Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനന്ദം, ദേവികയുടെയും ഗൗതമിന്റെയും കൈയ്യിലെ ആ ടാറ്റൂ പോലെ...

aanadam-movie

Where you are is where i want to be...ചില യാത്രകളെങ്കിലും നമ്മൾ പോകുന്നത് ആ സ്ഥലത്തിന്റെ ഭംഗി കൊണ്ടായിരിക്കില്ല, മറിച്ച് തോളോടു തോൾ ചേരാൻ, നെഞ്ചോടു ചേർക്കാൻ ഒരാൾ ഒപ്പമുണ്ട് എന്നൊരൊറ്റ കാരണം കൊണ്ടു മാത്രമായിരിക്കും. അതുപോലൊരു യാത്രയാണ് ‘അനന്ദം’. നീയെവിടെയാണോ, അവിടെത്തന്നെ ഞാൻ എന്നെയും കണ്ടെത്തുമെന്നു ചിന്തിപ്പിക്കുന്ന സിനിമ. ഒരു വെളുത്ത ബസ്, അതിൽ കുറേ കൂട്ടുകാർ, വടിയെടുത്തില്ലെങ്കിലും വാക്കെടുത്ത് പേടിപ്പിക്കാൻ ഒരു മാഷും ടീച്ചറും, പിന്നെ വഴിനയിക്കാൻ ജോസേട്ടനും. വിരൽ മടക്കി എണ്ണിത്തുടങ്ങും മുൻപേ തീർന്നു പോകുമെന്നു തോന്നിപ്പിക്കും വിധം നാലു ദിവസമേയുള്ളൂ ആ യാത്രയ്ക്ക്. അതിനാൽത്തന്നെ അതിന്റെ ഓരോ നിമിഷവും ആഘോഷമാക്കി മാറ്റുന്നുണ്ടവർ. 

പല തരക്കാരുണ്ട് കൂട്ടത്തിൽ. പ്രണയിക്കുന്നവർ, പ്രണയിക്കാനും അക്കാര്യം തുറന്നുപറയാനും ആഗ്രഹിക്കുന്നവർ, പ്രണയമേ ഇല്ലാതായവർ, അങ്ങനെയങ്ങനെ...ആകെ മൊത്തം പ്രണയമയമെന്നു വേണമെങ്കിൽ പറയാം. ജീവിതത്തിൽ തങ്ങൾക്കു ചേര്‍ന്ന പ്രണയം കണ്ടെത്തുന്നവർക്ക് പിന്നെ ആനന്ദിക്കാൻ വേറൊന്നും ആവശ്യമില്ലേ? 

ആ ചോദ്യം സംവിധായകൻ ഗണേഷ് രാജും സ്വയം ചോദിച്ചിട്ടുണ്ടാകണം. അതുകൊണ്ടുതന്നെയാണ് ‘ആനന്ദത്ത’ പ്രണയത്തിൽ കുളിപ്പിച്ചെടുക്കാതിരുന്നതും. സൗഹൃദം, സ്നേഹം, പ്രണയം എന്നൊക്കെ ഏതു പേരിട്ടു വിളിച്ചാലും മനസ്സിനോടു മനസ്സു ചേരുന്ന ആ അവസ്ഥകൾ അദ്ദേഹം വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. അതിന് കൂട്ടായ് ചേരുന്ന ആനന്ദ് സി.ചന്ദ്രന്റെ ഫ്രെയിമുകളും സച്ചിൻ വാര്യരുടെ സംഗീതവും.

അമേരിക്കൻ കാർട്ടൂണിസ്റ്റ് ചാൾസ് എം.ഷൂൾസിന്റെ വാക്കുകളുണ്ട് യാത്രയെപ്പറ്റി-‘എങ്ങോട്ടു പോകുന്നുവെന്നതിലല്ല, ആർക്കൊപ്പം പോകുന്നുവെന്നതിലാണു കാര്യം’ എന്ന്. ആനന്ദത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഇതു തന്നെയാണ്. ഇൻഡസ്ട്രിയൽ വിസിറ്റ് അഥവാ ഐവിയെന്ന ഓമനപ്പേരിൽ കൂട്ടുകാരുടേത് മാത്രമായൊരു ലോകത്തിലേക്കുള്ള യാത്ര. അതിൽ പലരും പല സംഘങ്ങളായിട്ടാണ്. എന്നാലും എല്ലാവരെയും ഒന്നിച്ചു നിർത്താൻ വരുണുണ്ട്. 

പാർക്കിൽ കൂട്ടം കൂടിയിരുന്ന് കളിതമാശ പറയുന്ന കൂട്ടുകാരെ നോക്കി, മാറിയിരിക്കുന്നൊരാൾ. അതിന് തന്റേതായ കാരണവുമുണ്ട് വരുണിന്. പിന്നൊരാൾ ദിയ. ആരും ഇഷ്ടപ്പെട്ടു പോകുന്ന, അക്ഷയിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു ‘ഇംപെർഫെക്‌ഷനിസ്റ്റ്’ പെൺകുട്ടി. അക്ഷയ് ആകട്ടെ ആകാശത്തെയും ആഴങ്ങളെയുമെല്ലാം പേടിയുള്ള ഒരു പാവം പയ്യൻസ്. ഇവർക്കൊപ്പം ഗൗതവും ദേവികയും! 

ഓരോരുത്തർക്കും അവരവരുടേതായ ആഗ്രഹങ്ങളുണ്ട്. പക്ഷേ അതിന്നുമപ്പുറത്ത് അവർ സ്വപ്നം കാണുന്ന ഒരു ജീവിതവുമുണ്ട്. ‘എന്റെ ജീവിതം ഇങ്ങനെയല്ലായിരുന്നെങ്കിൽ’ എന്നാഗ്രഹിക്കുന്നവരാണ് അവരിലേറെയും. പക്ഷേ സ്വപ്നത്തിലോട്ടങ്ങ് അടുക്കാനാകുന്നില്ല. ഒന്നുകിൽ അകാരണമായ ഭയം, അല്ലെങ്കിൽ എല്ലാറ്റിൽ നിന്നും തടഞ്ഞ് പുറകോട്ട് ആരോ പിടിച്ചു വലിക്കുന്നതു പോലെ. ഇങ്ങനെ കൗമാരത്തിന്റെ കൺഫ്യൂഷൻ തുരുത്തുകളിലാണവരെല്ലാം. ‘എന്റെ ചേട്ടൻ പഠിക്കുമ്പോൾ കക്ഷിയ്ക്ക് അടുത്ത 10 കൊല്ലം തന്റെ ജീവിതത്തിൽ എന്തെല്ലാമാണു സംഭവിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ പോലും കൃത്യമായ ധാരണയുണ്ടായിരുന്നു’ എന്ന് അക്ഷയ്ക്ക് പറയേണ്ടി വന്നതും അതുകൊണ്ടാണ്. 

പക്ഷേ അത്തരം ചില കൺഫ്യൂഷനുകളില്ലെങ്കിൽ, എല്ലാറ്റിനും നമുക്കു മുന്നിൽ ഉത്തരമുണ്ടെങ്കിൽ പിന്നെ ജീവിക്കുന്നതു കൊണ്ട് എന്താണർഥം? കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള അലച്ചിലുകളിലല്ലേ, പലപ്പോഴും നാം ജീവിതത്തെ ചേർത്തു കെട്ടുന്നത് തന്നെ. അത്തരമൊരു കഥ പറയാൻ യാത്ര പോലെ മറ്റൊരു ക്യാൻവാസുമുണ്ടാകില്ല. ‘ഓരോ യാത്രയ്ക്കുമൊടുവിലും നാം മടങ്ങി വരുന്നത് ഒരു കഥപറച്ചിലുകാരനായിട്ടാണെന്ന് പറയുന്നത് വെറുതെയാണോ! ഓരോ കാൽവിരൽപ്പാടിനപ്പുറത്തും തികച്ചും അപ്രതീക്ഷിതമായ െന്താക്കെയോ ജീവിതം കരുതി വച്ചിട്ടുണ്ട്. അതിനു മുന്നിൽ പകച്ചു നിന്നാൽ കഥയുമുണ്ടാകില്ല, കഥാപാത്രത്തെയും കാണില്ല. അന്നേരമാണ് ‘ഇല്ല, ഇത് ഞാൻ ചെയ്യും’ എന്ന് അക്ഷയ് നെഞ്ചിടിപ്പോടെയാണെങ്കിലും പറയുന്നത്. 

എല്ലാറ്റിനുമൊടുവിൽ മടങ്ങി വരുന്നത് മറ്റൊരാളായിരിക്കുകയും ചെയ്യും. ഇങ്ങനെ തോന്നുന്നതെന്തും തോന്നിയ പോലെ ചെയ്യുന്നവരാണെന്നു തോന്നിപ്പിക്കുന്നവരുടെ ഉള്ളിലും വേറെ ആരൊക്കെയോ ഒളിച്ചിരിപ്പുണ്ടാകില്ലേ? അവരുടെ പ്രശ്നം മറ്റൊന്നാണ്. മറുപാതിക്ക് എന്തു തോന്നുമെന്നു കരുതി ഒന്നും പറയാതെ മുന്നോട്ടു പോകുന്ന ‘അഡ്ജസ്റ്റ്മെന്റ്’ പ്രണയയം. അവിടെയും പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടു പോകുമോയെന്ന പേടിയാണ് അതിനു കാരണമായി വരുന്നത്. അല്ലാതെ ഇഷ്ടക്കുറവല്ല. പക്ഷേ ജീവിതത്തിൽ ഒരുമിച്ചു പോകേണ്ടവരാണ്. ‘ഏച്ചുകെട്ടി’ എത്രകാലം യാത്ര ചെയ്യാനാകും? അപ്പോഴും ചോദ്യങ്ങൾ ചോദിക്കേണ്ടത് നമ്മോടു തന്നെയാണ്. 

അന്നേരത്തെ ഒറ്റപ്പെടലിൽ, മാറിയിരുന്നു കരയുകയല്ല, ഉത്തരം തരാൻ കഴിയുന്ന പ്രിയപ്പെട്ട കൂട്ടുകാരോട് ചോദിക്കുക തന്നെ വേണം. അതിനാലായിരിക്കണം, ഒരിടത്തേക്ക് ഒപ്പം വരുന്നോയെന്ന് ദേവിക ചോദിക്കുമ്പോൾ അറിയാതെയാണെങ്കിലും ഗൗതം പറഞ്ഞി പോകുന്നത്-‘എനിക്ക് വരുണിനോട് ചോദിക്കണം...’ 

ദേവിക അന്നേരം കുറേ ദേഷ്യപ്പെടുമായിരിക്കും. പക്ഷേ എന്നെന്നും സ്നേഹത്തോടെയിരിക്കാനുള്ള വഴിപറഞ്ഞു തരാൻ വരുണിന് സാധിക്കുമെങ്കിൽ പിന്നെ ദേവികയുടെ ചീത്ത കുറച്ചു കേട്ടാലെന്താ? സിനിമാലോകത്തു പേരുകേട്ട ആ ‘വിനീത്ശ്രീനിവാസൻ സൗഹൃദസംഘ’ത്തിന്റെ ബലം ആവോളം അനുഭവിക്കുന്ന ഒരു സംവിധായകൻ പിന്നെ ഇങ്ങനെയൊക്കെ ചിന്തിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.  സൗഹൃദങ്ങളിൽ പൂർണത തേടുന്ന ചിത്രമാകുകയാണ് ആനന്ദം. അതിലേക്കുള്ള യാത്രയിൽ ഇൻഡസ്ട്രിയൽ വിസിറ്റൊക്കെ ഒരു വഴികാട്ടിയാകുന്നുവെന്നേയുള്ളൂ. 

ഓന്നോർത്തു നോക്കുമ്പോഴറിയാം. ചില കാഴ്ചകൾ അതിന്റെ ഏറ്റവും ഭംഗിയോടെ നമുക്ക് കാണാൻ പറ്റുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളോടൊപ്പമിരിക്കുമ്പോഴായിരിക്കും. ചില ഒറ്റജീവിതങ്ങൾ പൂത്തുലയുന്നത് അവരോടൊപ്പം ചേരാൻ, കൈപിടിച്ചു നടക്കാൻ ഒരാൾ കൂടി വന്നു ചേരുമ്പോഴായിരിക്കും. അപ്പോഴേ അതിനെല്ലാം ഒരു പൂർണത വരുന്നുള്ളൂ. ദേവികയുടെയും ഗൗതത്തിന്റെയും കൈയ്യിലെ ആ കപ്പിൾ ടാറ്റൂ പോലെ...

Your Rating: