ADVERTISEMENT

മഞ്ജുവും താനും സിനിമയിൽ ഒരു സീനിലേ ഉള്ളൂ എന്ന് ദി പ്രീസ്റ്റിന്റെ രഹസ്യം വെളിപ്പെടുത്തി നായകൻ മമ്മൂട്ടി. ദ് പ്രീസ്റ്റ് സിനിമാ റിലീസിനു മുന്നോടിയായി മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ ആദ്യമായി മഞ്ജുവാര്യർക്കൊപ്പം അഭിനയിച്ച സിനിമയെന്ന നിലയിൽ അനുഭവം ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ ‘നിഷ്കളങ്കത’ ഒരു നിമിഷം പുറത്തായത്. ‘‘ഞങ്ങൾ ഒരു സീനിലേ ഉള്ളൂ.. പക്ഷേ അതൊരു വലിയ സീനാണ്..’’ ഇതു പറഞ്ഞ ഉടൻ ‘‘അതു പറയണ്ട അല്ലേ.. കൈയീന്ന് പോയല്ലോ ആന്റോ..’’ എന്ന് ഒരു നിമിഷം രഹസ്യം പുറത്തായതിന്റെ ആശങ്കയിലായി മമ്മൂട്ടി. 

 

‘‘സാരമില്ല, നമുക്ക് അതിൽ പിടിച്ചു കയറാം’’ എന്ന് നിസഹായനായി ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ആന്റോ ജോസഫ്. ‘‘ആകെ സിനിമ മൂന്നു സീനല്ലേ ഉള്ളൂ..’’ എന്നു പറഞ്ഞു രക്ഷിക്കാൻ എത്തിയത് സിനിമയുടെ നിർമാണ പങ്കാളിയായ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ‘‘ഇനി ഒന്നും പറയണ്ട’’ എന്നു പറഞ്ഞ് സ്വയം പിൻവലിഞ്ഞുകളഞ്ഞു മമ്മൂട്ടി. 

 

കോവിഡിൽ വളർന്ന താടിയിൽ പിടിച്ചായിരുന്നു മുക്കാൽ മണിക്കൂറോളം നീണ്ട ചർച്ചയുടെ തുടക്കം. ദ് പ്രീസ്റ്റ് സിനിമയ്ക്ക് താടി വളർന്നത് ഉപകാരമായല്ലോ എന്നു ചോദ്യത്തോടാണ് മമ്മൂട്ടി ആ സത്യം പറഞ്ഞത്. ‘‘സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് താടി വളർന്നത്. സിനിമയിലുള്ളത് വേറെ താടിയാണ്. ആ താടിയുടെ തുടർച്ചയാണ് ഈ താടി എന്നു വിചാരിച്ചാൽ മതി.. പിന്നെ ഇതുവരെ താടി വടിക്കണ്ടി വന്നിട്ടില്ല. മാർച്ച് മൂന്നിനു ശേഷം താടി വടിച്ചിട്ടില്ല. പക്ഷെ ഇത് വേറൊരു സിനിമയ്ക്ക് ഉപകാരമാകും. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയിൽ താടിയുണ്ട്’’ അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവമാണ് അടുത്ത മമ്മൂട്ടി ചിത്രം. തൊട്ടു പിന്നാലെ സംവിധായിക ഒരുക്കുന്ന പുഴു എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നും മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ.

 

മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചപ്പോൾ ലൊക്കേഷനിൽ അനുഭവപ്പെട്ട വ്യത്യാസത്തെക്കുറിച്ചു ചോദിച്ചത് തീരെ നീതിയുക്തമായില്ലെന്ന നിലപാടായിരുന്നു നടി മഞ്ജു വാര്യരുടേത്. ‘‘ഇരുവരും എന്താണോ അങ്ങനെ തന്നെ നിൽക്കുന്നതിനു പ്രത്യേക കാരണങ്ങളുണ്ട്, രണ്ടാൾക്കും അവരവരുടേതായ വ്യക്തിത്വമുണ്ട്, അതിനെക്കുറിച്ച് അഭിപ്രായം പറയാൻ താനാളല്ല, മമ്മൂക്കയ്ക്കൊപ്പം ഒരു സിനിമയേ ഉണ്ടായുള്ളൂ. ഇനിയും സിനിമകളുണ്ടാകണം എന്നാണ് ആഗ്രഹം. ലാലേട്ടനൊപ്പം ഇനിയും അഭിനയിക്കാനുള്ള ഭാഗ്യം ഇനിയും ഉണ്ടാകണം. ദ് പ്രീസ്റ്റിൽ അഭിനയിക്കാമോ എന്നു ചോദിച്ചപ്പോൾ മമ്മുക്കയാണ് എന്നറിഞ്ഞപ്പോൾ തന്നെ സമ്മതം പറയുകയായിരുന്നു. പിന്നെയാണ് കഥ കേട്ടത്’’ എന്നും മഞ്ജു പറഞ്ഞു. ഒരു ഹിന്ദി ചിത്രത്തിൽ അഭിനയിക്കാൻ അവസരം ഒരുങ്ങുന്നുണ്ട്. ഔദ്യോഗിക അനൗൺസ്മെന്റ് ആയിട്ടില്ലെന്നും അവർ വ്യക്തമാക്കി. 

 

‘മൂന്നു മണിക്കൂറുകൊണ്ടാണ് മമ്മുട്ടിയോട് സിനിമയുടെ കഥ പറഞ്ഞത്. മുഴുവൻ കേട്ട് ആദ്യം പറഞ്ഞത് കൊള്ളാമെന്നാണ്.. ’ സംവിധായകൻ ജോഫിൻ ടി. ചാക്കോ പറഞ്ഞു. കഥയും ജോഫിന്റേതാണ്. 

 

നിർമാതാക്കളുടെ സുരക്ഷിതത്വം എന്നത് വ്യവസായം ഉണ്ടായപ്പോൾ മുതലുള്ള ഞാണിന്മേൽ കളിയാണ്. അവിടെ ഒരു പണമൂല്യമുമുള്ള താരമുണ്ടാകുന്നതോ കൂട്ടുകെട്ടുണ്ടാകുന്നതൊ സിനിമയെ കുറച്ചുകൂടി സുരക്ഷിതമാക്കുമെന്ന് ബി. ഉണ്ണികൃഷ്ണൻ. ഈ സിനിമ ജോഫിന്റെ ആദ്യ സിനിമയാണ്. അതിന്റെ തിരക്കഥ മമ്മൂക്കയും മഞ്ജുവും കേട്ടപ്പോൾ ഞങ്ങൾക്കുണ്ടായതു പോലെ ഒരു എക്സൈറ്റ്മെന്റ്  അവർക്കുണ്ടായതിനാൽ ആ കഥ ഏറ്റവും നന്നായി ചെയ്യാൻ സാഹചര്യമുണ്ടാക്കി കൊടുക്കുകയാണു നിർമാതാക്കൾ എന്ന നിലയിൽചെയ്തത്. മമ്മൂട്ടി കൂടെയുള്ളത് ഒരു പരിധി വരെ സുരക്ഷിതമാണ്. എങ്കിലും എല്ലാം പ്രക്ഷകരുടെ കയ്യിലാണ്. കോവിഡ് വിലക്കുകൾക്കു ശേഷം സെക്കൻഡ് ഷോ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്. ഇത് ഇൻഡസ്ട്രിക്ക് വളരെ നിർണായകമാണെന്നും അദ്ദേഹം പറയുന്നു. 

 

സിനിമ റിലീസ് ആകുന്നതിനുപിന്നാലെ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നവരെ ഗുണ്ടാ ആക്ടിൽ പെടുത്തണമെന്ന ആവശ്യം സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞു. ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ മുഴുവൻ സമയവും അതിന്റെ പിന്നാലെ പോകേണ്ടി വരുന്നു. ഓരോ നിമിഷവും ഇത് എപ്പോൾ വരും എന്ന ആശങ്കയിലും ഭീതിയിലുമാണ്. മലയാള സിനിമ മാത്രമല്ല, എല്ലാ ഭാഷയിലെ സിനിമയ്ക്കും ഇതിന്റെ പ്രശ്നമുണ്ട്. തമിഴ് സിനിമയാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. നിരന്തരമായി ഇതിന്റെ പിന്നാലെ നടക്കാറുണ്ട്.. ഇവരെ പ്രതി ചേർത്ത് അറസ്റ്റു ചെയ്താലും ഒരു മാസംകൊണ്ട് ഇവർ ജാമ്യത്തിൽ പോകുന്ന സാഹചര്യമാണുള്ളത്. ഇതിനെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

ബി. ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ്, വി.എൻ. ബാബു എന്നിവരുടെ സംയുക്ത നിർമാണത്തിൽ മമ്മുട്ടി നായകനായെത്തുന്ന ഹൊറർ മിസ്റ്ററി ത്രില്ലിങ് ചിത്രം ദ് പ്രീസ്റ്റ് മാർച്ച് നാലിനു റിലീസ് ചെയ്യാനായിരുന്നു തീരുമാനം. സെക്കൻഡ് ഷോ പ്രദർശനാനുമതിക്കാര്യത്തിൽ തീരുമാനം വൈകിയതിനാൽ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സെക്കൻഡ് ഷോയ്ക്ക് സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് 11ന് ചിത്രം റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com