ADVERTISEMENT

എന്നു നിന്റെ മൊയ്തീനു ശേഷം ആർ. എസ്. വിമൽ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സൂര്യപുത്ര മഹാവീർ കർണയുടെ ഔദ്യോഗിക ടൈറ്റിൽ ലോഗോ പുറത്തിറങ്ങി.  300 കോടി ബജറ്റ് വരുന്ന ചിത്രം വാശു ഭഗ്‌നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്‌നാനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഡോ. കുമാർ വിശ്വാസ് ആണ് ചിത്രത്തിന്റെ സംഭാഷണവും അഡിഷനൽ സ്ക്രീൻപ്ലേയും തയാറാക്കുന്നത്. എന്നാൽ ചിത്രത്തിൽ കർണനായി എത്തുന്നത് ആരെന്ന് സസ്പെൻസ് ആയി വച്ചിരിക്കുകയാണ്.

 

പൃഥ്വിരാജിനെ നായകനാക്കി നാല് വർഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആയിരുന്നു കർണൻ. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണൻ ഒരുക്കുന്നുവെന്ന് വിമലിന്റെ പ്രഖ്യാപനം എത്തി. വിക്രത്തിന്റെ പിറന്നാൾ ദിനം പ്രത്യേക ടീസറും പുറത്തിറക്കി.

 

ഹൈദരാബാദിലെ റാമോജി റാവോ ഫിലിം സിറ്റിയില്‍ കർണൻ സിനിമയ്ക്കുള്ള സെറ്റ് തയാറാക്കി ചിത്രീകണത്തിനൊരുങ്ങുന്ന വിഡിയോ ആയിരുന്നു ടീസറിൽ ഉണ്ടായിരുന്നത്. അന്ന് ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് നിർമാതാക്കളെന്നും വെളിപ്പെടുത്തിയിരുന്നു. 

 

എന്നാൽ പുതിയ നിർമാതാക്കളുടെ പേര് വച്ചുള്ള ഈ പ്രഖ്യാപനത്തിൽ ആരാധകരും സംശയത്തിലാണ്. ചിത്രത്തിൽ കര്‍ണനായി വിക്രം തന്നെ എത്തുമോ എന്നായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. വിക്രം ചിത്രത്തിൽ നിന്നും പിന്മാറിയിട്ടില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്നും ആർ.എസ്. വിമൽ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

 

32 ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. കർണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം. ബോളിവുഡിൽ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്നീഷ്യൻസും സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com