Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടികളുടെ മനസ്സ് അത്ര കോംപ്ളിക്കേറ്റഡ് ബ്രോ !

anandam-girls

ഒരു സിനിമ ഒരു സംവിധായകന്റെ മനസ്സു കൂടിയാണ്. അയാളുടെ രാഷ്ട്രീയവും കാഴ്ചപ്പാടും ഫിലോസഫിയുമൊക്കെയാണു സിനിമയിലൂടെ പ്രതിഫലിക്കുന്നത്. ഒരുപാട് പോസ്റ്റീവ് എനര്‍ജിയുള്ള ഒരുപറ്റം ചെറുപ്പക്കാരുടെ സാക്ഷാത്കാരമാണ് ആനന്ദമെന്നു അതു കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകര്‍ക്കും ബോധ്യപ്പെടുമെന്നു തീര്‍ച്ച. കാഴ്ചകളിലൂടെ തന്റെ കാഴ്ചപ്പാടുകളും കുഞ്ഞു കുഞ്ഞു സംഭാഷണങ്ങളിലൂടെ തന്റെ ഫിലോസഫിയും പറഞ്ഞുവയ്ക്കുന്നു സംവിധായകന്‍. ഇന്ന് വിപണിയില്‍ ലഭിക്കുന്ന ഒരു സെലിബ്രെറ്റഡ് എഴുത്തുകാരന്റെ ബെസ്റ്റ് സെല്ലറായ ഒരു മൊറ്റീവേഷന്‍ ബുക്കിനേക്കാള്‍ നിങ്ങളെ പ്രചോദിപ്പിക്കാന്‍ കഴിയും ഈ സിനിമക്ക്. 

aanandham-team

സിനിമയലൂടെനീളം പുലര്‍ത്തുന്ന ലാളിത്യം തന്നെയാണ് ആനന്ദത്തിന്റെ ഹൈലൈറ്റ്. ഫിലോസഫിയും ഉപദേശവും കേട്ടു മടുത്തു, ഒന്നു റിലാക്‌സ് ചെയ്യാന്‍ വേണ്ടിയാ സിനിമയ്ക്കു പോകുന്നത് അവിടെയും ഫിലോസഫിയോ എന്ന് കരുതി പകച്ചു നില്‍ക്കേണ്ടാ...കാരണം ഇവിടെ സംവിധായകന്‍ മൈക്ക് എടുത്തു ഫിലോസഫി പ്രസംഗിക്കുന്നില്ല, മറിച്ച് എനിക്കും നിങ്ങള്‍ക്കുമൊക്കെ പരിചിതമായ ജീവിത സന്ദര്‍ഭങ്ങളിലൂടെ അത് പറയാതെ പറയുന്നു. ആനന്ദം കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ ഉടക്കിയ ചില കുഞ്ഞു ഫിലോസഫികള്‍ ഇവിടെ പങ്കുവെക്കുന്നു...

ഒന്നു സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു ബ്രോ !

''എല്ലാവരും പറയുന്നതുപോലെ അത്ര 'complicated' ഒന്നുമല്ല ഈ പെണ്‍കുട്ടികളുടെ മനസ്. മനസ്സില്‍ തൊട്ട് ഒരു സോറി പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഉള്ളു.'' സിനിമയില്‍ ചേട്ടന്‍ അനിയനു കൊടുക്കുന്ന ഒരു ഉപദേശമാണിത്. 

പരസ്പരം നമ്മള്‍ വെച്ചുപുലര്‍ത്തുന്ന കൊച്ചു കൊച്ചു വാശികളും ഈഗോയുമൊക്കെ കാരണമാണ് നമ്മുടെ സൗഹൃദത്തിലും പ്രണയത്തിലുമൊക്കെ പലപ്പോഴും വിള്ളലുകള്‍ ഉണ്ടാകുന്നത്. ഒന്നു സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളു. അതിനു പകരം പരസ്പരം മിണ്ടാതെ വിദ്വേഷം നിറച്ചു നടക്കുമ്പോള്‍ നമ്മള്‍ നഷ്ടപ്പെടുത്തുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. ഒന്നു സോറി പറഞ്ഞെന്നോ തലകുനിച്ചെന്നോ വിചാരിച്ചു നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ആത്മസുഹൃത്തിനോടോ പ്രണയിനിയോടോ ഒരു സോറി പറഞ്ഞതുകൊണ്ട് നമ്മുടെ ആത്മാഭിമാനം ഒന്നും ഇടിഞ്ഞു പോവില്ല ബ്രോ.

ബീ യുവര്‍സെല്‍ഫ് മാന്‍....

''നല്ലപോലെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസിന്റെ ടയര്‍ കുത്തിപൊട്ടിച്ചു പഞ്ചറാക്കണോ''.. എന്നാണ് ഗൗതത്തിന്റെ സംശയം അതിനുള്ള വരുണിന്റെ മറുപടി ഇങ്ങനെ 
''ഇപ്പോഴാണെങ്കില്‍ ടയര്‍ മാത്രം മാറ്റിയാല്‍ മതി, വൈകിയാല്‍ ചിലപ്പോള്‍ വണ്ടി തന്നെ മാറ്റേണ്ടി വരും.''  

ഫ്രണ്ട്‌സിനെയും ഗേള്‍ ഫ്രണ്ടിനെയുമൊക്കെ ഇംപ്രസ് ചെയ്യാന്‍ വേണ്ടി സ്വയം മാറുന്നവരാണോ നിങ്ങള്‍. സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചു മറ്റാരൊക്കൊയോ ആണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്ക് റിയലാകാനുള്ള സമയമായി. നിങ്ങള്‍ നിങ്ങളായി തന്നെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്.

അതിനാണ് എപ്പോഴും സൗന്ദര്യവും. മറ്റുള്ളവരെ ആകര്‍ക്ഷിക്കാന്‍ വേണ്ടി നമ്മള്‍ സ്വയം സൃഷ്ടിച്ചെടുക്കുന്ന ഇമേജുകള്‍ക്ക് ആയുസ്സ് നന്നേ കുറവാണ്. ചിലപ്പോള്‍ അതൊരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോകും. സ്വയം അറിയുപ്പോഴും പരസ്പരം പങ്കുവെക്കുപ്പോഴും രഹസ്യങ്ങളില്ലാത്ത ഒരു തുറന്ന പുസ്തകമായി ഇരിക്കുമ്പോഴുമാണ് ബന്ധങ്ങളും കൂടുതല്‍ ദൃഢമാകുന്നതും ഊഷ്മളമാകുന്നതും. വൈകിയീട്ടില്ല ഇപ്പോഴാണെങ്കില്‍ ടയര്‍ മാറ്റിയാല്‍ മതി അല്ലെങ്കില്‍ വണ്ടി തന്നെ കൈവിട്ടു പോകും ബ്രോ. 

anandham-5

ഉത്തരവാദിത്വങ്ങള്‍ക്കൊപ്പം ആസ്വദിക്കാനുമുള്ളതാണ് ജീവിതം

ജോസേട്ടനു വരുണിനോട് പറയാനുള്ളത് ഇതാണ്. ഉത്തരവാദിത്വങ്ങളൊക്കെ കഴിഞ്ഞു ജീവിതം ആസ്വദിക്കാം എന്നു കരുതിയാല്‍ അതിനെ നേരം ഉണ്ടാകു. അപ്പോഴേക്കും കാലം കടന്നു പോകും. ഉത്തരവാദിത്വം ബോധം നല്ലതു തന്നെ പക്ഷേ അതിനിടയില്‍ ജീവിതം ആസ്വദിക്കാന്‍ മറന്നു പോകരുത്. എല്ലാ കഴിഞ്ഞ് ജീവിക്കാമെന്നു കരുതിയില്‍ അപ്പോഴേക്കും നര കേറി മൂക്കില്‍ പല്ലു വന്നിട്ടുണ്ടാകും. ഓരോ നിമിഷങ്ങളും ആസ്വദിക്കാനുള്ളതാണ്, കടന്നു പോയ സുവര്‍ണ നിമിഷങ്ങള്‍ തിരിച്ചു വരില്ല, ജീവിതത്തില്‍ റീ ടേക്കുകളില്ലല്ലോ...

പ്രകാശം പരത്തുന്ന പെണ്‍കുട്ടി...

ചിത്രത്തിലെ നായിക ദിയയുടെ നിഷ്‌കളങ്കതയും കിറുക്കും നിറഞ്ഞ ചില നീരിക്ഷണങ്ങള്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹത്തിനു നേരേയുള്ള ചോദ്യശരങ്ങളാകുന്നു. ദിയ സുഹൃത്തിനോട് ചോദിക്കുന്നു...

anandham-8

''നീ ലാസ്റ്റ് ഒരു സണ്‍ റൈസ് കണ്ടിട്ട് എത്രയായി
സൂര്യന്‍ എല്ലാ ദിവസവും ഉദിക്കുന്നുമുണ്ട്, അസ്തമിക്കുന്നുമുണ്ട്. പക്ഷേ നമ്മുക്കാര്‍ക്കും ഒരു മൈന്‍ഡ് ഇല്ല. വല്ലപ്പോഴുമൊക്കെ മനുഷ്യര്‍ ഈ ഉദയവും അസ്തമനവുമൊക്കെ കണ്ടിരുന്നെങ്കില്‍ തന്നെ നമ്മുടെ നാട്ടിലെ പകുതി പ്രശ്‌നങ്ങളും തീരുമായിരുന്നു.'' 

പിന്നീടൊരിക്കല്‍ അവള്‍ പത്രം വായിക്കുന്നത് കാണുന്ന സുഹൃത്ത്
''നീ പത്രമൊക്കെ വായിക്കുമോ?''
ദിയ: ''ഉം, സ്‌പോര്‍ട്‌സ് പേജ് മാത്രം''
സുഹൃത്ത്: ''അതെന്താ''? 
ദിയ: ''ഒന്നാം പേജില്‍ വെട്ടും കുത്തും തട്ടിപ്പും മാത്രമല്ലേയുള്ളു
സ്‌പോര്‍ട്‌സ് പേജിലാകുമ്പോള്‍ ഇന്ത്യ ജയിച്ചു, മെസി തിരിച്ചു വരുന്നു അങ്ങനെ നല്ല നല്ല വാര്‍ത്തകളുണ്ടല്ലോ''
മറ്റൊരിക്കല്‍ ഇരുട്ടിനെ ഭയമാണെന്നു പറയുന്ന ദിയയോട് സുഹൃത്ത് പറയുന്നു 
''നാം കാണാത്ത ഒന്നിനെക്കുറിച്ചു ഓര്‍ത്ത് പേടിക്കേണ്ട കാര്യമില്ല മറിച്ച് നമുക്ക് കാണാവുന്ന നല്ല കാഴ്ചകളിലേക്ക് കണ്ണ് തുറക്കാ''മെന്ന്

അതേ നമുക്ക് ചുറ്റുമുള്ള പോസ്റ്റീവായ പല കാഴ്ചകളും നമ്മള്‍ കാണാതെ പോകുന്നു, കണ്ടില്ലെന്നു നടിക്കുന്നു. പകരം നെഗറ്റീവായ കാഴ്ചകളിലേക്ക് കണ്ണുകളും നെഗറ്റീവായ കേള്‍വികളിലേക്ക് കാത്തും കൂര്‍പ്പിക്കുന്നു. നമ്മള്‍ ഓരോരുത്തരുടെയും സന്തോഷവും സമാധനവുമെല്ലാം നമുക്ക് ചുറ്റും തന്നെയുണ്ട്. അതിനെ കണ്ടെത്തണം എന്നു മാത്രം. 

ആനന്ദം വെറുമൊരു ക്യാംപസ്, യൂത്ത് മ്യൂവി മാത്രമല്ല ഒരുപാട് ജീവിതദര്‍ശനങ്ങള്‍ പങ്കുവെക്കുകയും ബന്ധങ്ങളുടെ ആഴം അനുഭവിച്ചറിയിക്കുകയും ചെയ്യുന്ന ഒരു കൊച്ചു വലിയ ചിത്രം. ഇത് എല്ലാ പ്രായക്കാര്‍ക്കുമുള്ള സിനിമയാണ്. പ്രത്യേകിച്ചും സൗഹൃദങ്ങളും പ്രണയവും മനസ്സില്‍ തലോലിക്കുന്ന എല്ലാ മനുഷ്യന്‍മാര്‍ക്കും.