ADVERTISEMENT

വനിതാ ദിനത്തിന്റെ ഭാഗമായി പൂർണിമയും മല്ലിക സുകുമാരനും ഒന്നിച്ചു പങ്കെടുത്തൊരു ലൈവ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ആദ്യമായാണ് സ്വന്തമായി ഒരു ലൈവിൽ വരുന്നതെന്ന് മല്ലിക പറഞ്ഞു. അമ്മയോടു ചോദിക്കാനുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾ പൂർണിമയാണ് പറഞ്ഞുകൊടുക്കുന്നത്. മല്ലിക ഇതിനുത്തരം നൽകുകയും ചെയ്യുന്നു.

അമ്മയെ കിട്ടാറില്ല, എപ്പോഴും തിരക്കാണ് എന്നു പരാതി പറഞ്ഞുകൊണ്ടാണ് പൂർണിമ ആരാധകരുടെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയത്. ഇങ്ങനെ നോൺ-സ്റ്റോപ്പ് ആയി സെൻസ് ഓഫ് ഹ്യൂമർ നിലനിർത്തുന്നത് എങ്ങനെ എന്നറിയണം ഒരു ആരാധികയ്ക്ക്.

‘അമ്മ പണ്ടേ അങ്ങനെയല്ലേ. ഹ്യൂമറസ് ആയി കാണുന്നതുകൊണ്ടാണല്ലോ ഇങ്ങനെ രണ്ടു മരുമക്കളെ കിട്ടിയത്’, പൂർണിമയെ വരെ പൊട്ടിച്ചിരിപ്പിച്ച് മറുപടിയെത്തി. ഹ്യൂമറസാകുന്നത് നമുക്കൊപ്പമുള്ളവർക്കും സന്തോഷം നൽകും എന്ന് മല്ലികയുടെ ഉപദേശം. അതാണ് ഈ കുടുംബം എപ്പോഴും സന്തോഷത്തോടെ മുന്നോട്ടു പോകാൻ കാരണം എന്ന് പൂർണിമയും.

എപ്പോഴെങ്കിലും അമ്മയെ അവഗണിച്ചിട്ടുണ്ടോ എന്നായി മറ്റൊരാൾ! പൂർണിമയോടാണ് ചോദ്യം. ‘ഇങ്ങോട്ടൊന്നും വരാറേയില്ല. ലോകം മുഴുവൻ കറങ്ങാൻ പോകും, മക്കളെയും കൊണ്ടു വരാൻ പറഞ്ഞാൽ ഇന്ദ്രൻ വരും. അമ്മ വയസ്സാകുമ്പോൾ മക്കൾ ഇങ്ങോട്ടു വന്ന് ആഘോഷിക്കണം എന്ന് നിബന്ധന വയ്‌ക്കേണ്ടിയിരിക്കുന്നു,’ എന്ന് സ്വതസിദ്ധമായ ശൈലിയിൽ മല്ലിക മറുപടി പറഞ്ഞു.

പിള്ളേർക്കു ക്ലാസ് ഉണ്ട് എന്ന് പൂർണ്ണിമയുടെ എക്സ്ക്യൂസ്‌. ആൺമക്കൾ വന്നില്ലെങ്കിലും പരിഭവമില്ല. പത്തിരുപതിനാലു വർഷം അവരെ കണ്ടതാ. പക്ഷേ മരുമക്കളും കൊച്ചുമക്കളും വന്നാൽ മതി എന്നാണു അമ്മയുടെ ആഗ്രഹം.

ചോദ്യം: മക്കളെ ധൈര്യമുള്ള, സ്ത്രീകളെ ബഹുമാനിക്കുന്നവരായി കൊണ്ടുവരാൻ മല്ലിക സുകുമാരൻ എന്ന അമ്മയ്ക്ക് എങ്ങനെയായി?

‘അതൊരു ബുദ്ധിമുട്ടുള്ള കടമ്പയാണ്. മക്കൾക്കു 15, 17 വീതം വയസ്സുള്ളപ്പോൾ ആണ് അവരുടെ അച്ഛൻ പോയത്. 22 വയസ്സ് വരെയുള്ള ആൺകുട്ടികളുടെ ജീവിതം കെയർഫുൾ ആകണം എന്ന് എനിക്കറിയാമായിരുന്നു. കൂട്ടുകെട്ടുകൾ ഉണ്ടാകും, അതെങ്ങനെയെന്ന് നമുക്കും അറിയില്ല. എന്നാൽ മക്കൾ രണ്ടുപേരും അമ്മയുടെ സാഹചര്യം മനസ്സിലാക്കി വളർന്നു. ഇപ്പോൾ കുറച്ച് അനുസരണക്കേട് ഉണ്ടെങ്കിലും അന്ന് നല്ല അനുസരണയായിരുന്നു. ഇപ്പോഴും അവർ പഠിച്ച സൈനിക് സ്കൂളിലെ അധ്യാപകർ കണ്ടാൽ മക്കളെക്കുറിച്ച് പറഞ്ഞ് അഭിനന്ദിക്കും.’ – മല്ലിക സുകുമാരൻ പറഞ്ഞു.

പണ്ട് സീരിയലിൽ അഭിനയിക്കുന്ന കാലത്ത് അമ്മയെ ഡ്രോപ്പ് ചെയ്തു പിക്ക് ചെയ്യുന്ന ആൺമക്കളെ പൂർണിമയും കണ്ടിട്ടുണ്ട്. അമ്മയെ ഷൂട്ടിങ്ങിനു കൊണ്ടുവരാനും ഡബ്ബിങ്ങിന് കൊണ്ട് വരാനും മക്കൾ ഉണ്ടായിരുന്നു. അവരുടെ പിന്തുണയാണ് അഭിനയത്തിലേക്കു മടങ്ങി വരാൻ അമ്മയ്ക്കു കരുത്ത് നൽകിയതെന്ന് പൂർണിമയും സാക്ഷ്യപ്പെടുത്തുന്നു.

അന്നൊക്കെ മക്കളുടെ പിന്തുണയായിരുന്നു തനിക്കെല്ലാം എന്ന് മല്ലികയും പറയുന്നു. അച്ഛൻ പോയപ്പോൾ അമ്മയ്ക്ക് അവരായി എല്ലാം. വളർന്നു സ്വന്തം കുടുംബമായാലും അവർക്ക് ആ സ്നേഹം ഇപ്പോഴും ഉണ്ടെന്നും മല്ലിക പറഞ്ഞു. ഇതുകേട്ട്, ക്യാമറയുടെ മുന്നിൽ വരാതെ മാറിയിരുന്ന ഇന്ദ്രജിത്ത് ചിരിക്കുന്നു എന്ന് പൂർണിമ.

അന്നത്തെയും ഇന്നത്തെയും സിനിമാ പ്രവർത്തനത്തിലെ തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് പറയാനും മല്ലികയ്ക്ക് ഒരു ചോദ്യം അവസരം നൽകി.

പണ്ട് സിനിമ എന്നാൽ ഒരു കുടുംബമാണ്. ഇന്ന് ഓരോരുത്തരും കാരവനിൽ കേറി വാതിൽ അടയ്ക്കും. കാലം മാറുമ്പോൾ ബന്ധങ്ങളുടെ തീവ്രത കുറയും. അന്നൊക്കെ കൊണ്ടുവരുന്ന ഭക്ഷണം പങ്കിടും. ഇന്ന് ഓരോരുത്തർക്കും ശല്യപ്പെടുത്താതിരിക്കാനാണ് ഇഷ്‌ടം.

ഷൂട്ടിങ് എന്നാൽ ബന്ധുക്കളുടെ വീട്ടിൽ പോകുന്ന സന്തോഷം പോലാണ്. ഇന്നത്തെ കാലത്ത് തന്റെ കൊച്ചുമക്കൾക്കു പോലും കുടുംബത്തിലെ ബന്ധുക്കളെ എല്ലാവരെയും അറിയാൻ ഇടയില്ല.

ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാനും മല്ലികയ്ക്ക് തന്റേതായ രീതിയുണ്ട്. ജീവിതത്തിൽ പ്രതിസന്ധി വരുമ്പോൾ, ഇതോടു കൂടി ഞാൻ ഇല്ലാതായി എന്ന് കരുതരുത്. രണ്ടു മക്കളും പഠിച്ചു മിടുക്കരായി വരണം എന്ന് ഭർത്താവിന്റെ ആഗ്രഹമായിരുന്നു. നമുക്ക് പറയാനുള്ള കാര്യം തുറന്നു പറയുക. എവിടെപ്പോയാലും നമ്മൾ ആരാണെന്ന് ഒരു ഐഡന്റിറ്റി ഉണ്ടാക്കുക. അത് മക്കൾക്ക് വേണ്ടിപ്പോലും മാറ്റില്ല എന്ന് മല്ലിക.

ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടെന്നും ഇറങ്ങിയാൽ കയറാൻ കഴിയും എന്നും മനസ്സിലാക്കാം. എന്തും തരണം ചെയ്യാനുള്ള മാനസിക ധൈര്യം സൃഷ്‌ടിക്കണം. ചിറകിനടിയിൽ സൂക്ഷിക്കുന്ന പോലെ ഏതാനും വർഷം അവരെ താൻ സംരക്ഷിച്ചു, പിന്നെ അവർ നിലനിൽക്കാൻ പഠിച്ചു. പൂർണിമയെ ഇഷ്‌ടമാണെന്ന് ഇന്ദ്രജിത്ത് പറഞ്ഞപ്പോൾ, ‘കെട്ടിക്കോ മോനേ’ എന്ന് പറഞ്ഞയാളാണ് താനെന്നും മല്ലിക വെളിപ്പെടുത്തി.

ഒരിക്കലും എന്തെങ്കിലും പാതിവഴിയിൽ ഇട്ടിട്ടു പോവുക എന്ന കാര്യം അമ്മയ്ക്കില്ല എന്ന് പൂർണിമ. പൂർണ്ണിമയെ കിട്ടിയതു കൊണ്ടാണ് മകൻ ഇന്ദ്രന്റെ മടിമാറിയതെന്നും, മരുമകൾ എന്തും കൃത്യമായി ചെയ്തു തീർക്കുന്ന പ്രകൃതക്കാരിയാണെന്നും മല്ലിക പറയുന്നു.

‘എനിക്കു കിട്ടിയ മരുമക്കളിൽ ഞാൻ അഭിമാനിക്കുന്ന ഒരാളാണ് പൂർണിമ. പൂർണിമയെപ്പോലെ ഒരാളെ ഇന്ദ്രന് കിട്ടിയിരുന്നില്ലെങ്കിൽ ഒതളങ്ങ പോലെ ഇവൻ വെള്ളത്തിൽ ഇങ്ങനെ മുങ്ങിയും പൊങ്ങിയും കിടന്നേനെ. ഇന്ദ്രന് എല്ലാക്കാര്യങ്ങളും ചെയ്യാനുള്ള കഴിവുണ്ട്. പക്ഷേ ചെറിയ മടിയുണ്ട്. ഒരു ചെറിയ കീ കൊടുത്താൽ കക്ഷി ഫുൾ ആക്ടീവ് ആണ്. ആ കീ, എന്റെ മരുമകൾ ആണ്.’–മല്ലിക പറഞ്ഞു.

അമ്മയുടെ മറുപടി കേട്ട് തനിക്കും ഒരു കാര്യം പറയാനുണ്ടെന്ന് ഇന്ദ്രജിത്തും. അമ്മ പറഞ്ഞ ചില കാര്യങ്ങളൊക്കെ ശരിയാണെന്ന് ഇന്ദ്രനും സമ്മതിച്ചു. അമ്മയ്ക്കും ലൈവ് കാണുന്ന പ്രേക്ഷകർക്കും വനിതാ ദിന ആശംസകൾ നേരാനും ഇന്ദ്രജിത്ത് മറന്നില്ല.

തന്റെ റോൾ മോഡൽ അമ്മയാണെന്ന് മല്ലിക സുകുമാരൻ. എടപ്പാളിലേക്ക് വിവാഹം ചെയ്തു പോകുമ്പോൾ അന്നാട്ടിൽ വച്ചിരുന്ന മൊളോഷ്യം വരെ ഉണ്ടാക്കുന്ന രീതി ചോദിച്ചു കണ്ടെത്തി മകളെ പഠിപ്പിച്ചാണ് അമ്മ തന്നെ അങ്ങോട്ടേക്കയച്ചത് എന്ന് മല്ലിക ഓർക്കുന്നു.

അതിനിടെ മല്ലികയോട് ചോദ്യവുമായി മഞ്ജു വാര്യരും എത്തി. എങ്ങനെയാണ് മല്ലിക തുടർച്ചയായി ഈ നർമ ബോധം കാത്തു സൂക്ഷിക്കുന്നത് എന്നാണ് മഞ്ജുവിന് അറിയേണ്ടത്. താൻ ചെറുപ്പം മുതൽ ഇങ്ങനെയാണെന്നും മറ്റുള്ളവരുടെ കൂടെ കൂടുമ്പോൾ എന്തിനാണ് സീരിയസ് ആയി രസം കളയുന്നത്, ചിരിക്കാനല്ലേ എല്ലാവർക്കും ഇഷ്ടമെന്നും മല്ലികയുടെ മറുപടി. ചിരി ആരോഗ്യത്തിനും ആയുസ്സിനും നല്ലതാണെന്നും മല്ലിക കൂട്ടിച്ചേർത്തു.

മല്ലിക സുകുമാരന്റെ പാട്ടോടു കൂടിയാണ് വിമെൻസ് ഡേ സ്‌പെഷൽ ലൈവ് അവസാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com