Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയറാമിനെ പേടിപ്പിച്ച ആമിയും മല്ലിയും!

akshara-jayaram അക്ഷര, ആഞ്ചലിന, ജയറാം

ആമിയും മല്ലിയും; ആടുപുലിയാട്ടം കണ്ടവരുടെയെല്ലാം മനസ്സിൽ പ്രേതരൂപമായി നിറയുന്ന അരുമക്കുട്ടികൾ. ആ റോളുകൾ കയ്യടി വാങ്ങുന്നതിന്റെ ഹരത്തിലാണ് അക്ഷര കിഷോറും ആഞ്ചലിന ഏബ്രഹാം ജോസും. സിനിമയിൽ തുടക്കക്കാരല്ല ഇരുവരും. ‘മത്തായി കുഴപ്പക്കാരനല്ല’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഇരുവർക്കും പക്ഷേ, ആടുപുലിയാട്ടത്തിന്റെ മുഴുനീള റോളുകളിലൂടെ അഭിനന്ദനപ്രവാഹമാണ്. പ്രേതമായ ആമിയായിട്ടാണ് അക്ഷരയെങ്കിൽ പ്രേതാത്മാവ് ആവേശിക്കുന്ന മല്ലിയെന്ന തമിഴ് ബാലികയാണ് ആഞ്ചലിന.

ജയറാമിന്റേയും ഷീലുവിന്റേയും മകളായ ആമിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ അനുഭവങ്ങൾ അക്ഷര ഇപ്പോഴും ആവേശത്തോടെ ഓർത്തെടുക്കുന്നു. ‘കണ്ണനങ്കിൾ ഒക്കെ പറഞ്ഞു തന്നു. ഞാൻ അതുപോലെ നടന്നു. കരയാൻ പറഞ്ഞപ്പോ കരഞ്ഞു. മാജിക്കും പഠിപ്പിച്ചു തന്നു. തെറ്റിക്കാതെ എല്ലാം ചെയ്തപ്പോൾ ജയറാമങ്കിളൊക്കെ എടുത്തുമ്മയൊക്കെ തന്നു. സിനിമ കണ്ടവർക്കു ഞാൻ എങ്ങനെയാണു സാഹസങ്ങൾ കാണിക്കുന്നതെന്നാണറിയേണ്ടത്. ചില കൂട്ടുകാർക്ക് ഇപ്പോഴും അടുത്തു വരാൻ പേടിയാ. ഞാൻ പ്രേതമാണെന്നാ അവരിപ്പോഴും കരുതുന്നത്'

കനൽ, ദേവയാനം, ഹലോ നമസ്തേ, വേട്ട എന്നീ സിനിമകളിലും അഭിനയിച്ച അക്ഷര ഇനി മമ്മൂട്ടിക്കൊപ്പം തോപ്പിൽ ജോപ്പനിൽ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ്. ടിവി സീരിയലിലൂടെ കുടുംബപ്രേക്ഷകരുടേയും പ്രിയതാരമായി. ഇന്റീരിയർ ഡിസൈനറായ കിഷോർ കുമാറിന്റെയും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ ഹേമപ്രഭയുടെയും ഇളയ മകളാണു മൂന്നാം ക്ലാസുകാരിയായ അക്ഷര.
കലാപാരമ്പര്യമുള്ള വീട്ടിൽ നിന്നാണ് ആഞ്ചലിനയും അഭിനയ രംഗത്തെത്തുന്നത്. അച്ഛൻ മർച്ചന്റ് നേവിയിൽ ക്യാപ്റ്റനായ ഏബ്രഹാം ജോസിന്റെ അമ്മ ബേബി ജോസ് വർഷങ്ങളോളം നാടക അഭിനയ രംഗത്തു സജീവമായിരുന്നു. മോഡലും നടിയുമായ സിനി ഏബ്രഹാമാണ് അമ്മ.

‘രണ്ടാമത്തെ സിനിമയാണിത്. കണ്ടവരെല്ലാം വളരെ നന്നായിട്ടുണ്ടെന്നു പറഞ്ഞു. സിനിമയിൽ വിശന്നുതളർന്നു ഞാൻ മരിക്കുന്നതു കണ്ടപ്പോൾ കൂട്ടുകാർക്കൊക്കെ വല്യ സങ്കടമായി. തമിഴൊക്കെ എങ്ങനെ പഠിച്ചുവെന്നാണു ചിലർക്കറിയേണ്ടത്-ആഞ്ചലിന പറയുന്നു. 'ഇലോന' എന്ന ഹിന്ദി ചിത്രത്തിന്റെ ഒരു ഷെഡ്യൂളിലും ഈ ബാലതാരം അഭിനയിച്ചു കഴിഞ്ഞു. പയ്യന്നൂർ ചിൻമയ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

∙ സംവിധായകൻ കണ്ണൻ താമരക്കുളം പറയുന്നു:
'രണ്ടു കുട്ടികളുടേയും ദ്വന്ദ വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ്. നല്ല മിടുക്കുള്ള കുട്ടികൾക്കു മാത്രമേ ആ റോളുകൾ ചെയ്യാനാവൂ. അല്ലെങ്കിൽ ഷൂട്ടിങ്ങിനെ തന്നെ പ്രതികൂലമായി ബാധിക്കുമായിരുന്നു. ഓംപൂരിക്കും ജയറാമിനും രമ്യാകൃഷ്ണനുമൊപ്പമുള്ള കോംപിനേഷൻ സീനുകളും ഒട്ടേറെയുണ്ട്. പലരെയും പരീക്ഷിച്ചു. ഒന്നും തൃപ്തികരമായിരുന്നില്ല. ചിത്രീകരണം തുടങ്ങിയ ശേഷമാണ് അക്ഷരയെയും ആഞ്ചലിനയെയും തിരഞ്ഞെടുത്തത്. ഇരുവരും റോളുകൾ ഗംഭീരമാക്കുകയും ചെയ്തു’ 

Your Rating: