ADVERTISEMENT

'അനുഭവങ്ങൾ പാളിച്ചകൾ' തിയറ്ററിൽ കളിച്ചപ്പോൾ എനിക്കു പ്രായം രണ്ടു വയസ്സ്. പഴയ എസ്.എഫ്.ഐ. നേതാവും ആലപ്പുഴ എസ്.ഡി. കോളജിൽ ബി.എ. മലയാളം വിദ്യാർഥിയുമായിരുന്ന ടി.ജെ. ആഞ്ചലോസ് മാരാരിക്കുളം നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ആര്യാട് എസ്.എൻ. തിയറ്ററിൽ ഇതേ സിനിമ സൗജന്യമായി പ്രദർശിപ്പിച്ചു. ഞാനും പോയി കണ്ടു. അതിൽ ഒരു മിനിട്ടു മാത്രമുള്ള സീനിൽ സംഭാഷണങ്ങളൊന്നുമില്ലാതെ, ചുമ്മാ മുഖം കാണിച്ചുപോയ നടൻ മമ്മൂട്ടിയാണെന്ന കാര്യം പഴയൊരു സിനിമാ മാസികയിൽ വായിച്ചിരുന്നു. ആ രംഗം മാത്രമായി ഇപ്പോൾ യു ട്യൂബിൽ കിട്ടുന്നുണ്ട്. അതു കാണുമ്പോൾ ചുണ്ടിനും കപ്പിനും ഇടയിൽ തെന്നിപ്പോയ ഒരു വലിയ ചലച്ചിത്ര സാധ്യതയെപ്പറ്റി ഞാനും നെടുവീർപ്പോടെ ഓർക്കും.

 

2015 ജൂൺ അവസാനവാരം. രംഗം, എറണാകുളം മറൈൻഡ്രൈവിലെ മഴവിൽപാലം. സമയം, സായാഹ്നം. അവിടെ, എസ്. സുരേഷ്ബാബു തിരക്കഥ എഴുതി, എം.പത്മകുമാർ സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനായ 'കനലി'ലെ  ഒരു ഗാനചിത്രീകരണം നടക്കുന്നു.  ഗാനരചയിതാവ് എന്ന ഗർവത്തിൽ ഞാനും ലൊക്കേഷനിൽ ആളുകളിച്ചു നിൽപ്പുണ്ട്. അനൂപ്മേനോനും ഷീലു അബ്രഹാമും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അസ്തമയഭംഗി ആസ്വദിക്കാൻ പാലത്തിൽ എത്തുമ്പോൾ അവിടെ ഒരു ഗസൽ കച്ചേരി നടക്കുന്നു. അവർ അതു കേട്ടുരസിച്ചു നിൽക്കുന്നു. ചിത്രീകരിക്കാൻ ഉദ്ദേശിച്ച  രംഗം ഇതായിരുന്നു. ഞാൻ എഴുതി, ഫയാസ്ഖാൻ പാടിയ 'മഗർ തും കഹോ മത് 'എന്നു തുടങ്ങുന്ന ഹിന്ദി ഗസലാണ് ഉസ്താദ് പാടുന്നത്. അതിനുവേണ്ടി മഴവിൽപാലത്തിൽ ചെറിയ സ്റ്റേജും ഒരുക്കിവച്ചിരുന്നു.

 

അസ്തമയസൂര്യന്റെ പശ്ചാത്തലത്തിൽ ഗാനരംഗം ഷൂട്ടു ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പക്ഷേ  ഒരു തടസ്സം! ഉസ്താദായി അഭിനയിപ്പിക്കാൻ നിശ്ചയിച്ച പ്രസിദ്ധ കീ ബോർഡ് വിദ്വാൻ  പ്രകാശ് ഉള്ളിയേരി മിസ്സിങ്ങാണ്. മൊബൈൽ ഫോൺ എടുക്കുന്നില്ല. പലരും മാറിമാറി ശ്രമിക്കുന്നു. എപ്പോഴും ശാന്തനായിക്കാണാറുള്ള അസോസിയേറ്റ് ഡയറക്ടർ ഗിരീഷ് ദാമോദറും ('അങ്കിൾ' ഫെയിം) കിളിപോയി നിൽക്കുകയാണ്. 

 

സഹനടന്മാരായി അഭിനയിക്കാൻ പുല്ലാങ്കുഴൽ വിദ്വാൻ രാജേഷ് ചേർത്തലയും കൂട്ടരും സ്ഥലത്തെത്തിക്കഴിഞ്ഞു. ഉള്ളിയേരിയെ കാണാനില്ല. ഡേ ലൈറ്റ് പോകാറായ കാര്യം ക്യാമറാമാൻ വിനോദ് ഇല്ലമ്പിള്ളി സൂചിപ്പിച്ചപ്പോൾ പപ്പൻ (പത്മകുമാർ) പിന്നെയും അസ്വസ്ഥനായി. ഞാനൊന്നു പാളിനോക്കിയപ്പോൾ പപ്പൻ  ചുണ്ടിൻകീഴിൽ എന്തോ പിറുപിറുക്കുന്നു. ‘ഉള്ളിയേരിയെപ്പറ്റിയാവും’, ‘കേൾക്കാൻ നല്ല സുഖമുണ്ടാകും’ എന്നൊക്കെ മനസ്സിൽ ചുമ്മാ വിചാരിച്ചു. കെട്ടുകാഴ്ചകാണാൻ വന്നവൻ ഇങ്ങനെയൊക്കെയല്ലേ ചിന്തിക്കൂ. സിനിമാക്കാരുടെ വാലിലെ തീയുടെ ചൂടും പൊള്ളലും എത്ര പേർക്കു മനസ്സിലാകും?

 

സമയം മുന്നോട്ടുനീങ്ങി. ഉള്ളിയേരി വരില്ല എന്നുറപ്പായി. അനുഭവസമ്പന്നനായ പപ്പൻ മാറുമാർഗം ആലോചിച്ചുതുടങ്ങി. അതൊന്നുമറിയാതെ ചേർത്തല രാജേഷുമായി ഞാൻ ഓരോ തമാശ പറഞ്ഞു രസിച്ചു നിന്നു. അപ്പോൾ ഒരു അസിസ്റ്റന്റ് വന്നു വിളിച്ചു, ‘പത്മകുമാർ സാർ വിളിക്കുന്നു.’ ഞാൻ ചെന്നപ്പോൾ പപ്പന്റെ അടുത്തായി മേക്കപ്പ്മാനും നിൽക്കുന്നുണ്ട്. 'അപ്പഴേ ആ ഉള്ളിയേരി മുങ്ങി. അവന്റെ കാര്യം പിന്നെ നോക്കിക്കൊള്ളാം. പാട്ട് അറിയുവന്നവര്‍ വേറെയില്ല. അതുകൊണ്ട് ഇപ്പൊ മധുവാണ് ഉസ്താദ്, മേക്കപ്പിട്ടു കേറിക്കോ.' ആദ്യം ഒന്നും മനസ്സിലായില്ല, മനസ്സിലായപ്പോൾ സപ്തനാഡികളും നിശ്ചലമായി. 

 

ഞാനോ ? വിവിധ ഭാവഹാവാദികളോടെ ഹർമോണിയപ്പെട്ടിയും മീട്ടി ആകാശത്തേക്ക്  കൈകളൊക്കെ ഉയർത്തി താരസ്ഥായിയെയും  അതിനപ്പുറത്തുള്ളതിനെയും പിടിച്ചെടുക്കാൻ വെമ്പൽകൊള്ളുന്ന  ഉസ്താദ് ഈ ഞാനോ? വിരണ്ടങ്ങനെ നിൽക്കുമ്പോൾ  വിഗ്ഗും ജുബ്ബയുമൊക്കെ മിനിട്ടുവച്ച് പ്രത്യക്ഷപ്പെട്ടു. ചങ്ക് പടാപടാ ഇടിക്കേ, ഉള്ളിൽനിന്നും ഉപദേശം കിട്ടി, 'മകാനേ, വിട്ടു പൊക്കോ. പണി പാളും.' എന്തായാലും ഇതോടെ പാട്ടെഴുത്തുകാരൻ എന്നനിലയിലുള്ള  ഭാവി പോയിക്കിട്ടും എന്നുറപ്പായി. ‘ഒരു പ്രതിസന്ധിയിൽ സഹായിക്കാത്ത  ഇവൻ ഇനി എന്റെ പടത്തിൽ വേണ്ട’ എന്നങ്ങു പപ്പൻ തീരുമാനിച്ചാൽ ആർക്കു കുറ്റം പറയാൻ പറ്റും?

 

'അവിടെ പാലുകാച്ചൽ ഇവിടെ ഓപ്പറേഷൻ' എന്നപോലെയായി എന്റെ അവസ്ഥ! ഞാൻ ഒന്നു സങ്കൽപ്പിച്ചു നോക്കി. ആടു തോമ, മംഗലശ്ശേരി നീലകണ്ഠൻ, ജഗന്നാഥൻ, നെട്ടൂർ സ്റ്റീഫൻ, സാഗർ ഏലിയാസ് ജാക്കി തുടങ്ങിയവരുടെ വെള്ളിത്തിരയിലെ വീരസാഹസങ്ങളും പഞ്ച് ഡയലോഗുകളും തിയറ്ററിൽ ഇളകി മറിയുന്ന ഫാൻസും മനസിൽ  ഒന്നു മിന്നി. സംഗതി കൊള്ളാം. ഭാവിയിലെ കാര്യമാണ്, ഒത്താൽ ഒത്തു. പക്ഷേ, ഉസ്താദ് അതുപോലല്ലല്ലോ. പിന്നെയും പേടിയായി. അപ്പോൾ ദൂരെക്കൂടി മഹാരാജാസ് കോളജിലെ സംഗീതാധ്യാപിക ഭുവനേശ്വരി ടീച്ചർ പോകുന്നതു കണ്ടു. അതുതന്നെ തക്കം. കൂടുതൽ ചിന്തിച്ചില്ല, ഞാൻ മുങ്ങി. ടീച്ചറുമായി സംസാരിച്ചുകൊണ്ട് നിന്നപ്പോഴും കണ്ണുകൾ പാലത്തിലെ ഷൂട്ടിങ് സ്ഥലത്തായിരുന്നു. അൽപം കഴിഞ്ഞപ്പോൾ കാണാം ദേ, പ്രകാശൻ, ഉള്ളിയേരി പ്രകാശൻ അവിടെ നിൽക്കുന്നു! നേരേ ഓടി, ഇനി പ്രശ്നമില്ല. രക്ഷപെട്ടു. 

സത്യത്തിൽ  ഉള്ളിയേരി വളരെ നേരത്തേ എത്തിയിരുന്നു, കാറിൽ കിടന്നുറങ്ങിപ്പോയതു കാരണം ഫോൺ വിളികൾ കേട്ടില്ല. കാര്യം പറഞ്ഞപ്പോൾ  പപ്പനും വിട്ടു. എല്ലാവരും ആക്ടിവായി. ഡബിൾ വീര്യംവച്ച ഞാൻ മേക്കപ്പ്മാനോടു പറഞ്ഞു ‘ആ  ജൂബ്ബാ ഇങ്ങോട്ടെടുത്തോ, ഉസ്താദിന്റെ അസിസ്റ്റന്റായി ഞാനും തട്ടേൽ കേറാൻ പോകുവാ.’ പപ്പൻ എതിർത്തില്ല,  'എന്തെങ്കിലും കാണിക്കട്ടെ' എന്നു വിചാരിച്ചു കാണും. ജൂബ്ബയുമിട്ട് വിഗ്ഗും വച്ചുനിൽക്കുന്ന, തിരക്കഥയിൽ യാതൊരു പരാമർശവുമില്ലാത്ത കഥാപാത്രത്തെ  കണ്ടപ്പോൾ തിരക്കഥാകൃത്ത് സുരേഷ് ബാബു ചോദിച്ചു, 'ഈ കഥാപാത്രത്തിന്റെ ഉദ്ദേശം?' ഉള്ളിയേരി ഇടപെട്ടു, 'ശിഷ്യൻ, ശിങ്കിടി. ചായേം വെള്ളോം കൊടുക്കാൻ ഇങ്ങനെ ഒരു എർത്ത് എല്ലാ ഉസ്താദുമാരുടെയും പുറകിൽ സാധാരണ കാണാറുണ്ട് '. ഉള്ളിയേരി എന്നെ പിന്തുണച്ചു. 'ശരി, ശരി കൂവ് മേടിക്കരുത് ' എന്നൊരു വാണിങ്ങുംതന്ന് സുരേഷ് പോയി.

 

അങ്ങനെ എല്ലാം സെറ്റായി. ദാ, ഷൂട്ടിങ് തുടങ്ങുന്നു. എത്ര തിരിച്ചാലും ക്യാമറയിൽ നിശ്ചയമായും പതിയും എന്നുറപ്പുള്ള ഒരു ആങ്കിൾ നോക്കി ഞാൻ തന്ത്രപൂർവം ഇരുന്നു. അതിനിടെ പാടുമ്പോൾ മുഖത്ത് വിതറേണ്ട ഭാവങ്ങളെപ്പറ്റി ഉള്ളിയേരിയുമായി ഒരു ലഘുചർച്ച. മറ്റാരും കാണാതെ ഒരു റിഹേഴ്‌സലും നോക്കി. ‘സൂപ്പർ  മതി, മതി. ഇതു പൊളിക്കും.’ ഉള്ളിയേരി സർട്ടിഫിക്കറ്റ് തന്നു. ഇതിനിടെ ഒരു അപകടം സംഭവിച്ചു. അനൂപ് മേനോനുമായുള്ള ചർച്ചയെത്തുടർന്ന് ക്യാമറയുടെ സ്ഥാനം മാറി, നേരേ ഓപ്പോസിറ്റായി. ഇപ്പോൾ ഞാൻ സമ്പൂർണമായും ക്യാമറയുടെ വെളിയിലാണ്. കെണിഞ്ഞു! എല്ലാ പദ്ധതികളും പാളി. ഇനി ഒന്നും നടക്കില്ല. ഇരിപ്പിടം മാറാനുള്ള നേരവുമില്ല. സ്പീക്കറിലൂടെ  'മഗർ തും' കേട്ടു തുടങ്ങി. പിന്നെ ഒന്നും നോക്കിയില്ല, അഭിനയിച്ചു തകർത്തു. സംഗതി ക്യാമറാമാൻപോലും അറിഞ്ഞില്ലന്നേയുള്ളൂ!  ഈ സാർവലൗകിക ദുരന്തത്തെപ്പറ്റി പരാതിപ്പെട്ടപ്പോൾ ഇല്ലമ്പള്ളിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, 'ഡേ, ആളെ മനസിലാകണ്ടേ? നിങ്ങള് വിഗ്ഗും വച്ച് ഇരുട്ടത്ത് വന്നിരുന്നാപ്പിന്നെ ആരറിയാനാ ?'

 

'കനൽ' തിയറ്ററിൽ വന്നപ്പോൾ ഒന്നാം ദിവസംതന്നെ പോയി കണ്ടു. മഹാദ്ഭുതങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. സാരമില്ല, ഇതുപോലെ എത്ര പ്രതിസന്ധികൾ കടന്നിട്ടാണ് മമ്മുക്ക ഇവിടെവരെ എത്തിയത് ! അച്ചൂട്ടിയും വല്യേട്ടനും  ഇൻസ്‌പെക്ടർ ബലറാമും ചന്തക്കാട് വിശ്വനും ചന്തു ചേകവരും മനസ്സിലൂടെ പുളകങ്ങൾ വിതറി ഓടിപ്പോയി. ഇല്ല, നിരാശപ്പെടാറായിട്ടില്ല. സുരേഷ്ബാബുവിനോടു പറഞ്ഞിട്ടുണ്ട്, അടുത്ത പടത്തിൽ ഒരു ചെറിയ വേഷം. തൽക്കാലം ഭാവാഭിനയം മതി. ഡയലോഗ് വേണ്ടേ വേണ്ട. വല്ല തീപ്പിടുത്തവും നടക്കുന്ന സ്ഥലത്തേക്ക് ഓടിച്ചെല്ലുന്നവരിൽ ഒരുത്തനായിട്ടാണെങ്കിൽ വളരെ നല്ലത്.  അങ്ങനെയല്ലേ നമ്മുടെ മമ്മുക്കയും തുടങ്ങിയത് ?

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളജിൽ പ്രൊഫസറുമാണ്. )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com