ADVERTISEMENT

അവൾ തൊടിയെല്ലാം നനച്ചിട്ട് തുടു വേർപ്പും തുടച്ചിട്ട്...മഹേഷിന്റെ പ്രതികാരത്തിലെ ‘ഇടുക്കി പാട്ടിൽ’ വന്നുപോകുന്ന സുന്ദരിക്കുട്ടിയെ പ്രേക്ഷകർ അങ്ങനെ മറക്കാനിടയില്ല. ഇടുക്കിയുടെ കാറ്റ് തഴുകിപ്പോകുന്ന കൊച്ചുകുട്ടിയുടെ സ്വാഭാവിക പ്രകടനവും പാട്ടിനൊരാകർഷണമായിരുന്നു. സിനിമ പുറത്തിറങ്ങി 5 വർഷം പിന്നിടുമ്പോൾ ഇടുക്കിയുടെ ആ മിടുക്കിക്കുട്ടിയെ പ്രേക്ഷകർക്കു പരിചയപ്പെടുത്തുകയാണ് കിരൺ എന്ന പ്രേക്ഷകൻ. 

 

സമീര സാബു എന്നാണ് കുട്ടിയുടെ പേര്. ഇടുക്കി കേന്ദ്രീയ വിദ്യാലയത്തിൽ ആറാം ക്ലാസിൽ പഠിക്കുന്നു. സിനിമാ ഗ്രൂപ്പായ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റ ബേസിലാണ് കിരൺ ഈ വിവരങ്ങൾ പങ്കുവച്ചത്.

 

കിരണിന്റെ വാക്കുകള്‍:

 

അവൾ തൊടിയെല്ലാം നനച്ചിട്ട് തുടു വേർപ്പും തുടച്ചിട്ട്

sameera-sabu-maheshinte-prathikaram-1

അരയിൽ കൈ കുത്തി നിൽക്കും പെണ്ണ്...

 

ഇടുക്കി ജില്ലയെപ്പറ്റി വന്ന ഒരു പിഎസ്‌സി ഫെയ്സ്ബുക്ക് സ്റ്റഡിപേജിൽ വന്ന ചോദ്യത്തിൽപ്പോലും വന്ന ചിത്രം ദാ ഈ സുന്ദരിമണിയുടേതായിരുന്നു. മഹേഷിന്റെ പ്രതികാരത്തിൽ ഈ അരയിൽ കൈകുത്തി നിന്ന് കുസൃതി നുണക്കുഴി കാണിച്ച് നിൽക്കുന്ന മിടുക്കി ആരാണെന്ന് അന്നേ തന്നെ നമ്മളിവിടെ തിരഞ്ഞിരുന്നു. അന്ന് നമ്മുടെ അച്ച്യുതാനന്ദൻ അഭിനയിച്ച മെംബർ താഹിന്റെ മോളാണെന്ന് കണ്ടെത്തി നിർത്തി, മഹേഷിന്റെയും പോത്തേട്ടന്റെയും മറ്റ് ബ്രില്യൻസ് പിടിത്തത്തിലേക്ക് നമ്മൾ പോയി. 

 

പക്ഷേ ഇന്നലെ ഇവിടെ വിശാഖ് വീണ്ടും ഈ പോസ്റ്റിട്ടപ്പോഴാണ് അതിലെ കമന്റുകളിൽ നിന്നും കൂടുതൽ വിവരം തിരഞ്ഞത്. സത്യത്തിൽ നമ്മുടെ മെംബർ താഹിറിന്റെ ഭാര്യയായി വേഷമിട്ട തട്ടക്കാരി അമ്പിളിയുടെ ശരിക്കുമുള്ള മകൾ സമീര സാബുവാണെന്നതാണ് ഒരു ഡ്രിഗ്രി കൂടുതൽ ശരിയായ വിവരം. അമ്പിളിയാണ് തട്ടമിട്ട് ബസിലിരിക്കുന്നത്. മെംബർ താഹിറിന്റെ ഭാര്യയുടെ റോളിനു വേണ്ടി ലൊക്കേഷൻ മാനേജരായ ബഷീർ ഇടുക്കി ( സിനിമയിൽ ജാഫർ ഇടുക്കിയുടെ ജേഷ്ഠൻ കുര്യച്ചൻ ) വഴിയാണ് അമ്പിളി സിനിമയിലേക്കെത്തുന്നത്.

 

ഒരു ആൺകുട്ടിയേക്കൂടി സിനിമയിലേക്ക് തിരഞ്ഞുവെങ്കിലും പകരം ‌അമ്പിളിയുടെ മകൾ സമീരയെന്ന പെൺകുട്ടിയെ അവസാനം ഫൈനലൈസ് ചെയ്തു. അതാണ് റഫീക് അഹമ്മദ് അരയിൽ കൈകുത്തി നിൽക്കും പെണ്ണ് എന്നെഴുതിയ സുന്ദരമായ വരികൾക്ക് ബിജിബാൽ കൊടുത്ത മനോഹര ഈണത്തിന് ഇതിലുമിനി അനുയോജ്യമായി ഒരാളില്ലെന്ന കണക്കേ ഈ ചുന്ദരിമണിയെ പോത്തേട്ടനും മറ്റും സ്ക്രീനിൽ കൊണ്ട് വന്ന് നിർത്തി നമ്മളെ അങ്ങ് ഇഷ്ടപ്പെടുത്തിക്കളഞ്ഞത്. 

 

സമീര ‌നിലവിൽ ഇടുക്കി കേന്ദ്രീയ വിദ്യാലയത്തിൽ ആറാം ക്ലാസിൽ പഠിക്കുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ സബ്‌ജില്ലയിൽ നൃത്തത്തിന് ഒന്നാം സമ്മാനം നേടിയ ഈ മിടുക്കി നിലവിലും നൃത്തം പരിശീലിച്ച് പെർഫോം ചെയ്യുന്നു.‌ മൂന്നാറിലെ ഒരു സ്കൂളിൽ നൃത്താധ്യാപികയായി ജോലി നോക്കുന്ന അമ്പിളിയാണ് മാതാവ്. പിതാവ് സാബു ഇടുക്കി ഇരുപതിലേറെ വർഷക്കാലം ഗാനമേള ട്രൂപ്പുകളിൽ സജീവസാന്നിധ്യമായിരുന്നു. മരിയൻ കോളജ് കുട്ടിക്കാനത്ത് ഡിഗ്രി മൂന്നാം വർഷം പഠിക്കുന്ന അരവിന്ദ് സാബു സമീരയുടെ സഹോദരനാണ്.

 

വിവരങ്ങൾ തന്നെ കമന്റേറ്റേഴ്സിനും മെംബർ താഹിറായി വന്ന അച്ച്യുതാനന്ദനും പ്രത്യേകിച്ച് സമീരയിലേക്കും അമ്പിളിയിലേക്കുമെത്തിച്ച അഞ്ജു ഏബ്രഹാമിനുമൊക്കെ നന്ദി - നമ്മളൊരു പൊളി ടീമാണല്ലേ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com