ADVERTISEMENT

പ്രിയ നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ 35ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് നടി കങ്കണ റണൗട്ട്. ദുഷ് ചിന്തകൾ മാറ്റിവെച്ച് സുശാന്തിന്റെ പിറന്നാൾ നമ്മൾ ആഘോഷിക്കണമെന്നും നടനെ ദ്രോഹിച്ച യാഷ് രാജിനും മഹേഷ് ഭട്ടിനും കരൺ ജോഹറിനും മാപ്പില്ലെന്നും കങ്കണ പറയുന്നു.

കങ്കണയുടെ വാക്കുകൾ:

പ്രിയപ്പെട്ട സുശാന്ത്, സിനിമ മാഫിയ നിന്നെ ഒഴിവാക്കുകയും പരിഹസിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ പല തവണ സഹായത്തിനായി അഭ്യർത്ഥിച്ചു. നീ സങ്കടപ്പെട്ടിരുന്ന സമയങ്ങളിൽ കൂടെ ഇല്ലാതിരുന്നതിൽ ഞാൻ ഖേഃദിക്കുന്നു. സിനിമ മാഫിയെ നേരിടാനുള്ള മനക്കരുത്ത് നിനക്ക് ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്. ആ വിചാരത്തെയോർത്ത് എനിക്ക് ദുഃഖമുണ്ട്.

മരിക്കുന്നതിനു മുമ്പ് സുശാന്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ച കാര്യങ്ങൾ മറക്കരുത്. സിനിമ മാഫിയ തന്നെ വേട്ടയാടുന്നുണ്ടെന്നും ഇൻഡസ്ട്രിയിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവൻ എഴുതി. നെപോട്ടിസം ശക്തമാണെന്ന് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തി. സുശാന്തിന്റെ സൂപ്പർഹിറ്റ് സിനിമകൾ പരാജയമാണെന്നും ചിലർ വിധിയെഴുതി.

മറ്റെല്ലാ ചിതകളും മാറ്റിവെച്ച് സുശാന്തിന്റെ പിറന്നാൾ ആഘോഷിക്കാം, മറ്റുള്ളവർ നിങ്ങൾ നല്ലവരാണ് എന്നൊക്കെ പറയും അതൊന്നും ശ്രദ്ധിക്കരുത്. നിങ്ങളെക്കാൾ മറ്റുള്ളവരെ വിശ്വസിക്കരുത്. മയക്കു മരുന്ന് ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നവരെ ഉപേക്ഷിക്കുക. വൈകാരികമായും, സാമ്പത്തികമായും നിങ്ങളെ തളർത്തുന്നവരെ മാറ്റി നിർത്തുക.

യാഷ് രാജ് ഫിലിംസ് നിന്നെ ഒഴിവാക്കുവാൻ ശ്രമിച്ചു. കരൺ ജോഹർ നിനക്ക് വലിയ സ്വപ്‌നങ്ങൾ വാഗ്ദാനം ചെയ്തു. അതേ സമയം നിന്റെ സിനിമകളുടെ റിലീസ് തടഞ്ഞു. നീയൊരു മോശം നടനാണെന്ന് ലോകത്തോട് അയാൾ വിളിച്ച് പറഞ്ഞു. മഹേഷ് ഭട്ടിന്റെ കുട്ടികൾ നിന്നെ മാനസികമായി ഉപദ്രവിച്ചു. അവരതിൽ ഇപ്പോൾ ദുഃഖിക്കുന്നു.’–കങ്കണ പറയുന്നു.

അതേസമയം, സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഈ 14ന് ഏഴു മാസം തികയുമ്പോഴും മരണകാരണം സംബന്ധിച്ച് കൃത്യമായ ഉത്തരമില്ല. മുംബൈ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ചു നടന്ന വ്യാപക പ്രചാരണത്തിനു പിന്നാലെ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നിങ്ങനെ പ്രധാന കേന്ദ്ര ഏജൻസികളെല്ലാം അന്വേഷണത്തിന് എത്തിയിട്ടും കേസിൽ തുമ്പുണ്ടാക്കാനായിട്ടില്ല എന്നതാണു വിചിത്രം.

സുശാന്തിന് നീതി തേടി പ്രചാരണം നടത്തിയ ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ആരാധകരും മൗനത്തിലാണ്. നടന്റേത് മരണമോ, കൊലപാതകമോയെന്ന് സിബിഐ വ്യക്തമാക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കൃത്യമായ പ്രതികരണം ഒരു ഏജൻസിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. അതിനിടെ, അന്വേഷണ പുരോഗതി എന്തായി എന്നു ചോദിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രിക്ക് നൽകിയ കത്തിന് സിബിഐ നൽകിയ മറുപടി ഇങ്ങനെ: ‘‘അന്വേഷണം ശാസ്ത്രീയമായി പുരോഗമിക്കുകയാണ്. ഒരു സാധ്യതകളും ഇപ്പോൾ തള്ളിക്കളയാറായിട്ടില്ല’’.

കഴിഞ്ഞ വർഷം ജൂൺ 14നാണ് ബാന്ദ്രയിലെ വസതിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം ആത്മഹത്യയാണെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്നും മുംബൈ പൊലീസും മഹാരാഷ്ട്ര സർക്കാരും കേസ് ഒതുക്കിത്തീർക്കാന്‍ ശ്രമം നടത്തുകയാണെന്ന് ആരോപിച്ച് ഒരു വിഭാഗം മാധ്യമങ്ങളും ബിജെപി നേതാക്കളും രംഗത്തെത്തിയതോടെയാണ് കേസിന്റെ ഗതിമാറുന്നത്.

സുശാന്തിന്റെ മരണത്തിന് ഒരാഴ്ച മുൻപ് മുൻ മാനേജർ ദിഷ സാലിയാൻ കെട്ടിടത്തിൽ നിന്നു വീണുമരിച്ചിരുന്നു. ആ സംഭവവുമായി നടന്റെ മരണത്തിനു ബന്ധമുണ്ടെന്ന വാദവും ഉയർന്നു. എന്നാൽ, 3 കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുത്തിട്ടും ഇക്കാര്യം സ്ഥാപിക്കാനായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com