Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബ പ്രശ്നങ്ങൾ സിനിമയെയും ബാധിച്ചു: പ്രിയദർശൻ

priyadarshan

കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളെ ചര്‍ച്ച ചെയ്ത് ആഘോഷമാക്കിയപ്പോഴും സംവിധായകൻ പ്രിയദർശൻ അധികം അതേ കുറിച്ചു സംസാരിച്ചിട്ടില്ല. എന്നാലിപ്പോൾ ആ പ്രശ്നങ്ങൾ തന്റെ സിനിമാ ജീവിതത്തെ എത്രത്തോളം മോശമായി ബാധിച്ചുവെന്നു വ്യക്തമാക്കിയിരിക്കുകയാണു അദ്ദേഹം.

കുടുംബ ജീവിതത്തിലുണ്ടായ താളപ്പിഴകൾ തന്റെ പല ചലച്ചിത്രങ്ങളേയും ബാധിച്ചിട്ടുണ്ടെന്നു സംവിധായകൻ പറഞ്ഞു. സിനിമയെ കുറിച്ച് ആധികാരികതയോടെ സംസാരിച്ചിട്ടുള്ള സംവിധായകൻ ഇതാദ്യമായാണു വ്യക്തിപരമായ കാര്യത്തെ കുറിച്ചു തുറന്നു സംസാരിക്കുന്നത്.

'വീട്ടില്‍ സമാധാനമില്ലാതായാൽ നമ്മുടെ ക്രിയാത്മതയേയും അതു ബാധിക്കും. മുൻകാലത്തെ ചില ചിത്രങ്ങൾ പ്രതീക്ഷിച്ചത്രയും മികവോടെ പൂർത്തീകരിക്കുവാൻ കഴിയാത്തതിനു കാരണവും അതാണ്.–പ്രിയദർശൻ പറഞ്ഞു.

‘എന്നാൽ ഇപ്പോൾ അങ്ങനെയല്ല സാഹചര്യം. അത്തരം പ്രശ്നങ്ങളൊന്നും ഇപ്പോൾ കൂടെയില്ല. മനസിനു ശാന്തതയുണ്ട്. പുതിയ ചിത്രം അതുകൊണ്ടു തന്നെ നല്ല രീതിയിൽ പൂർത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷ’. –പ്രിയദർശൻ പറഞ്ഞു. മോഹൻലാലിനെ നായകനാക്കിയൊരുക്കുന്ന ക്രൈം ത്രില്ലറാണു പ്രിയദർശന്റെ പുതിയ സിനിമ. ഇതാദ്യമായാണു പ്രിയൻ ഇത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുന്നത്.

നടി ലിസിയെയാണു പ്രിയദർശൻ വിവാഹം ചെയ്തത്. 2014ൽ ഇവർ വേർ‌പിരിയുകയുമുണ്ടായി. ഏറെ നാള്‍ ഈ വിഷയം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. അടുത്തിടെ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിൽ വരെ വ്യാജ വാർത്തകളിറങ്ങിയിരുന്നു.

ജീവിതത്തിൽ എല്ലാം നേടിയെങ്കിലും മറ്റൊരു വലിയ ആഗ്രഹം കൂടി പ്രിയനുണ്ട്. മക്കളും ജീവിതത്തിൽ വലിയ വിജയം നേടണം. അത് സംഭവിക്കുന്ന നിമിഷം ലോകത്ത് ഏറ്റവും സന്തോഷവാൻ താനായിരിക്കുമെന്ന് പ്രിയൻ പറയുന്നു.

ചില ചലച്ചിത്രങ്ങളിലൂടെ പ്രിയദർശൻ നമ്മെ അമ്പരപ്പിച്ചു, മറ്റു ചിലപ്പോൾ നിരാശപ്പെടുത്തി. എന്നാലും പ്രിയദർശനെന്ന സംവിധായകനിൽ ഉറച്ചു വിശ്വസിച്ചു. ഇനിയുമേറെ അദ്ദേഹത്തിനു ചെയ്തു തരുവാൻ കഴിയുമെന്നു തന്നെയാണ് ആരാധകരും വിശ്വസിക്കുന്നത്.