ADVERTISEMENT

മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ ആദരമേറ്റുവാങ്ങി മലയാളം. പുരസ്കാരങ്ങൾ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു സമ്മാനിച്ചു. ഇന്ത്യൻ സിനിമയിലെ പരോമന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രജനീകാന്ത് ഏറ്റുവാങ്ങി. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഉൾപ്പെടെയുള്ള സിനിമകളെ ഉപരാഷ്ട്രപതി പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു. രാജ്യത്തിന്റെ  ചരിത്രവും സംസ്കാരവും സിനിമകളിലൂടെ  ലോകം മുഴുവനെത്തിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം  പറഞ്ഞു. 

 

മരക്കാറിന്റെ സംവിധായകൻ പ്രിയദർശൻ, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ പുരസ്കാരം സ്വീകരിച്ചു. മരക്കാറിലൂടെ സ്പെഷൽ ഇഫക്ടിനുള്ള പുരസ്കാരം നേടിയ പ്രിയദർശന്റെ മകൻ സിദ്ധാർഥും അവാർഡ് സ്വീകരിച്ചു. ഈ സിനിമയുടെ വസ്ത്രാലങ്കരത്തിനു സുജിത്ത് സുധാകരൻ, വി.സായ് എന്നിവർക്കും പുരസ്കാരമുണ്ട്. 

dhanush-son
ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങിനിടെ മികച്ച നടൻ ധനുഷും ഭാര്യ ഐശ്വര്യയും പിൻനിരയിലിരിക്കുന്ന മക്കളായ യത്ര ധനുഷ്, ലിംഗ ധനുഷ് (വലത്ത്) എന്നിവരോടു തമാശ പങ്കുവയ്ക്കുന്നു. ചിത്രം: പിടിഐ

പ്രഭാവർമ (ഗാനരചയിതാവ്, കോളാമ്പി), ഗിരീഷ് ഗംഗാധരൻ (ഛായാഗ്രാഹകൻ, ജല്ലിക്കട്ട്), രാഹുൽ റിജി നായർ (സംവിധായകൻ, മികച്ച മലയാളം സിനിമ, കള്ളനോട്ടം), കള്ളനോട്ടത്തിന്റെ നിർമാതാവ് ലിജോ ജോസഫ്, റസൂൽ പൂക്കൂട്ടി, ബിബിൻ ദേവ് (റീറിക്കോർഡിങ്, ഒത്ത സെരുപ്പു സൈസ്–7), മാത്തുക്കുട്ടി സേവ്യർ (ഹെലൻ, നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം), ഹെലന്റെ നിർമാതാവ് നോബിൾ ബാബു തോമസ്, രഞ്ജിത് (ചമയം, ഹെലൻ), മനോജ് കാന (കെഞ്ചിര, പണിയ ഭാഷയിലെ മികച്ച സിനിമ), ശരൺ വേണുഗോപാൽ (ഫീച്ചർ ഇതര വിഭാഗത്തിലെ മികച്ച കുടുംബമൂല്യമുള്ള ചിത്രം), വിപിൻ വിജയ് (സ്മോൾ സ്കെയിൽ സൊസൈറ്റീസ്, നോൺ ഫീച്ചർ വിഭാഗം പ്രത്യേക പുരസ്കാരം), സജിൻ  ബാബു (പ്രത്യേക പരാമർശം, ബിരിയാണി) എന്നിവരും പുരസ്കാരം സ്വീകരിച്ചു. 

 

മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട ധനുഷ്, മനോജ് ബാജ്പെയ്, മികച്ച നടി കങ്കണ റനൗട്ട്, മികച്ച സഹനടൻ വിജയ് സേതുപതി തുടങ്ങിയവരുടെ സാന്നിധ്യവും ചടങ്ങിനു മിഴിവേകി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, കേന്ദ്രസഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവരും പ്രസംഗിച്ചു.

 

ശ്രദ്ധാകേന്ദ്രമായി 2 സിനിമാക്കുടുംബങ്ങൾ

 

ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രമായി 2 സിനിമാക്കുടുംബങ്ങൾ. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മരക്കാറിന്റെ സംവിധായകൻ പ്രിയദർശനും മകൻ സിദ്ധാർഥും ഒരേ വേദിയിൽ പുരസ്കാരം സ്വീകരിച്ചത് അപൂർവതയായി. 

 

ഫാൽക്കെ പുരസ്കാരം സ്വീകരിച്ച നടൻ രജനീകാന്ത് മരുമകനും മികച്ച നടനുള്ള പുരസ്കാര ജേതാവുമായ ധനുഷിനൊപ്പമാണു ചടങ്ങിനെത്തിയത്. രജനിയുടെ ഭാര്യ ലത, മകളും ധനുഷിന്റെ ഭാര്യയുമായ  ഐശ്വര്യ എന്നിവരും ഒപ്പമുണ്ടായിരുന്നു. അവാർഡ് നേട്ടം ഗുരു കെ. ബാലചന്ദറിനാണു  രജനി സമർപ്പിച്ചത്. തന്നിലെ അഭിനയ പ്രതിഭയെ കണ്ടെത്തി സിനിമയിൽ എത്താൻ പ്രോത്സാഹനം നൽകിയ സുഹൃത്ത് കർണാടക ട്രാൻസ്പോർട് കോർപറേഷനിലെ ഡ്രൈവർ രാജ് ബഹദൂർ, സഹോദരൻ സത്യനാരായണ റാവു എന്നിവരോടുള്ള സ്നേഹവും വേദിയിൽ രജനീകാന്ത് പങ്കുവച്ചു. മകനും അവാർഡ് ലഭിച്ചത് ഏറെ സന്തോഷം നൽകുന്നുവെന്നും ദേശീയ ചലച്ചിത്ര പുരസ്കാര ചരിത്രത്തിൽ ഇതാദ്യമെന്നാണു കരുതുന്നതെന്നും സംവിധായകൻ പ്രിയദർശൻ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com