ADVERTISEMENT

വിണ്ണിലെ താരകങ്ങൾ പ്രണയകാവ്യങ്ങളുടെ ഗന്ധർവ്വനായ പി. പത്മരാജനെ മടക്കിവിളിച്ചിട്ട് ഇന്നേക്ക് 30 വർഷങ്ങൾ.  അഭ്രപാളിയിൽ പ്രണയമെന്ന വികാരത്തെ ഇത്ര തീവ്രമായി വരച്ചിട്ട സംവിധായകൻ വേറെ ഉണ്ടാകില്ല. പത്മരാജന്റെ കൈപിടിച്ച് സിനിമയുടെ വർണ്ണപ്രപഞ്ചത്തിലേക്ക് നടന്നുകയറിയവർ അനവധിയുണ്ട്.  പത്മരാജന്റെ ചിത്രങ്ങളിൽ അഭിനയിക്കാൻ ഏറ്റവും കൂടുതൽ അവസരം കിട്ടിയ താരങ്ങളിൽ ഒരാളായിരുന്നു അശോകൻ. അദ്ദേഹത്തിന്റെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ മൂന്നാംപക്കം എന്ന സിനിമയെക്കുറിച്ച് അശോകൻ ഓർത്തെടുക്കുന്നു.

മലയാളചരിത്രത്തിലെ വീരപുത്രനായ വേലുത്തമ്പി ദളവ പിറന്നത് കന്യാകുമാരി ജില്ലയിലെ തലക്കുളം എന്ന സ്ഥലത്തായിരുന്നു.  അദ്ദേഹത്തിന്റെ വസതിയിലാണ് മൂന്നാംപക്കത്തിന്റെ ഷൂട്ടിങ് ഭൂരിഭാഗവും നടന്നത്. അതുപോലെ തന്നെ അനവധി അനുഗ്രഹീത കലാകാരന്മാരുടെ സംഗമം കൂടിയായിരുന്നു ആ ചിത്രം. അഭിനയ സാമ്രാട്ടായിരുന്ന തിലകൻ, ജഗതി ശ്രീകുമാർ, ജയഭാരതി, ജയറാം, റഹ്‌മാൻ, അജയൻ, നായിക കീർത്തി, കൃഷ്ണപ്രസാദ്‌, തെസ്നിഖാൻ, രാമു തുടങ്ങിയ താരങ്ങൾ അനശ്വരമാക്കിയ അഭിനയമുഹൂർത്തങ്ങളടങ്ങിയ സിനിമയായിരുന്നു മൂന്നാംപക്കം.  

ഒരു മുത്തച്ഛനും കൊച്ചുമകനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഒത്തു ചേർന്നപ്പോൾ ഉണ്ടാകുന്ന കളിയും ചിരിയും വേർപാടും തീവ്രദുഃഖവും മലയാളികളെ കരയിപ്പിക്കുകയും കാത്തിരിത്തുകയും ചെയ്തു. കടൽ ഒരു കേന്ദ്ര ബിന്ദുവായ ഈ സിനിമയിൽ അഭിനയിച്ചതിന് ശേഷം താൻ കടൽ  വെറുത്തുപോവുക വരെ ചെയ്തു എന്ന് അശോകൻ പറയുന്നു. സിനിമയിലെ കേന്ദ്ര കഥാപാത്രമായ ചെറുപ്പക്കാർ നന്മയുടെ പ്രതീകങ്ങളാണ്. ചെറുപ്പക്കാരുടെ എല്ലാ കുരുത്തക്കേടിനും കൂട്ട് നിന്ന് പ്രായത്തെ തോൽപ്പിക്കുന്ന മുത്തച്ഛൻ. പത്മരാജന്റെ തൂലികയിൽ പിറന്ന ക്ലാസ്സിക്കുകളിൽ ഏറ്റവും മികച്ചതാണ് മൂന്നാംപക്കം.

ഷൂട്ടിങ്ങിനിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവം പോലും കഥയെ ബാധിക്കാതെ കഥക്കിണങ്ങുന്ന തരത്തിൽ എഴുതി പിടിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു എന്ന് അശോകൻ പറയുന്നു.  അത്തരമൊരു സംഭവമാണ് ഷൂട്ടിങ്ങിനു വരുന്ന വഴിയിൽ ജഗതി ശ്രീകുമാറിന്റെ കാലിനു പരിക്കേൽക്കുകയും അത് കഥയെ ബാധിക്കാതെ തന്നെ പത്മരാജൻ സീനിൽ മനോഹരമായി ഉൾപ്പെടുത്തുകയും ചെയ്തത്. സിനിമയിൽ കാണിക്കുന്ന പോലീസ് സ്റ്റേഷനും പോലീസുകാരും നന്മയുടെ പ്രതീകങ്ങളാണ്. 

ഷൂട്ടിങ്ങിനിടയിൽ പോലും ചെറുപ്പക്കാർ പത്രം വായിക്കണമെന്നും സാമൂഹിക കാര്യങ്ങളെക്കുറിച്ച് ബോധമുണ്ടായിരിക്കണമെന്നും പത്മരാജന് നിർബന്ധമുണ്ടായിരുന്നു എന്ന് അശോകൻ പറയുന്നു. കൂട്ടുകാരായി അഭിനയിച്ച തങ്ങൾ നാലുപേരും പപ്പേട്ടന്റെ കണ്ടുപിടിത്തമായിരുന്നു. ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ഇളയരാജ സംഗീതം നിർവ്വഹിച്ച് എം ജി ശ്രീകുമാറും ജി വേണുഗോപാലും പാടിയ ഒന്നിനൊന്നു മെച്ചമായ ഗാനങ്ങൾ മലയാള സിനിമാഗാന ചരിത്രത്തിൽ തന്നെ ഇടം നേടി. തനിക്ക് ഏറ്റവും സംതൃപ്തി തന്നതും മനസ്സിൽ നിറഞ്ഞു നിൽക്കുന്നതുമായ കഥാപാത്രം മൂന്നാംപക്കത്തിലെ തന്നെ ആയിരുന്നു എന്ന് അശോകൻ പറയുന്നു.  പത്മരാജൻ സിനിമകളുടെ കാലം മലയാള സിനിമയുടെ സുവർണ്ണകാലമായിരുന്നു.  ആ കാലത്തിൽ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് പത്മരാജൻ എന്ന പ്രതിഭ തന്നെ കൈപിടിച്ച് കൊണ്ട് വന്നതുകൊണ്ട് തന്നെയാണ് എന്നും അശോകൻ പറയുന്നു.

നമ്മുടെ ചുറ്റുപാടുകളിൽ നാം കണ്ടും   കേട്ടും പരിചയിച്ച കഥാപാത്രങ്ങൾ തന്നെയാണ് പത്മരാജന്റെ കഥകളിൽ നിറഞ്ഞു നിന്നിരുന്നത് എന്നാൽ ഓരോ കഥാപാത്രത്തിലും അന്തർലീനമായ മാനസിക സംഘർഷങ്ങളും സവിശേഷതകളും ഒട്ടും ചോർന്നുപോകാതെ പ്രതിഫലിപ്പിക്കാൻ ആ തൂലികക്കായി.  മാറിമാറി വരുന്ന കാലഘട്ടത്തിലും പ്രസക്തിയുള്ള  അദ്ദേഹത്തിന്റെ രചനകൾ പുതിയ തലമുറയും നെഞ്ചോടു ചേർക്കുന്നു.  മലയാള സിനിമ രംഗത്ത് ഉജ്ജ്വല ശോഭയോടെ കത്തിനിന്ന സമയത്ത് വിടപറഞ്ഞ അദ്ദേഹത്തിന്റെ ഇരിപ്പിടം ഇനിയും പകരക്കാരനെത്താതെ ഒഴിഞ്ഞുതന്നെ കിടക്കുന്നു.

English Summary: Ashokan Remembering P Padmarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com