Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറിന്റെ നിറവിൽ വലിയ ഇടയൻ; പിറന്നാൾ സമ്മാനം നൽകി മമ്മൂട്ടി

mammootty ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ജന്മദിനാഘോഷത്തിനിടെ കേക്ക് മുറിക്കുന്ന നടൻ മമ്മൂട്ടി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഡോ: ടോണി ഫെർണാണ്ടസ്, എസ് ജോർജ് എന്നിവർ സമീപം

നൂറു തികയുന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ജന്മദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് മമ്മൂട്ടിയും കൂട്ടരും. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്‌ ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ നേതൃത്വത്തിലാണ് വലിയ മെത്രാപ്പോലീത്തയുടെ നൂറാം ജന്മദിന വാർഷികം കൊച്ചിയിൽ ആഘോഷിച്ചത്. പിറന്നാള്‍ സമ്മാനമായി ആദിവാസി ജനസമൂഹത്തിനുള്ള മൂന്ന് ക്ഷേമ പദ്ധതികളാണ് മമ്മൂട്ടി ക്രിസ്റ്റോസ്റ്റമിന് നല്‍കിയത്.

സമപ്രായക്കാരെ പോലെ അടുത്ത സൃഹൃത്തുക്കളായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. പണത്തിന് വേണ്ടി മനുഷ്യനെ കൊല്ലുന്ന കാലഘട്ടത്തില്‍ നന്മയുടെ കാഴ്ചയാണ് മമ്മൂട്ടി നല്‍കുന്നതെന്ന് മാര്‍ക്രിസ്റ്റോസ്റ്റം പറഞ്ഞു.

‘നാടിന്റെ ഇടയനായ വലിയ തിരുമേനിക്ക് ജന്മദിന സമ്മാനം നൽകുമ്പോൾ അത് തിരുമേനിക്ക് സന്തോഷം നൽകുന്നതയിരിക്കണം എന്ന ചിന്തയാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചത് . തിരുമേനിയും ഏറെ സ്നേഹിക്കുന്ന ആദിവാസി ജനസമൂഹത്തിനിടയിൽ 100 നേത്ര ചികിത്സാ ക്യാമ്പുകൾ സംഘടിപ്പിച്ച് ആവശ്യമുള്ളവർക്കു മുഴുവൻ സൗജന്യ ചികിത്സയും ആവശ്യമുള്ള 100 പേർക്ക് സൗജന്യ ശസ്ത്രക്രിയയും ചെയ്തു കൊടുക്കും. പ്രായ ഭേദമന്യേ ഏതു നേത്ര ശസ്ത്രക്രിയയും, എത്ര ചിലവേറിയതാണെങ്കിലും ചെയ്ത് കൊടുക്കും എന്നാണ് ഒരു വാഗ്ദാനം. പ്രശസ്ത നേത്രരോഗ വിദഗ്ദൻ ഡോ: ടോണി ഫെർണാണ്ടസിൻറെ സേവനം ഇതിന് ലഭ്യമായിരിക്കും–മമ്മൂട്ടി പറഞ്ഞു.

കൂടാതെ ആദിവാസി ഊരുകളിൽ ക്യാമ്പുകൾ നടത്തി ഹൃദയ ശസ്ത്രക്രിയാ സഹായങ്ങളും ആവശ്യാനുസരണം ചെയ്തുകൊടുക്കും. വൃക്ക മാറ്റിവെക്കൽ ചികിത്സ ആവശ്യമുള്ള ആദിവാസി സഹോദരങ്ങൾക് കൊല്ലത്തെ ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയുടെ സഹായത്തോടെ അതും പരിപൂർണ സൗജന്യമായി ചെയ്തു കൊടുക്കുമെന്നും മമ്മൂട്ടി അറിയിച്ചു.

കെയർ ആൻഡ്‌ ഷെയറിലൂടെ മമ്മൂട്ടി നടത്തുന്ന സാമൂഹിക സേവന പദ്ധതികൾ നാടിന് മുതൽക്കൂട്ടാണ് എന്ന് വലിയ മെത്രാപ്പോലീത്ത ഫിലിപ്പ്പോസ് മാർ ക്രിസോസ്റ്റം പറഞ്ഞു. അഞ്ഞൂറിലധികം നിർധനരായ പിഞ്ചു കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയാ സഹായം നൽകാൻ ഇവർക്ക് സാധിച്ചത് ഈശ്വരൻറെ വലിയ കൃപയാണ്. നാടിനും സമൂഹത്തിനും തുടർന്നും കൂടുതൽ സഹായം ചെയ്യാൻ മമ്മൂട്ടിക്കും കൂട്ടർക്കും കഴിയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാഷണം നടത്തി. ലോക പ്രശസ്ത നേത്ര രോഗ വിദഗ്ദൻ ഡോ: ടോണി ഫെർണാണ്ടസ്, പ്രമുഖ സാമൂഹിക പ്രവർത്തകനും ബഹ്റൈൻ ആസ്ഥാനമായ വീ.കേ.എൽ ഗ്രൂപ്പ്‌ ചെയർമാനുമായ ഡോ: വർഗീസ് കുര്യൻ, കെയർ ആൻഡ്‌ ഷെയർ ഡയറക്ടർമാരായ ഡോ: കെ.ആർ വിശ്വംഭരൻ ഐ.എ.എസ്, റോബർട്ട്‌ കുര്യാക്കോസ്, എസ് ജോർജ്, സജി മൈൻഡ് മൈൻ തുടങ്ങിയവരും സംസാരിച്ചു.

Your Rating: