്നേരം സ്റ്റാലിനിരിക്കുന്ന കസേരയെ നോക്കി തലൈവർക്ക് ഒരിക്കൽക്കൂടി ചിരിക്കാം. 96ലെപ്പോലെ പൊട്ടിച്ചിരിക്കാനൊന്നും ഒത്തില്ലെങ്കിലും, ഒരു ചെറു പുഞ്ചിരിയെങ്കിലും ആവാം–കണ്ടിപ്പ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com