Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുമയുടെ സ്റ്റഡി ടൂർ

aanandam99

വിനീത് ശ്രീനിവാസന്റെ ശിഷ്യൻമാരിൽ സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്യുന്ന മൂന്നാമത്തെയാളാണു ഗണേഷ്. ആദ്യം ജൂഡ് ആന്റണി പിന്നെ ബേസിൽ ജോസഫ്. ഇപ്പോഴിതാ ആനന്ദത്തിലൂടെ ഗണേഷും. മൂന്നാമത്തെ ശിഷ്യന്റെ സിനിമ വിനീത് തന്നെ നിർമാണം ഏറ്റെടുത്തു. വിനീതിന്റെ ആദ്യ പ്രെ‌ാഡക്‌ഷൻ. തട്ടത്തിൻ മറയത്തിന്റെ പ്രീ പ്രൊഡക്‌ഷൻ ജോലികൾക്കിടെ തലശേരിയിൽ വച്ചാണു മനസ്സിലുള്ളൊരു കഥ പറയാൻ വിനീത് ഗണേഷിനോടു പറയുന്നത്. ഗണേഷ് കോളജിൽ നിന്നു പഠിച്ചിറങ്ങിയ സമയം. പറഞ്ഞതൊരു ക്യാംപസ് കഥ.

aanandham-team

ക്യാംപസ് ജീവിതത്തിലെ ഏറ്റവും നല്ല സ്മരണ ക്യാംപസ് ടൂറാണെന്ന തന്റെ വിലയിരുത്തലിലാണു ഗണേഷ് കഥ പറഞ്ഞത്. പല സിനിമകളിലും ക്യാംപസിൽ നിന്നുള്ള യാത്രകൾ മിന്നിമറഞ്ഞു പോയിട്ടുണ്ടെങ്കിലും അതൊരു സിനിമയുടെ മുഴുനീള കഥയായി പരിണമിച്ചിട്ടില്ല. കഥയിഷ്ടപ്പെട്ട വിനീത് ഈ ചിത്രം താൻ തന്നെ നിർമിക്കുമെന്നു പറ‍ഞ്ഞു കൈ കൊടുത്തപ്പോൾ ഗണേഷ് ശരിക്കും ഞെട്ടി.

ഓഫ്‌ലൈനിൽ താരവേട്ട

മലർവാടിപോലൊരു പുതുമുഖ ചിത്രമാണു വിനീതും ഗണേഷും പ്ലാൻ ചെയ്തത്. എല്ലാവരും പുതുമുഖ താരങ്ങളെത്തേടി ഓൺലൈനിൽ പരതുമ്പോൾ കാര്യങ്ങൾ ഓഫ്‌ലൈനായി ചെയ്യാൻ ഇരുവരും തീരുമാനിച്ചു.

anandam-2

‘കോളജിൽ നമ്മൾ ചേരുമ്പോൾ നമ്മുടെയെല്ലാം മുഖത്തൊരു നിഷ്കളങ്കതയുണ്ട്. ഒരു രണ്ടു വർഷം കഴിയുമ്പോൾ അതു പയ്യെ ഒരു മെച്വരിറ്റി ലുക്കായി മാറും. ഇതിനിടയിലൊരു മുഖമുണ്ട്. അതുള്ള പയ്യൻമാരെ കണ്ടെത്താൻ ക്യാംപസിൽ തന്നെ പോകണം’ – ഇതായിരുന്നു വിനീതിന്റെ നിർദേശം.

അതോടെ കാസ്റ്റിങ് കോൾ എന്ന പരിപാടി വേണ്ടെന്നു വച്ചു. ക്യാംപസ് താരങ്ങളെത്തേടി കോളജുകളിലേക്കു പോവുക. നഗരപശ്ചാത്തലത്തിലുള്ള കഥയായതുകൊണ്ടു ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കോളജുകളിൽ നേരിട്ടു പോയി ഒഡീഷൻ നടത്തി. 495 പേർ പങ്കെടുത്ത ഒഡീഷനിൽ നിന്നു തോമസ് മാത്യു, റോഷൻ മാത്യു, വിശാൽ നായർ, അരുൺ എന്നീ നായകൻമാരെ കണ്ടെത്തി. സിദ്ധിമഹാജൻ, അന്നു ആന്റണി, അനാർക്കലി എന്നീ നായികമാരെയും. പ്രധാന കഥാപാത്രങ്ങളിൽ മാത്രമൊതുങ്ങിയില്ല ഈ അന്വേഷണം. ഗായകൻ സച്ചിൻ വാരിയരാണ് ഈ ചിത്രത്തിന്റെ സംഗീതം.

anandam-3

തട്ടത്തിൻ മറയത്തിലെ ‘മുത്തുച്ചിപ്പിപോലൊരു’ എന്ന പാട്ടു പാടി അരങ്ങേറിയ സച്ചിന്റെ ആദ്യ സംഗീതസംവിധാനം. ബോളിവുഡിലെ വമ്പൻ ആർട് ഡയറക്ടർമാരുടെ അസിസ്റ്റന്റുമാർക്കിടയിൽ നിന്നു ടിനോശങ്കർ എന്ന കലാസംവിധായകനെ കണ്ടെത്തിയതു ഫെയ്സ് ബുക്കിൽ‍ നിന്നാണ്. വെട്രിമാരന്റെ വിസാരണെയിൽ സൗണ്ട് അസിസ്റ്റന്റായിരുന്ന രാജ്കുമാറിനെ സൗണ്ട് ഏൽപ്പിച്ചു. ക്യാംപസിൽ നിന്നെത്തി പ്രേമം സിനിമയുടെ ക്യാമറ ചെയ്ത ആനന്ദ് സി.ചന്ദ്രനാണു ക്യാമറ. ആകെ യൗവനം പൂത്തുലയുന്ന സിനിമ.

പേരിടീൽ

സിനിമയ്ക്കു പേരിടാൻ മിടുക്കനാണു വിനീത്. ജേക്കബിന്റെ സ്വർഗരാജ്യവും തട്ടത്തിൻ‍ മറയത്തും റിലീസിനു മുൻപെ ഹിറ്റായ പേരുകളായിരുന്നുവല്ലോ. പേരിടലിൽ വിനീതിന്റെ മാതൃക പ്രിയദർശനാണ്. ‘ചെറിയ പേരുകൾ. മനസ്സിൽ തങ്ങിനിൽക്കുന്ന പേരുകൾ... സിനിമയുമായി ചേർന്നു നിൽക്കുന്ന പേരുകൾ. അതിൽ പ്രിയനങ്കിളിന്റെ മിടുക്കു മറ്റാർക്കുമില്ല. കിലുക്കവും ചിത്രവുമെല്ലാം എത്ര സിംപിളാണ്. എത്ര ബ്യൂട്ടിഫുളാണ്. ആ പാറ്റേണിലാണ് ആനന്ദം എന്നു പേരിട്ടത്’ – വിനീത് പറഞ്ഞു.

vineth

ടൂറിങ് ടാക്കീസ്

അഭിനേതാക്കളെ നേരിട്ടു കണ്ടെത്തിയ സിനിമ മാർക്കറ്റിങ്ങിനു ഡിജിറ്റിൽ മാധ്യമത്തെ അത്ര കണ്ട് ഉപയോഗിച്ചില്ല. പകരം പോസ്റ്റ് പ്രെ‌ാഡക്‌ഷൻ ജോലികൾ കഴിഞ്ഞപ്പോൾ ഒരു മിനി ബസെടുത്തു. ഏഴു പുതുമുഖ അഭിനേതാക്കളും അണിയറ പ്രവർത്തകരും നേരെ ക്യാംപസുകളിലേക്കു പോയി. വണ്ടിയിൽ കൊണ്ടുപോയ വലിയ സ്ക്രീൻ ക്യാംപസിന്റെ മുറ്റത്തു സ്ഥാപിച്ചു. അതിൽ ട്രെയ്‌ലറും പാട്ടുമിട്ടു. അഭിനേതാക്കൾ നൃത്തം ചെയ്തു. സംവിധായകൻ കഥ പറഞ്ഞു. ക്യാംപസുകൾ ഇളകി മറിഞ്ഞു. സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് ഇരുപതോളം ക്യാംപസുകളിൽ ആനന്ദം ടീം നേരിട്ടു പോയി. ഒരു ക്യാംപസിൽ ആയിരം മുതൽ രണ്ടായിരം വരെ കുട്ടികൾ. പുതിയ സിനിമയായ ‘എബി’ യുടെ ചിത്രീകരണത്തിനിടയിൽ നിന്നു വിനീതും സമയംപോലെ ഒപ്പം പോയി. ആദ്യത്തെ രണ്ടു കോളജുകളിൽ മാത്രമാണു പെർമിഷൻ ചോദിച്ചു പോയത്. ബാക്കി കോളജുകളിൽ നിന്നെല്ലാം ക്ഷണം വന്നു. ഇപ്പോൾ നിന്നു തിരിയാൻ സമയമില്ലാതായി. ഇരുപതു ക്യാംപസുകളിലെ പര്യടനം പൂർത്തിയാക്കിയതു കഴിഞ്ഞ ദിവസം. ഇനി ടൂർ സിനിമയുടെ റിലീസിനു ശേഷം.