ADVERTISEMENT

മഹത്തായ ഭാരതീയ അടുക്കള അഥവാ ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ടു. സത്യത്തിൽ എത്ര പുരുഷന്മാരാണ് അവരുടെ അടുക്കള രഹിത ജീവിതങ്ങൾ തുറന്നെഴുതിയത്.തുറന്നു പറയാൻ കാണിച്ച സന്മനസ്സിനു നന്ദി പറയേണ്ടതുണ്ട്, മാത്രമല്ല ചില കുറിപ്പുകൾ വായിച്ചപ്പോൾ ബെന്യാമിന്റെ ആടുജീവിതത്തിൽ ഒരു വാചകമാണ് ആദ്യം ഓർമ്മ വന്നത്, നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ കേൾക്കുന്നവർക്ക് വെറും കെട്ടു കഥ മാത്രമായിരിക്കും. 

 

മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയിൽ പല രീതിയിലും അഭിപ്രായം പറയുന്ന ഒരുപാട് പേരുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ, എല്ലായ്പ്പോഴും നാം നമ്മുടെ ജീവിതം വച്ചാണ് മറ്റുള്ളവരെ റിലേറ്റ് ചെയ്യുന്നത്. അതുകൊണ്ടാണ് അനുഭവിക്കാത്ത ജീവിതങ്ങൾ കെട്ടുകഥയായി തോന്നുന്നതും. ശ്രദ്ധയിൽപ്പെട്ട ഒരു പോസ്റ്റിന്റെ ആദ്യത്തെ വാചകം തന്നെ ഇങ്ങനെയാണ്,"ഇന്ന് ഞങ്ങൾ ആണുങ്ങൾ പാചകം ചെയ്യാം സ്ത്രീകൾക്ക് ഇന്ന് റസ്റ്റ്." എന്ന് ഡയലോഗും അത് കഴിഞ്ഞുള്ള സീനും വ്യക്തിപരമായി എനിക്ക് റിലേറ്റ് ചെയ്യാൻ കഴിഞ്ഞു...."

 

അത് റിലേറ്റ് ചെയ്യാൻ കഴിഞ്ഞുവെങ്കിൽപ്പിന്നെ ബാക്കി ഉപയോഗിച്ചിരിക്കുന്ന വാചകങ്ങൾ ആ സിനിമ കണ്ടവർക്കൊക്കെ ബന്ധപ്പെടുത്താൻ എളുപ്പമാണ് എന്നതല്ലേ സത്യം? 

 

നിമിഷ സജയനും സുരാജും വളരെ നന്നായി അഭിനയിച്ച മഹത്തായ ഭാരതീയ അടുക്കളയിൽ കഥാപാത്രങ്ങൾക്ക് എന്താണ് പേരെന്ന് സത്യത്തിൽ സിനിമ കണ്ടതിനു ശേഷമാണ് ആലോചിച്ചത്, അവർക്കൊന്നും പേരുണ്ടായിരുന്നില്ല, പക്ഷേ നിമിഷയുടെ കഥാപാത്രത്തിന് തങ്ങളുടെ ഓരോരുത്തരുടെയും പേരാണെന്നു പറയുന്ന ഒരുപാട് സ്ത്രീകളെയും കണ്ടു. അവരൊന്നും പറയുന്നത് നുണയായി തോന്നിയില്ല.

 

സിനിമയിലെ പല രംഗങ്ങളും ഈ കാലത്ത് വിശ്വസനീയമല്ല എന്നതാണ് പലരും ഉയർത്തിക്കാട്ടുന്ന ആരോപണം. ഒരു സിനിമയോ ഒരു പുസ്തകമോ അത് കൈകാര്യം ചെയ്യുന്ന വിഷയം ജനറലൈസ് ചെയ്യുന്നില്ല. അത് അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യർ പലയിടങ്ങളിലായി ജീവിച്ചിരിപ്പുണ്ട് എന്ന അടയാളപ്പെടുത്തലാണ് ഓരോ സാഹിത്യ സൃഷ്ടികളും. ഒരു സമൂഹം മുഴുവൻ ഒരുപോലെയാണ് ജീവിക്കുന്നതെങ്കിൽ വിപ്ലവം എത്ര പെട്ടെന്നെത്തിയേനെ! എന്നാൽ ഈ ജീവിതത്തിൽ രസകരമായ മറ്റൊരു കാര്യമുണ്ട്. എത്ര സ്ത്രീകളുണ്ടാവും തങ്ങൾ ചെയ്യുന്നത് സ്വന്തം ജീവിതം എവിടെയോ ഉപേക്ഷിച്ച ശേഷം മറ്റൊരു ജീവിതമാണ് തങ്ങൾ ജീവിച്ചു തീർക്കുന്നതെന്ന് സ്വയം മനസ്സിലാക്കുന്നവർ? 

 

സിനിമയിൽ അച്ഛൻ കാരണവർ പറയുന്നുണ്ട്, അയാളുടെ ഭാര്യയെക്കുറിച്ച്, അവൾ എംഎ വരെ പഠിച്ചതാണ്, എന്നാൽ ജോലിക്ക് പോകാതെ കുട്ടികളെ നോക്കിയതുകൊണ്ട് അവർ ഒരു നല്ല നിലയിലെത്തി എന്ന്. 

 

എന്താണീ നല്ല നില?

 

സ്വന്തം ഭാര്യയ്ക്ക് നഷ്ടമായിപ്പോയ നല്ല നിലയെക്കുറിച്ച് തെല്ലും ഉത്കണ്ഠയില്ലാത്ത ഒരു വ്യക്തിക്ക് മക്കളുടെ നല്ല നിലയെക്കുറിച്ച് എന്തിനാണ് ഇത്ര ആവേശം? 'അമ്മ പറഞ്ഞ അനുഭവം ഓർമ്മ വന്നു,

 

"പത്താം ക്ലാസ്സിൽ അല്ല മാർക്കുണ്ടായിരുന്നതുകൊട് ടിടിസിക്കു പോകാനായിരുന്നു ആഗ്രഹം. കുറെ ശ്രമിച്ചു, പക്ഷെ വീട്ടിലെ മൂത്തയാളായ ചേട്ടൻ സമ്മതിച്ചില്ല. പെൺകുട്ടികൾ നഴ്‌സിംഗിന് പോകുന്നതും ടിടിസിയ്ക്ക് പോകുന്നതും കുടുംബത്തിൽ പിറന്ന പെൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ളതല്ല എന്നാണു ന്യായം പറഞ്ഞത്. എന്നാൽ പോട്ടെ സയൻസിനു നല്ല മാർക്ക് ഉണ്ടായിരുന്നതുകൊണ്ട് പ്രീ ഡിഗ്രിയ്ക്ക് സയൻസെടുത്ത് പഠിക്കണമെന്നും കരുതി, അതും സമ്മതിച്ചില്ല. ചേട്ടന്റെ ഇഷ്ടപ്രകാരം ഒട്ടും താൽപ്പര്യമില്ലാത്ത തേർഡ് ഗ്രൂപ്പ് എടുക്കേണ്ടി വന്നു. അഡീഷണൽ സബ്ജക്റ്റ് ആയെടുത്ത സൈക്കോളജിയ്ക്കായിരുന്നു നല്ല മാർക്ക്, ഡിഗ്രിയ്ക്ക് സൈക്കോളജി എടുക്കാൻ പോലും ചേട്ടൻ സമ്മതിച്ചില്ല. അന്നത്തെക്കാലത്ത് എതിർത്ത് പറയാൻ പേടിയായിരുന്നു. ചേട്ടനൊപ്പം അമ്മയും കൂടിയപ്പോൾ എന്റെ നാവ് അടഞ്ഞുപോയി"

 

വർഷങ്ങൾക്ക് മുൻപ് മാത്രം നടന്ന അനുഭവമായി കണ്ടു കണ്ണടയ്ക്കാനാവില്ല.സ്ത്രീകളെ പഠിപ്പിക്കാൻ മടിച്ച, ജോലിക്ക് വിടാൻ താൽപ്പര്യമില്ലാത്ത ചില കേമപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളുടെ അവസ്ഥ അക്ഷരാർത്ഥത്തിൽ ബുദ്ധിമുട്ടിൽ തന്നെയായിരുന്നു. ഇന്നും ആ അമ്മമാർ അതിന്റെ നോവുകൾ പേറുന്നുണ്ട്. ആ കഥ കേൾക്കണമെങ്കിൽ അടുക്കളയിൽ എച്ചിൽ പത്രങ്ങൾ കഴുകുന്ന അമ്മയോട് ചോദിച്ചാൽ മതിയാകുമെന്നു തോന്നുന്നു. അതും എല്ലാവരെയുമല്ല, എന്നാൽ അത്തരത്തിൽപ്പെട്ട ഒരുപാട് അമ്മമാർ അച്ഛന്മാർ പൂമുഖത്ത് കസേരയിൽ ചാരിയിരിക്കുമ്പോൾത്തന്നെ അടുക്കളയിൽ കൂടുതൽ സമയം ചിലവഴിക്കുന്നുണ്ട്. ഇതൊക്കെ സ്ത്രീകളുടെ ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞാൽ ആരാണ് ഈ ഉത്തരവാദിത്തം സ്ത്രീകൾക്ക് മാത്രമായി ദാനം നൽകിയതെന്നും ചോദിക്കേണ്ടി വരും. 

 

ആർത്തവ സമയത്ത് പുറത്തേയ്ക്ക് മാറിയിരിക്കുന്ന വീടുകൾ ഇപ്പോഴുമുണ്ടോ എന്നാണു ചിലരുടെ ചോദ്യങ്ങൾ. ഒരു സംശയവുമില്ലാതെ പറയാൻ പറ്റും ഉണ്ട്. 

 

"വിവാഹം കഴിഞ്ഞു രണ്ടാമത്തെ ദിവസം പീരീഡ്സ് വന്നു. എന്റെ വീട്ടിൽ അത്തരത്തിൽ മാറിയിരിക്കലൊന്നുമില്ലായിരുന്നു. പക്ഷേ ഭർത്താവിന്റെ വീട്ടിൽ വന്നപ്പോൾ ഇനി കുറച്ചു ദിവസം അടുക്കളയിൽ കയറേണ്ട എന്ന് പറഞ്ഞു. എന്നാൽ അടുപ്പിൽ വച്ച് കരിയാക്കിയ കലങ്ങൾ ഉൾപ്പെടെ പുറത്തെ ടാപ്പിന്റെ ചുവട്ടിലേക്ക് കൊണ്ട് വച്ച് തരും. കഴുകി കമതി വയ്ക്കണം, വെള്ളം തളിച്ച് അത് അകത്തേയ്‌ക്കെടുക്കും. എന്തെങ്കിലും കയ്യിലേക്ക് തരുമ്പോൾ അമ്പലത്തിൽ നിന്നും പ്രസാദം തരുന്നത് പോലെ മുകളിൽ നിന്നും താഴേയ്ക്ക് ഇടും. ചോറ് പാത്രത്തിൽ വിളമ്പി ഭിക്ഷക്കാർക്ക് വയ്ക്കുന്നത് പോലെ ദൂരെ നിന്ന് അരികിലേക്ക് നീക്കി വയ്ക്കും. ആദ്യമൊക്കെ വിഷമം തോന്നി.

 

പക്ഷേ അഭിപ്രായം പറയാൻ എനിക്കവിടെ ആരും ഉണ്ടായിരുന്നില്ല. പിന്നെ പിന്നെ ആചാരങ്ങൾ ശീലമായി", ഈ അനുഭവം ഒരുപാടു പഴയതൊന്നുമല്ല, ഇത്തരം അനുഭവങ്ങളുമായി ജീവിക്കുന്ന ഒരുപാട് പെൺകുട്ടികൾ തൊട്ടു മുന്നിൽ ജീവിക്കുമ്പോൾ ഇങ്ങനെയൊക്കെ നടക്കുമോ എന്ന ആക്ഷേപത്തിൽ പുച്ഛമാണ് തോന്നുന്നത്. പെൺകുട്ടികൾ വിവാഹം കഴിച്ചു കൊണ്ട് വരപ്പെടുകയാണ്, സ്വന്തം വീട്ടിൽ അല്ലാതെ മറ്റൊരു വീട്, അവിടെ ചെല്ലുമ്പോൾ എങ്ങനെയാണ് അവൾക്ക് ആ തറവാട്ടിലെ ആചാരങ്ങളെ ചോദ്യം ചെയ്യാനാവുക? ഭീതിയോടെ അല്ലെങ്കിൽ സമാധാനത്തിനു വേണ്ടി നിശബ്ദത പാലിക്കേണ്ടി വരുന്ന ഒരുപാട് പെൺകുട്ടികളുണ്ട്.

 

ജിയോ ബേബിയുടെ മഹത്തായ ഭാരതീയ അടുക്കള ഇത്തരം കാര്യങ്ങളെ ജനറലൈസ് ചെയ്തിട്ടില്ലെന്ന് ആ സിനിമയിലെ തന്നെ മറ്റൊരു കുടുംബം കാണിച്ചു തരുന്നുണ്ട്. ഭാര്യയ്ക്ക് കട്ടൻ ചായയിട്ട് കൊടുക്കുന്ന ബിരിയാണി വച്ച് കൊടുക്കുന്ന ഭർത്താവ്. അത് മഞ്ഞു മലയുടെ ഒരു അറ്റമായിരിക്കാം, ഒരുപക്ഷേ അവർ ഒന്നിച്ചായിരിക്കാം അടുക്കളയും മറ്റു ജോലികളും പങ്കിടുന്നത്. പലതും സത്യമല്ലെന്നു പറയുമ്പോൾ അതൊക്കെയും ഞങ്ങൾ അനുഭവിക്കുന്നതാണെന്ന സ്ത്രീകളുടെ അനേകമായി വരുന്ന അഭിപ്രായങ്ങൾ മതിയാകും ആ സിനിമയെ വിശ്വസിക്കാനും നെഞ്ചോട് ചേർത്ത് പിടിക്കാനും. 

 

ശബരിമല നോമ്പ് സമയത്ത് തീണ്ടാരി സ്ത്രീ തൊട്ടാൽ ചാണകം തിന്നുന്ന ആചാരം നേരിട്ട് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ആ സ്ത്രീയെ വിശ്വസിക്കാൻ തന്നെയാണ് തോന്നിയത്.കാരണം ശബരിമല എന്ന വിഷയം തന്നെ സ്ത്രീ വിരുദ്ധമാക്കാൻ ആവുന്നത്ര ശ്രമിക്കുന്നുണ്ട് പലരും. നാം കാണുന്നത് മാത്രമല്ല യാഥാർഥ്യം, എല്ലാം കെട്ടു കഥകളുമല്ല. തീക്ഷണമായ അനുഭവങ്ങളുമായി അടുക്കളയുടെ പിന്നാമ്പുറത്ത് തങ്ങൾ എരിഞ്ഞു തീരുകയാണ് എന്നു പോലുമറിയാതെ തീർന്നു പോകുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരോടു ആരും കരുണ കാണിക്കാൻ പോകുന്നില്ല, സിനിമ കണ്ടു, കുറച്ചു നാൾ ചർച്ച നടന്നു, പിന്നീടത് മറക്കും. താൽക്കാലികമായി അടുക്കള കാണാൻ കേറിയ പുരുഷ കേസരികൾ വീണ്ടും ആ മുറി സ്ത്രീയുടേത് മാത്രമെന്ന് അധികാരപ്പെടുത്തി പൂമുഖത്ത് പോയി ഞെളിഞ്ഞിരിക്കും. "എന്റെ വീട് എന്റെ സ്വാതന്ത്ര്യം" എന്ന് മുഖത്ത് നോക്കി പറയുന്ന ഭർത്താക്കന്മാരുടെ ദേഷ്യം അവർക്ക് ഭയമാണ്. ഫോർ പ്ളേ ഇല്ലെങ്കിലും കിടക്കകളിൽ അവർ കിടന്ന് കൊടുക്കും. എല്ലാം എല്ലാം വളരെ പെട്ടെന്ന് നാം മറന്നും പോകും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com