ADVERTISEMENT

വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി ധര്‍മ്മജൻ ബോൾഗാട്ടി. ഇതൊന്നും ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്നും പാർട്ടി അനുഭാവിയായതിനാൽ ആരോ പടച്ചുവിട്ട വാർത്തയാണിതെന്നും ധർമജൻ വ്യക്തമാക്കി.

 

‘പിഷാരടി ഇപ്പോൾ വിളിച്ചുചോദിച്ചു, ടാ, കേട്ടതിൽ വല്ല കയ്യുമുണ്ടോ എന്ന്. അവനോട് പറഞ്ഞത് തന്നെയാണ് കേരളത്തോടും പറയാനുളളത്. എനിക്ക് ഇതിൽ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന ഞാൻ എഴുന്നേറ്റപ്പോൾ സ്ഥനാർഥിയായി. ഇതൊന്നും ഞാനൊറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യവുമല്ലല്ലോ. കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേർന്നെടുക്കേണ്ട തീരുമാനമാണ്..’

 

‘ഞാനൊരു പാർട്ടി അനുഭാവിയാണെന്നുളളത് കൊണ്ട് ആരോ പടച്ചുവിട്ട വാർത്തയാണിത്. കുറേ ഫോൺകോളുകൾ ഇപ്പോൾ വരുന്നു. വൈപ്പിനിലെ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് ഇതുവരെ ഞാൻ ചിന്തിച്ചിട്ടില്ല. ഇതിനെപ്പറ്റി ഒരു പ്രസ്താവന പോലും ഞാൻ നടത്തിയിട്ടില്ല. ഞാനെല്ലാം തുറന്നുപറയുന്ന ആളാണ്. എനിക്ക് തോന്നിയത് ഞാനെവിടെയും പറയും. പുതിയ ആള്‍ക്കാരെ പരിഗണിക്കുന്നു എന്നതും വൈപ്പിൻ എന്റെ ഏരിയയും ആയതിനാലാകാം അത്തരത്തിലൊരു വാർത്ത വന്നത്. സത്യമായിട്ടും ഇതെന്റെ സൃഷ്ടിയല്ല.’ ധർമജൻ പറയുന്നു.

 

യുഡിഎഫ് സമീപിച്ചാൽ നിൽക്കുമോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ:‘അങ്ങനെ വന്നാൽ അത് അപ്പോൾ നോക്കാം. ഇതുവരെ വളരെ സന്തുഷ്ടനായി ജീവിച്ചുകൊണ്ടിരിക്കയാണ് ഞാൻ. പിന്നെ രാഷ്ട്രീയത്തിലൊക്കെ പണ്ടേ ഇറങ്ങിയതാ. അവിടുന്ന് കയറിയിട്ടില്ല. സ്കൂളിൽ ആറാം ക്ലാസു മുതൽ പ്രവർത്തകനുമാണ്. പാർട്ടിക്കു വേണ്ടി സമരം െചയ്ത് ജയിലിൽ കിടന്ന ഞാൻ ഇനി എങ്ങോട്ട് ഇറങ്ങാനാണ്’. 

 

‘ഇനിയിപ്പോൾ മത്സരിക്കാനാണെങ്കിൽ തന്നെ ഞാൻ കോൺഗ്രസിലേക്കേ പോകൂവെന്നും എല്ലാവർക്കും അറിയാം. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ മുഴുവൻ സമയവും അതിനായ് മാറ്റിവയ്ക്കണമെന്നാണ് എന്റെ അഭിപ്രായം. വളരെ കുറച്ച് ആൾക്കാരാണ് എന്റെ ലോകം. അത് അങ്ങനെതന്നെ ഇരിക്കുന്നതാണ് എനിക്കിഷ്ടം. അതിനർഥം സാമൂഹ്യപ്രതിബദ്ധത ഇല്ലെന്നല്ല. വാതിൽ തുറക്കുമ്പോഴേ ആള്‍ക്കാരെ കാണുന്നത് എനിക്ക് ഇഷ്ടമല്ല. ഇതാണ് എന്റെ നിലപാടും പ്രതികരണവും. രാഷ്ട്രീയക്കാരുടെ ഉത്തരമായി ഇതിനെ കാണേണ്ട. ഇത് എന്റെ ആത്മാർഥമായ വെളിപ്പെടുത്തലാണ്.’ നിലപാട് വ്യക്തമാക്കി ധർമ്മജൻ പറഞ്ഞുനിര്‍ത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com